March 28, 2023 Tuesday

കൊച്ചിയിലെ കായൽ നികത്തൽ; എസ്‌പി അന്വേഷിക്കാൻ ഉത്തരവ്

Janayugom Webdesk
മുവാറ്റുപുഴ
March 17, 2020 9:12 pm

കൊച്ചിയിലെ ചെലവന്നൂർ കായൽ മണ്ണിട്ട് നികത്തിയതിനെതിരെ വിജിലൻസ് എസ്.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു.
തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് കായൽ നികത്തി പേൾ ഇൻഫ്രാ സ്ട്രക്ച്ചർ പ്രോജക്ട് ലിമിറ്റഡ് എന്ന പേരിൽ ബഹുനില കെട്ടിടം നിർമ്മിച്ച കേസിലാ അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.

കൊച്ചി നഗരസഭ മേയർ സൗമിനി ജെയ്ൻ, മുൻ മേയർ ടോണി ചമ്മണി, സോണി ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (പേൾ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട് ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടർ സുധൻഷുകുമാർ, എന്നിവരും വിവിധ കാലയളവുകളിൽ നഗരസഭാ സെക്രട്ടറിമാരായിരുന്നവരും ടൗൺ പ്ലാനിംഗിലെ എഞ്ചിനീയർമാരടക്കമുള്ള ഉദ്യോഗസ്ഥരും ബിൽഡിംഗ് വിഭാഗം ജീവനക്കാരും എളംകുളം വില്ലേജ് ഓഫീസറും വാർഡ് കൗൺസിലറുമടക്കമുള്ളവരാണ് കേസിലെ എതിർകക്ഷികൾ.

കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ ഹർജിയിലാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ബി. കലാം പാഷ ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ എറണാകുളം സെൻട്രൽ റെയ്ഞ്ച് എസ്.പി മെയ് 18നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സിആർഇസഡ് സോണിൽ ഉൾപ്പെട്ട അതീവലോല പരിസ്ഥിതി പ്രദേശത്താണ് അനധികൃത കെട്ടിട നിർമ്മാണം നടത്തിയിരിക്കുന്നതെന്നും ഈ സ്ഥലത്തുകൂടി ഒഴുകുന്ന കോച്ചാപ്പിള്ളി തോട് നികത്തിയതായും കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ പ്രകാരം നിലമായി കിടന്നിരുന്ന നികത്താൻപാടില്ലാത്ത സ്ഥലത്ത് നിർമ്മാണം നടത്തിയിരിക്കുന്നതെന്നുമാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.