Wednesday
20 Mar 2019

കൂട്ടം തെറ്റി നാട്ടിലെത്തിയ കുട്ടിയാന നാട്ടുകാരുടെ ഓമനയായി

By: Web Desk | Wednesday 16 May 2018 8:03 PM IST


രാജകുമാരി:

കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കുട്ടിയാന നാട്ടുകാര്‍ക്കും കൗതുക കാഴ്ച്ചയായി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ചിന്നക്കനാല്‍ വെലക്ക് ഭാഗത്തുനിന്നും വന്ന കുട്ടിയാന ചിന്നക്കനാല്‍ ടൗണിലെത്തിയത്. വാഹനങ്ങള്‍ക്കിടയിലൂടെ ഓടിനടന്ന കുട്ടിയാന ആളുകളോടും ഇണക്കം കാട്ടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയാനയെ വനാതിര്‍ത്തിയിലുള്ള സിമന്റ് പാലത്തെ താല്‍ക്കാലിക കൂട്ടിലേക്ക് മാറ്റി. കൂട്ടം തെറ്റിയതാവാന്‍ സാധ്യതയുള്ളതിനാല്‍ തള്ളയാനയും കൂട്ടുകാരും സമീപത്തെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

തള്ളയാനയും സംഘവും നില്‍ക്കുന്ന ഭാഗത്തേക്ക് കുട്ടിയാന മടങ്ങിപോകുമെന്ന പ്രതീക്ഷയില്‍ വനാതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരുടെ കാവലില്‍ താമസിപ്പിച്ചിരിക്കുകയാണിപ്പോള്‍. കുട്ടിയാന ഇന്നലെ രണ്ട് തവണ വനത്തിലേക്ക് പോയെങ്കിലും വേഗത്തില്‍ ഉദ്യോഗസ്ഥരുടെ സമീപത്തേക്ക്
മടങ്ങിയെത്തി. തേക്കടിയില്‍ നിന്നും വനംവകുപ്പ് വെറ്റനറി ഡോക്ടര്‍ അബ്ദുള്‍ സത്താറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയാനയെ പരിശോധിച്ചു. കുട്ടിയാനയ്ക്ക്
ആരോഗ്യ പ്രശനങ്ങളൊന്നുമില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. കുട്ടിയാനയ്ക്ക് പാലും
ഭക്ഷണവും നല്‍കുന്നുണ്ട്.

കാട്ടിലേക്ക് മടങ്ങുന്നില്ലെങ്കില്‍ ഏതെങ്കിലും ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് ഇതിനെ മാറ്റാനാണ് വനംവകുപ്പ് അധികൃതരുടെ തീരുമാനം. ദേവികുളം റേഞ്ച് ഓഫീസര്‍ നിബു കിരണിന്‍റെ നേതൃത്വത്തില്‍ വനപാലകസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related News