പിൻസീറ്റ് ഹെൽമറ്റ്: താക്കീതും മുന്നറിയിപ്പുമായി തുടക്കം! പൊതുജനങ്ങൾ അറിയേണ്ട കാര്യങ്ങൾ

Web Desk
Posted on December 02, 2019, 11:25 am

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിലും ഹെൽമറ്റ് ഇന്നലെ മുതൽ നിർബന്ധമായി. ഹെൽമറ്റ് വേട്ടക്കിടയിലെ ലാത്തിയേറ് പ്രത്യാഘാതം സൃഷ്ടിച്ചിരിക്കെ ആദ്യഘട്ടം ബോധവല്കരണത്തിലും താക്കീതിലുമാണ് പൊലീസ്. അടുത്ത ഘട്ടം മുതൽ പിഴയീടാക്കൽ നടപടിയിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ നടന്ന പരിശോധനയിൽ പിൻ സീറ്റ് ഹെൽമറ്റ് ധരിക്കാത്തവരെ ബോധവൽക്കരിക്കുന്നതിനൊപ്പം ഹെൽമറ്റ് ധരിച്ചെത്തുന്നവരെ അഭിനന്ദിക്കാനും ഉദ്യോഗസ്ഥർ മറന്നില്ല.

പിൻസീറ്റിലും ഹെൽമറ്റില്ലെങ്കിൽ 500 രൂപയാണ് പിഴ. നാലു വയസിന് മുകളിൽ പ്രായമുള്ളവർക്ക് പിൻസീറ്റിലും ഹെൽമറ്റ് നിർബന്ധമാണ്. അതേസമയം, കുട്ടികൾക്കുള്ള ഹെൽമറ്റ് കിട്ടാനില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പിഴയീടാക്കിത്തുടങ്ങിയ ശേഷം നിയമ ലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതിനും ആലോചനയുണ്ട്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പിൻസീറ്റിലെ ഹെൽമെറ്റ് പരിശോധന കർശനമാക്കിയത്. ഹൈക്കോടതിയുടെ അന്ത്യശാസനം ഇല്ലെങ്കിൽ കൂടി പുതിയ മോട്ടോർ വാഹന ഭേദഗതിയോടെ പിൻസീറ്റിലും ഹെൽമറ്റ് നിർബന്ധമായിരുന്നു. നിയമഭേദഗതി പ്രാബല്യത്തിൽ വന്നതോടെ പെട്രോൾ പമ്പുകളടക്കം കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താൻ മാത്രമായിരുന്നു മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹെൽമറ്റ് നിർബന്ധമാക്കാൻ തീരൂമാനിക്കുകയായിരുന്നു.

ദേഹത്ത് തൊടാനും ലാത്തിയെറിയാനും നിൽക്കേണ്ട: ഡിജിപി
തിരുവനന്തപുരം: വാഹന പരിശോധന നടത്തുമ്പോൾ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ലാത്തി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ. വാഹനപരിശോധന ക്യാമറയിൽ ചിത്രീകരിക്കുക കൂടി വേണമെന്നും നിർദ്ദേശമുണ്ട്. കടയ്ക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപി ലോക്‌നാഥ് ബഹ്റ വാഹനപരിശോധന സംബന്ധിച്ചിറക്കിയ പുതുക്കിയ സർക്കുലറിലാണ് ഈ നിർദേശങ്ങൾ.

ഇത്തരം സംഭവങ്ങൾ അവർത്തിച്ചാൽ ജില്ലാ പൊലീസ് മേധാവിയായിരിക്കും ഉത്തരവാദി. എസ് ഐയുടെ നേതൃത്വത്തിൽ നാല് പേരടങ്ങുന്നതാവണം പരിശോധനസംഘം. ഒരാൾ പൂർണമായും വീഡിയോ ചിത്രീകരണത്തിൽ ശ്രദ്ധിക്കണം. വർഷങ്ങളായി ഈ നിർദേശമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞ് ഒഴിവാക്കുന്ന പ്രവണത അംഗീകരിക്കില്ലെന്നും സർക്കുലറിൽ പറയുന്നു.

ഗതാഗതക്കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ നിയമാനുസൃത നടപടിയെടുക്കുകയല്ലാതെ കയർക്കുകയോ അതിര് കവിഞ്ഞ് രോഷപ്രകടനത്തിന് നില്‍ക്കുകയോ പാടില്ല. വാഹനം നിർത്താതെ പോകുന്നവരുടെ നമ്പർ കുറിച്ചെടുത്ത് നോട്ടീസ് അയക്കുകയല്ലാതെ പിന്തുടരേണ്ട. ദേഹപരിശോധന നടത്തരുത്. റോഡിൽ കയറിനിന്ന് കൈ കാണിക്കരുത്. വളവിലും തിരിവിലും ഇടുങ്ങിയ റോഡുകളിലും പരിശോധന പാടില്ല. തിരക്കേറിയ സ്ഥലങ്ങളിൽ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. അനാവശ്യമായി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവർക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുത്സാഹപ്പെടുത്തണമെന്നും നേരത്തേ തന്നെ നിർദേശമുണ്ട്.