അഡ്വ പി സന്തോഷ് കുമാര്‍

April 30, 2020, 4:10 am

വിശ്വമാനവികതയിലേക്ക് വീണ്ടും

Janayugom Online

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നത് കേരളം അഭിമാനപൂർവ്വം സ്വയം പരിചയപ്പെടുത്തുന്ന ഹൃദയഹാരിയായ ഒരു പരസ്യ വാചകമാണ്. തീർച്ചയായും ഈ കൊറോണക്കാലത്ത് ദൈവം എവിടെയെങ്കിലും കഴിയാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ അത് കേരളത്തിൽ ആയിരിക്കും. സങ്കീർണ്ണമായ ഈ പ്രതിസന്ധിഘട്ടത്തിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നാണ് കേരളം എന്നതിൽ സംശയം ഇല്ല. പൊതുജന ആരോഗ്യ സംരക്ഷണത്തിനായി നടത്തിയിട്ടുള്ള സുദീർഘപ്രവർത്തനത്തിന്റെ ഫലമായി ലോകത്തിനു മുഴുവൻ മാതൃകയായി ഈ മഹാമാരിയെ പിടിച്ചു നിർത്താൻ നമുക്ക് സാധിച്ചു. ഈ ആപത്ത്ഘട്ടത്തെ അനുപമമായ മികവോടെ കൈകാര്യം ചെയ്ത ഭരണ‑രാഷ്ട്രീയ നേതൃത്വം സവിശേഷമായ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 2019ന്റെ അവസാന ദിവസങ്ങളിൽ ലോകത്തിലെ വിദൂരമായ ഏതോ ഒരു പ്രദേശത്തെ ബാധിച്ച ‘കേവലം ലഘുവായ ഒരു ആരോഗ്യപ്രശ്നം’ മാത്രമായി മനുഷ്യരാശിയിലെ മഹാഭൂരിപക്ഷവും കണക്കാക്കിയിരുന്ന കോവിഡ് 19, ലോകം മുഴുവൻ വിഴുങ്ങുന്ന ഒരു മഹാദുരന്തമായി അതിവേഗം പരിണമിച്ചു. ലോകത്തിന്റെ ഏതു കോണിൽ നടക്കുന്ന സംഭവവികാസങ്ങളിൽ നിന്നും നമുക്ക് ചിലതെല്ലാം പഠിക്കാനുണ്ടെന്ന് ഇത് ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുന്നു. ഭിന്നതകൾ മറന്ന് കൂടുതൽ യോജിപ്പോടുകൂടി സാർവ്വദേശീയമായി നടക്കുന്ന പ്രവർത്തനങ്ങൾക്ക് മാത്രമേ മനുഷ്യസമൂഹത്തെ മുന്നോട്ടുനയിക്കാനാവൂ എന്നും കോവിഡ് 19ന്റെ സർവ്വവ്യാപനം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

പലപ്പോഴും സാർവ്വദേശീയത ഒരു അധികപ്പറ്റോ, ‘അശ്ലീലതയോ’ ആയി നമ്മുടെ നാട്ടിൽ പലരും കണക്കാക്കിയിരുന്നു എന്നത് ഒരു വസ്തുതയാണ്. പക്ഷെ, ഇന്ന്, ഈ ദശാസന്ധിയിൽ, എല്ലാ സങ്കുചിത താല്പര്യങ്ങൾക്കും ഉപരിയായി വിശ്വമാനവ സാഹോദര്യം എന്നും ഉയർത്തിപിടിക്കാൻ ശ്രമിച്ച നമ്മുടെ മഹത്തായ പാരമ്പര്യം ശരിയാണ് എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. 1947 ജനുവരി 21ന് കൊൽക്കത്ത സർവകലാശാലയിലെ വിദ്യാർത്ഥികൾ ഫ്രഞ്ച് ആധിപത്യത്തിനെതിരെ വിയറ്റ്നാമിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉയർത്തിയ ‘തേരാ നാം മേരാ നാം വിയറ്റ്നാം വിയറ്റ്നാം’ എന്ന മുദ്രാവാക്യം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. തുടർന്ന് അമേരിക്കൻ ആധിപത്യത്തിനും ആക്രമണത്തിനും എതിരെ അതേ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാർട്ടിയും യുവജന വിദ്യാർത്ഥി ഫെഡറേഷനുകളും നിരവധി ഇതര പുരോഗമന പ്രസ്ഥാനങ്ങളും ഏറ്റുപിടിക്കുകയുണ്ടായി. ‘സന്ദേഹിയുടെ സംവാദം’ എന്ന പ്രശസ്തമായ പുസ്തകത്തിൽ ഒ വി വിജയൻ ഇതുമായി ബന്ധപ്പെട്ട ചരിത്ര സന്ദർഭത്തെ ചേതോഹരമായി രേഖപ്പെടുത്തുന്നുണ്ട്. വിയറ്റ്നാം യുദ്ധകാലത്ത്, ദില്ലിയിലെ കൊണാട്ട്പ്ലേസിലെ തെരുവിലൂടെ ‘മേരാ നാം, തേരാ നാം, വിയറ്റ്നാം, വിയറ്റ്നാം’ എന്ന മുദ്രാവാക്യം മുഴക്കി നടന്നുപോകുന്ന ഒരു കൂട്ടം യുവാക്കളുടെ നേർചിത്രം.

“കാവ്യമില്ല ചമൽക്കാരമില്ല. എന്നാൽ ദൈവമേ വന്യവും ആർഷവുമായ ഏതോ ഉപനിഷത് മന്ത്രം! എന്റെ പേരും നിന്റെ പേരും വിയറ്റ്നാം, വിയറ്റ്നാം” എന്നാണ് വിജയൻ അതെക്കുറിച്ച് എഴുതിയത്. ലോകത്തിന്റെ ഏതു തുരുത്തിലായാലും പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെ ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റ് യുവത എന്നും പിന്തുണച്ചിരുന്നു. വർഷങ്ങൾക്കു ശേഷം, അമേരിക്കയുടെ അന്തവും അതിർത്തിയുമില്ലാത്ത ക്രൗര്യം, ക്യൂബയുടെമേൽ ദയാരഹിതമായ ഉപരോധം ഏർപ്പെടുത്തിയപ്പോൾ, ‘ക്യൂബൻ ജനതക്ക് ഒരു പിടി അരി’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ തെരുവുകളിലും വീടുകളിലും കയറിയിറങ്ങി അരി ശേഖരിച്ചു, ക്യൂബയിലേക്ക് അയച്ചു കൊടുത്തുകൊണ്ടാണ് നമ്മൾ സമാനതകൾ ഇല്ലാത്ത അവരുടെ രാഷ്ട്രീയബോധത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത്. അതുപോലെ, നെൽസൻ മണ്ടേലയുടെയും ഓങ് സാൻ സൂചിയുടെയും മോചനത്തിന് വേണ്ടി പ്രതിഷേധപ്രകടനം നടത്താനും വിദ്യാർഥിയുവജന ഫെഡറേഷനുകളെ പ്രേരിപ്പിച്ചത് എല്ലാ അതിരുകൾക്കും ദേശീയതയുടെ സങ്കുചിതത്വത്തിനും അപ്പുറം മനുഷ്യയാതനയുടെ വിഭിന്നരൂപങ്ങളോടുള്ള സ്വാ­ഭാവികമായ തന്മയീഭാവമായിരുന്നു.

സാർവദേശീയബോധത്തിന്റെ ഇത്തരം ഉദാത്തമായ മാനങ്ങൾ ചരിത്രത്തിന്റെ മനോഹാരിതയാണ്. ഇന്ന്, മനുഷ്യരാശി മുഴുവൻ അതിസങ്കീർണ്ണമായ ഒരു മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ, വർത്തമാനകാലം ആഗ്രഹിക്കുന്നത് അധികാരത്തിന്റെയും അതിർത്തിയുടെയും സംസ്കാരത്തിന്റെയും വൈജാത്യങ്ങൾക്ക് അപ്പുറം വിശാലമായ മനുഷ്യസ്നേഹത്തിന്റെ ഭൂമികയിലേക്ക് ഓരോ വ്യക്തിയേയും സമൂഹവും ദേശരാഷ്ട്രവും ഒരുമിച്ചു കടന്നുചെല്ലെണ്ടതിന്റെ ആവശ്യകതയാണ്. അത്തരം കൂട്ടായ പ്രവർത്തനത്തിന് അത്യാവശ്യം വേണ്ടത്, സാമൂഹ്യബോധവും ദീർഘവീക്ഷണവും ആത്മധൈര്യവും അപാരമായ മനുഷ്യസ്നേഹവും ഉള്ള ലോകനേതാക്കൾ ആണ്. പക്ഷെ, നിർഭാഗ്യവശാൽ, കോവിഡ് 19 ലോകമാകെ പടർന്നു പിടിക്കുമ്പോൾ, ഈ നൂറ്റാണ്ട് കണ്ട ഏറ്റവും ഭയാനകമായ ആരോഗ്യപ്രതിസന്ധിക്ക് ഒപ്പം, ഏറ്റവും ദയനീയമായ ‘ലീഡര്‍ഷിപ്പ് ക്രൈസിസ്’ കൂടി അഭിമുഖീകരിക്കേണ്ട അവസ്ഥയാണ് ലോകത്തിന്റേത്. അപൂർവ്വം ചിലർ ഒഴികെ ലോകമെമ്പാടും ഇത് നിലവിലുള്ള രാഷ്ട്രീയ നേതൃത്വം നേരിടുന്ന വലിയൊരു പരീക്ഷണം കൂടിയാണ്.

കാരണം ഒരു പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ഭരണകൂടങ്ങളെയും, ഭരണാധികാരികളെയും ആയിരിക്കും. രാഷ്ട്രീയനേതൃത്വത്തിനു ജനതയുടെ ജീവന്റെയും ആരോഗ്യത്തിന്റെയും സുരക്ഷിതത്വം എന്ന പ്രാഥമികവും നൈതികവുമായ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയാത്തതു കൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെട്ട ഭരണനേതൃത്വം, ജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായ ഉത്തരം നൽകേണ്ടതും അവരുടെ പൊതുനന്മ ഉറപ്പു വരുത്തേണ്ടതുമാണ്. എന്നാൽ അതിശക്തവും കുറ്റമറ്റതെന്നും കരുതിപ്പോന്നിരുന്ന പല രാഷ്ട്രങ്ങളിലെയും നേതൃത്വം ഇന്ന് അനുദിനം വർധിച്ചു വരുന്ന മരണസംഖ്യയെ ചെറുക്കാനാവാതെ പകച്ചുനിൽക്കുന്നതാണ് നാം കാണുന്നത്. ലോകരാഷ്ട്രങ്ങൾക്ക് മുകളിൽ സൈനികശക്തിയുടെ ആധിപത്യം കാണിക്കുന്ന അമേരിക്ക ഭരണപരാജയത്തിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും അപക്വമായ സമീപനങ്ങളുടെയും പൊളിഞ്ഞുവീഴുന്ന പ്രാഥമികആരോഗ്യ സംവിധാനത്തിന്റെയും നേർചിത്രവുമായി നമുക്ക് മുന്നിൽ ഉണ്ട്. ആദ്യം മുതൽ തന്നെ ഈ മഹാമാരിയുടെ ഗൗരവത്തെ വംശീയപരാമര്‍ശങ്ങളിലൂടെയും ലാഘവം നിറഞ്ഞ വാക്കുകളിലൂടെയും ചെറുതാക്കി മാറ്റുകയാണ് ട്രംപ് ചെയ്തത്.

ഇന്ന് അമേരിക്കയിലെ ആശുപതികളിൽ ഓരോ മിനിട്ടിലും മനുഷ്യർ മരിച്ചു വീഴുമ്പോൾ, ഇക്കാലമത്രയും ആഗോളതലത്തിൽ കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കൻ മുതലാളിത്തവികസന ജനാധിപത്യ മാതൃക അടിസ്ഥാനതലത്തിൽ വേരുകളില്ലാത്ത, സാമൂഹ്യനീതിയുടെ തണലുകളില്ലാത്ത, മാനവികബോധത്തിന്റെ തളിരുകൾ കിളിർക്കാത്ത ഉള്ളുപൊള്ളയായ വെറുമൊരു വൻമരം മാത്രമാണെന്ന് ലോകം തിരിച്ചറിയുകയാണ്. അതോടൊപ്പം, ചടുലമായി, യുക്തിബോധത്തോടെയും കൂട്ടായും തീരുമാനങ്ങൾ എടുക്കേണ്ട ഈ മഹാസന്ധിയിൽ, സമ്പൂർണ്ണ പരാജയമായ ഒരു പബ്ലിക് പോളിസി ആണ് ട്രംപ് നയിക്കുന്ന അമേരിക്ക നമ്മെ കാണിച്ചുതരുന്നത്. റഷ്യയും തായ‌്‌വാനും യുഎന്നും നൽകിയ സഹായം സ്വീകരിച്ചപ്പോഴും ലോകാരോഗ്യ സംഘടനക്കുള്ള വിഹിതം വെട്ടികുറച്ചും ചൈനക്കും മറ്റ് രാജ്യങ്ങൾക്കും എതിരെ നിരന്തരം വംശീയ ആരോപണങ്ങൾ ഉന്നയിച്ചും ലോകത്തിലെ ഏറ്റവും ശക്തമാണെന്ന് അഭിമാനിക്കുന്ന ജനാധിപത്യ രാഷ്ട്രത്തിലെ ഭരണാധികാരി നൈതികമൂല്യങ്ങളെയും അന്തർദേശീയ മര്യാദകളെയും കാറ്റിൽ പറത്തി. മരുന്നുകച്ചവടക്കാരുടെ വാണിജ്യതാല്പര്യം സംരക്ഷിക്കാനാണ് ഈ ദുരന്തവേളയിലും ട്രംപ് ശ്രമിക്കുന്നത്. തൊള്ളായിരത്തി അൻപതുകളിൽ ലോകം മുഴുവൻ പോളിയോ ഒരു മഹാവ്യാധി പോലെ പടർന്നപ്പോൾ, അമേരിക്ക മുൻകൈ എടുത്താണ് പോളിയോ വാക്സിൻ പരീക്ഷണം നടത്തിയത്.

ജോനാസ് സാൾക്ക് എന്ന മഹാനായ ശാസ്ത്രഞ്ജൻ ഒടുവിൽ 1955 ൽ പോളിയോരോഗത്തിന് ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചപ്പോൾ, അത് ഒരു വൻകിടകമ്പോള സംരംഭമായി വളർത്താനുള്ള എല്ലാ സാധ്യതയും അവകാശവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ, അദ്ദേഹം അതിനു തുനിഞ്ഞില്ല. പോളിയോ വാക്സിന്റെ പേറ്റന്റ് നിരസിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞ വാചകങ്ങൾ എന്നും പ്രസക്തമാണ്. വാക്സിനുകൾക്ക് സാർവദേശീയമായ മാനങ്ങൾ ആണ് ഉള്ളതെന്നും സൂര്യപ്രകാശം പോലെ പ്രപഞ്ചം മുഴുവൻ അതിന്റെ അവകാശികൾ ആണെന്നും സാൾക്ക് പറഞ്ഞപ്പോൾ അത് തിരുത്താൻ അമേരിക്കൻ ഭരണകൂടവും തുനിഞ്ഞില്ല. എന്നാൽ, ഈയൊരു ഉദാത്തപാരമ്പര്യത്തിന്റെ നിരാസമാണ് ഇന്ന് ട്രംപിലൂടെ നമ്മൾ കാണുന്നത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന തൊഴിലാളികൾ കൂടുതൽ അരികുവൽക്കരിക്കപ്പെട്ടപ്പോൾ, ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു മരണപ്പെട്ടപ്പോൾ, വൻകിട കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകികൊണ്ടു ഭരണനിർവ്വഹണത്തെ വെറും വലതുപക്ഷ അജണ്ട മാത്രമാക്കി മാറ്റുകയായിരുന്നു ട്രംപ്. ദുരന്ത മുതലാളിത്തം അഥവാ ഡിസ്‌ട്രസ് ക്യാപിറ്റലിസം സംരക്ഷിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് നവോമി ക്ളെനും നോം ചോംസ്കിയും എടുത്തു പറയുന്നുണ്ട്.

ചുരുക്കത്തിൽ, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിൽ, അസത്യങ്ങളും പുകമറയും സ്ഥാപിത താല്പര്യങ്ങളും ജനവിരുദ്ധതയും കമ്പോളവും ആണ് നൈതികതക്കും ജനാധിപത്യബോധത്തിനും യുക്തിചിന്തക്കും കാര്യക്ഷമതക്കും പകരം അമേരിക്ക പൊളിറ്റിക്കൽ ലീഡര്‍ഷിപ്പിന് വഴികാട്ടിയത് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും നിരുത്തരവാദപരമായ സമീപനമാണ് വൈറസ് വ്യപനത്തോട് കാണിച്ചത്. ഏറെ വൈകിയാണ് പ്രതിരോധനടപടികൾ സ്വീകരിക്കാൻ ബ്രിട്ടൻ തുടങ്ങിയത്. അതുവരെ, ടെലിവിഷനിലൂടെ, മണ്ടത്തരം നിറഞ്ഞ പരാമർശങ്ങൾ ആവർത്തിച്ചുകൊണ്ടു ജനപ്രിയനായകൻ ആകാനുള്ള ശ്രമത്തിൽ ആയിരുന്നു ജോണ്‍സൻ. ദുരന്തകാലത്ത് പ്രകടിപ്പിക്കേണ്ട നൈതികതയോ, സത്യസന്ധതയോ, നയരൂപീകരണത്തിലെ ചിട്ടകളോ അദ്ദേഹം പിന്തുടർന്നില്ല. അതുകൊണ്ട് തന്നെ, ബ്രിട്ടൻ അതിവേഗം ആരോഗ്യസാമ്പത്തിക ദുരന്തത്തിലേക്ക് എടുത്തെറിയപ്പെട്ടു. ധനകാര്യമന്ത്രിയായ ഋഷി സുനകിന്റെ 350 ബില്ല്യൻ പൗണ്ടിന്റെ സാമ്പത്തികസഹായമാണ് ഒരു പരിധിവരെ ആ രാജ്യത്തെ രക്ഷിച്ചത്. അതേ വഴിയിലാണ് ബ്രസീലിയൻ പ്രസിഡന്റ് ബോൾസനാരോയും സഞ്ചരിച്ചത്. കോവിഡിന്റെ വ്യാപനത്തെ വെറും ഫ്ലൂ ആയും മാധ്യമസൃഷ്ടി ആയും തള്ളിക്കളഞ്ഞുകൊണ്ട് ജനങ്ങളെ അസത്യം നിറഞ്ഞ വാചാടോപത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ബോൾസനാരോ.

പൊതുഭരണവും, ദുരന്തനയവും കാര്യക്ഷമമായി നടപ്പിലാക്കാൻ ബോൾസനാരോ ശ്രമിച്ചില്ല. അതുകൊണ്ടാണ്, ബ്രസീലിൽ കൊറോണ നിയന്ത്രണാതീതമായി വളർന്നതും. അതേ സമയം, ജർമനിയും ആസ്ട്രേലിയയും ന്യൂസിലാൻഡും കാനഡയും ചടുലമായി തീരുമാനങ്ങൾ എടുക്കുകയും വേഗത്തിൽ ടെസ്റ്റ് നടത്തുകയും സാധാരണ ജനങ്ങൾക്ക് സാമ്പത്തികസഹായം പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ ഒരു പരിധിവരെ ഈ മഹാമാരിയെ നിയന്ത്രിച്ചു. ജർമൻ ചാൻസലർ ആയ ആഞ്ജലമെർക്കൽ, യാതൊരു നാടകീയതയും പ്രകടനപരതയും കാണിച്ചില്ല എന്ന് മാത്രമല്ല, ആഴ്ചയിൽ പതിനാറായിരം ടെസ്റ്റുകൾ വരെ നടത്തികൊണ്ട് മരണനിരക്ക് 1.6 ശതമാനത്തിൽ ഒതുക്കി നിർത്തുന്നതിൽ വിജയിക്കുകയും ചെയ്തു. കോവിഡിനെ രാഷ്ട്രീയവല്കരിക്കാതെ, ജനപ്രിയത വർദ്ധിപ്പിക്കാനുള്ള ഉപകരണമാക്കാതെ, ഗൗരവമുള്ള ഒരു പൊതുജനാരോഗ്യ വിഷയമാക്കി മാത്രം കണ്ടുകൊണ്ടു കാര്യമാത്രപ്രസക്തമായ പ്രസ്താവനകൾ മാത്രം നടത്തുകയും ഏറ്റവും മികവുറ്റ രീതിയിൽ പ്രതിരോധം നടത്തുകയും ചെയ്ത ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ദ ആർഡൻ ഇക്കാലയളവിലെ ഏറ്റവും മികച്ച രാഷ്ട്രീയനേതൃത്വങ്ങളിൽ ഒന്നായി മാറുന്നത് വളരെപെട്ടെന്നു ടെസ്റ്റുകൾ നടത്തി മരണസംഖ്യ ഒരു ശതമാനത്തിൽ താഴെ ആക്കി നിയന്ത്രിച്ചതുകൊണ്ട് മാത്രമല്ല, അതോടൊപ്പം ദുരന്തകാലത്തെ നയരൂപീകരണം എന്നത് കമ്പോളതാല്പര്യത്തെക്കാൾ ശാസ്ത്രബോധത്തിലും മനുഷ്യസുരക്ഷയിലും ഊന്നുന്ന ഒന്നായിരിക്കണം എന്ന ഉന്നതമായ രാഷ്ടീയഅവബോധം പ്രകടമാക്കിയത് കൊണ്ടുകൂടിയാണ്. ചൈനയും സിംഗപ്പൂരും കൊറിയയും കൊറോണ വൈറസിനെ പ്രതിരോധിച്ച രീതിയും ഒരു പരിധിവരെ അതിൽ വിജയിച്ചതും ഏഷ്യൻ രാജ്യങ്ങളുടെ നേതൃപാടവത്തെകുറിച്ചുള്ള ചർച്ചകളെ സജീവമാക്കിയിട്ടുണ്ട്.

അതേ സമയം, സ്വാതന്ത്ര്യത്തെക്കാൾ പ്രാധാന്യം, ആരോഗ്യവും ജീവനും ആണെന്ന് ആവർത്തിച്ചു പറയുന്നതിലൂടെ സ്വകാര്യത, സുതാര്യത തുടങ്ങിയവയെ അടിസ്ഥാനമാക്കിയ ആധുനിക ജനാധിപത്യസങ്കല്പങ്ങളെ പാടെ നിരാകരിക്കാനുള്ള ഏറ്റവും അപകടകരമായ പ്രവണത ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉയർന്നുതുടങ്ങിയിട്ടുണ്ട്. ഹംഗറിയിലെ പ്രധാനമന്ത്രിയായ വിക്ടർ ഓർബാൻ ഇപ്പോൾ തന്നെ ‘ഇല്ലിബറൽ’ ഡമോക്രസി എന്ന് സ്വന്തം ഭരണത്തെ വിശേഷിപ്പിച്ചുകൊണ്ട് എല്ലാ ലിബറൽ മൂല്യങ്ങളെയും പരസ്യമായി തള്ളിപ്പറയുകയും അനിശ്ചിതകാലത്തേക്ക് അധികാരം നിലനിർത്താനുള്ള നടപടികൾക്ക് തുടക്കമിടുകയും ചെയ്തു. പല രാജ്യങ്ങളിലും ഭരണകൂടം അമിതാധികാരം കൈയ്യാളാൻ ശ്രമിക്കുന്നത്, ജനങ്ങളുടെ ഭയത്തെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുന്നതിലൂടെയാണ്. അതോടൊപ്പം, ജനങ്ങൾക്കിടയിൽ സങ്കുചിതദേശീയതയും വംശീയതയും വളർത്തിയെടുത്തുകൊണ്ട് സമഗ്രാധിപത്യത്തിനും അധികാരകേന്ദ്രീകരണത്തിനും അവർ രാഷ്ട്രീയനൈതികത ചമയ്ക്കുന്നു. കൊറോണയെക്കാൾ പിന്നീട് അപകടകാരിയാകുന്നത് ലിബറൽ ജനാധിപത്യമൂല്യങ്ങളിൽ ഉണ്ടായേക്കാവുന്ന ഈ വ്യതിയാനം ആകുമെന്ന് ഹരാരിയും ചോംസ്കിയും തോമസ് പിക്കറ്റിയും സ്ലാവോജ് സിസേക്കും അടക്കമുള്ള ചിന്തകന്മാർ ഓർമ്മിപ്പിക്കുന്നുണ്ട്. സ്ലോവേനിയൻ മാർക്സിസ്റ്റ് ചിന്തകനായ സിസേക്ക്, പക്ഷെ കുറേക്കൂടി ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്; പലരാജ്യങ്ങളിലും കൊറോണ അസാധാരണമായ പ്രതിസന്ധി ഉണ്ടാക്കിയത്, ജനങ്ങളോടും സമൂഹത്തോടും പ്രതിബന്ധതയില്ലാത്ത രാഷ്ട്രീയനേതൃത്വം കാരണം ആണെന്നാണ് സിസേക്ക് പറയുന്നത്.

സമഗ്രാധിപത്യത്തെക്കാൾ ഏറെ, സുതാര്യവും ബഹുസ്വരവുമായ ഒരു കൂട്ടായ്മയാണ് ഈ കാലഘട്ടത്തിനു അനിവാര്യം എന്ന് സിസേക്ക്, തന്റെ ‘പാൻഡമിക്ക്’ എന്ന ഏറ്റവും പുതിയ പുസ്തകത്തിൽ പറയുന്നു. ഈ വിഷയത്തിൽ എഴുതപ്പെട്ട ആദ്യത്തെ പുസ്തകമാണ് ഇത് (ഇ ബുക്ക് ലഭ്യമാണ്). സിസേക്ക്, ഒരു പുതിയ കമ്മ്യൂണിസത്തിന്റെ പിറവിയാണ് കൊറോണാകാലത്തിനു ശേഷം സ്വപ്നം കാണുന്നത് എന്ന് ഈ പുസ്തകം വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. നിയോലിബറൽ മുതലാളിത്തവും ആഗോളവൽക്കരണവും തകരുകയും അതിന്റെ സ്ഥാനത്ത്, സഹവര്‍ത്തിത്വത്തിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ ഒരു പുതിയ ലോകക്രമം ഉണ്ടാവുകയും ചെയ്യും എന്ന് സിസേക്കു വിശ്വസിക്കുന്നു. ചുരുക്കത്തിൽ, ചരിത്രത്തിന്റെ ദയാരഹിതമായ അനിവാര്യതയായി കൊറോണാ വൈറസ് മാറിക്കഴിഞ്ഞു. രാഷ്ട്രീയനേതൃത്വം ഈ ദശാസന്ധിയിൽ പലയിടത്തും പകച്ചു നിന്നതാണ് നമ്മൾ കണ്ടത്. എല്ലാ വന്മരങ്ങളും ചങ്ങലയില്ലാത്ത ഈ മഹാമാരിയുടെ കൊടുങ്കാറ്റിൽ കടപുഴകി വീണുപോയി. അധികാരത്തെക്കുറിച്ചുള്ള എല്ലാ പരമ്പരാഗത സങ്കൽപ്പങ്ങളും ബാഷ്പീകരിക്കപ്പെട്ട ഈ അവസരത്തിൽ, സമൂഹവും ഭരണകൂടവും കൂടുതൽ ജനാധിപത്യവല്ക്കരിക്കപ്പെടുമെന്നു നമുക്ക് പ്രതീക്ഷിക്കാം. സാർവദേശീയമായ ഒരു ഭരണ നയ സമീപനമാണ് ഇന്നത്തെ സാഹചര്യത്തിൽ എല്ലാവര്‍ക്കും അഭികാമ്യം. അത് രാഷ്ട്രാതിർത്തികൾ കടന്നു ചെല്ലുന്ന വിശാലമായ ഒരു സാമൂഹ്യജീവിതബോധത്തിൽ നിന്നു ഉറവയെടുക്കുന്ന ഒന്നായിരിക്കും. ഉദാത്തമായ മാനവികബോധമാണ്. ‘മേരാ നാം, തേരാ നാം വിയറ്റ്നാം’ എന്ന മുദ്രാവാക്യത്തിലും ക്യൂബയിലേക്ക് കൊടുത്തയച്ച ഒരു പിടി അരിയിലും ഒക്കെ നമുക്ക് വീണ്ടെടുക്കാൻ കഴിയുന്ന അതിരുകളില്ലാത്ത ഒരു വിശ്വസാഹോദര്യം.