Web Desk

Kottayam

January 29, 2021, 9:41 pm

കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ആളെ കൂട്ടി തെരുവുനായ

Janayugom Online

കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ആളെ കൂട്ടി തെരുവുനായ. കോട്ടയത്ത് ഐഡ ജംഗ്ഷന് സമീപത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ ആഴ്ചകള്‍ക്ക് മുമ്പാണ് എട്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങള്‍ പ്രദേശത്തെ കെട്ടിടത്തിന്റെ ഗോഡൗണില്‍ കളിക്കുന്നതിനിടയില്‍ ഒരു കുഞ്ഞ് കിണറിന്റെ മൂടിക്കിടയിലൂടെ കിണറ്റിലേക്ക് വീണു. കുഞ്ഞ് കിണറ്റില്‍ വീണെന്ന് മനസിലായ നായ ദയനീയമായി കരഞ്ഞും കുരച്ചും ബഹളം വച്ചു. സമീപത്തെ സ്ഥാപനത്തിലേക്ക് ഓടിയും തിരികെ കിണറിന്റെ അടുത്തെത്തിയും നായ ബഹളം വച്ചതോടെയാണ് ജീവനക്കാര്‍ സംഭവം ശ്രദ്ധിക്കുന്നത്. ജീവനക്കാര്‍ പുറത്തിറങ്ങി നോക്കിയതോടെ തുണിയില്‍ കടിച്ചുവലിച്ചും കാലില്‍ തോണ്ടിയുമൊക്കെ കിണറിനടുത്തേക്ക് ആകര്‍ഷിക്കാനായി ശ്രമം. നായ്ക്കുട്ടി കിണറ്റില്‍ വീണെന്ന് മനസിലായതോടെ കുട്ടയും കയറുമൊക്കെയായി നായ്ക്കുട്ടിയെ രക്ഷപെടുത്താനായി ശ്രമം. ഇതിനിടെ കെട്ടിടത്തിലെ തന്നെ ഏതാനും ജീവനക്കാരും വിവരം അറിഞ്ഞ് മൃഗസ്നേഹികളുടെ സംഘടനയായ കോട്ടയം ആരോയിലെ അംഗം എ ഫാത്തിമയും സ്ഥലത്തെത്തി. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് അംഗം മനോജും എത്തി. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം നായ്ക്കുട്ടിയെ പുറത്തെടുത്തതോടെ ഫാത്തിമയും മനോജും ചേര്‍ന്ന് കോടിമതയിലെ മൃഗാശുപത്രിയിലെത്തിച്ചു. പരിചരണത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ വീണ്ടും അമ്മയുടെ അരികില്‍ എത്തിച്ചു. കുട്ടിയെ തിരികെ ലഭിച്ചുകഴിഞ്ഞപ്പോള്‍ ഫാത്തിമയുടെ കാലില്‍ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന അമ്മ നായയെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിയത്.
ലോക് ഡൗണ്‍ കാലത്ത് ഇതേ ഗോഡൗണില്‍ അകപ്പെട്ട നായയ്ക്ക് അന്ന് ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് രക്ഷകരായത്. ഇവര്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ലോക്ക് അറുത്തുമാറ്റി നായയെ രക്ഷപെടുത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷണം നല്‍കി തുടങ്ങിയതോടെ നായ ഇവിടുത്തെ ജീവനക്കാരുമായി അടുപ്പത്തിലായിരുന്നു.