ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടിലുടെ കോടികള്‍ സംഭാവന ചെയ്ത നിര്‍മ്മാണ ഭീമനായ മേഘ എന്‍ജീനിയറിങ് കമ്പനിക്ക് കൂച്ചുവിലങ്ങിട്ട് സുപ്രീം കോടതി. മുംബൈ മെട്രോപോളിറ്റന്‍ റീജിയണല്‍ ഡവലപ്മെന്റ് അതോറിട്ടി (എംഎംആര്‍ഡിഎ) മേഘ കമ്പനിക്ക് അനുവദിച്ച 14,000 കോടിയുടെ രണ്ട് അടിസ്ഥാനവികസന പദ്ധതി കരാര്‍ റീ ടെണ്ടര്‍ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു. മുംബൈ എലിവേറ്റഡ് റോഡ് പ്രോജക്ട്, റോഡ് ടണല്‍ പ്രോജക്ടുകളില്‍ നിന്നും സാങ്കേതിക അയോഗ്യത ചൂണ്ടിക്കാണിച്ച് പുറത്താക്കിയ ലാര്‍സന്‍ ആന്റ് ട്യൂബ്രോ (എല്‍ ആന്റ് ടി) സമര്‍പ്പിച്ച ഹര്‍ജിയിലാണ് മേഘയ്ക്ക് നല്‍കിയ കരാര്‍ വീണ്ടും ടെണ്ടര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. എല്‍ ആന്റ് ടിയെ ഒഴിവാക്കിയ നടപടിയില്‍ ആശ്ചര്യം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് അവരുടെ നാളിതുവരെയുള്ള പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് സെന്‍ട്രല്‍ വിസ്ത ഹാള്‍ നിര്‍മ്മിച്ച് പേരെടുത്ത സ്ഥാപനത്തെ കരാര്‍ നല്‍കാതെ ഒഴിവാക്കിയത് വിശ്വസിക്കാനാവുന്നില്ലെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും എംഎംആര്‍ഡിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗിയോടും കരാര്‍ റദ്ദാക്കാനും റീടെണ്ടര്‍ നടപടി ആരംഭിക്കാനും നിര്‍ദേശിച്ചു.
നടപടികളിലേക്ക് കടന്നില്ലെങ്കില്‍ പദ്ധതി സ്റ്റേ ചെയ്യുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മേഘ എന്‍ജിനിയറിങ് ആന്റ് ഇന്‍ഫ്രാസ്ട്രക്ടചര്‍ ലിമിറ്റഡാണ് ഏറ്റവും കുറഞ്ഞ കരാര്‍ തുക ക്വാട്ട് ചെയ്തതെന്ന് മുകുള്‍ റോഹ്ത്തഗി ബോധിപ്പിച്ചു. നേരത്തെ തങ്ങളെ അയോഗ്യരാക്കിയ എംഎംആര്‍ഡിഎ നടപടിക്കെതിരെ എല്‍ ആന്റ് ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി സാങ്കേതിക വിഷയങ്ങളില്‍ ഇടപെടനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 67,500 കോടി മൂലധനമുള്ള മേഘ എന്‍ജിനിയറിങ് കമ്പനി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് നല്‍കിയതിലൂടെയാണ് കുപ്രസിദ്ധി നേടിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖ അനുസരിച്ച് 966 കോടിയുടെ ബോണ്ട് വാങ്ങിയ മേഘ ഇതില്‍ 60 ശതമാനം (584 കോടി) ബിജെപിക്കാണ് സംഭാവന ചെയ്തത്. വെസ്റ്റേണ്‍ യുപി പവര്‍ കമ്പനി ലിമിറ്റഡ്, എസ്ഇപിസി പവര്‍, എ വി ട്രാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടയുള്ള അനുബന്ധ കമ്പനികള്‍ വഴി ആകെ 1,232 കോടി രൂപയുടെ ബോണ്ടുകളാണ് മേഘ കമ്പനി വാങ്ങിക്കൂട്ടിയത്. ഗൗതം അഡാനിയുടെ ബിനാമി കമ്പനിയാണ് മേഘയെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.