19 April 2024, Friday

വായ്‌നാറ്റം; പല്ല് തേക്കലില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല

Janayugom Webdesk
August 1, 2022 4:50 pm

വലിയൊരു രോഗമല്ലെങ്കിലും വായ്‌നാറ്റം നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ വായ് തുറന്ന് സംസാരിക്കാൻ പോലും പലപ്പോഴും ഭയമായിരിക്കും. പലരും അന്തർമുഖൻമാരും ആയി തീരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ തന്നെ വായ്നാറ്റം അനുഭവപ്പെടാം. ഭക്ഷണാവശിഷ്ടങ്ങൾ മുതൽ വായിലെ ബാക്ടീരിയകൾ വരെ വായ്നാറ്റത്തിന്റെ കാരണക്കാരാവാം. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അവരോട് അടുത്ത് ഇടപെടുമ്പോഴുമാണ് പലപ്പോഴും വായ്നാറ്റത്തിന്റെ തീവ്രതയെക്കുറിച്ച് പലർക്കും അറിയാൻ കഴിയുന്നത്. സംസാരിക്കുന്നതിനു പോലും ബുദ്ധിമുട്ടും പ്രശ്നങ്ങളും വായ്നാറ്റം മൂലം ഉണ്ടാവുന്നു.
വായനാറ്റം ആത്മവിശ്വാസത്തെപ്പോലും തകർക്കുന്നു. ഒന്നു ശ്രദ്ധിച്ചാൽ വായ്നാറ്റത്തെ നമുക്ക് പരിഹരിക്കാവുന്നതേ ഉള്ളൂ. മോണരോഗങ്ങൾ, പല്ലിലെ കേടുകൾ, പല്ലിനിടയിലെ ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയൊക്കെ വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളിൽ ചിലതാണ്. പല വിധത്തിലുള്ള പരിഹാരവും നമ്മൾ ചെയ്തെങ്കിലും അത് വീണ്ടും നിങ്ങളെ പ്രശ്നത്തിലാക്കുന്നതിന്റെ പ്രധാന കാരണം കൃത്യമായി ഇതിനെ നേരിടാത്തതാണ്. നമ്മുടെ ഒരു ദിവസത്തിലെ അൽപസമയം ഇതിനായി നീക്കി വെച്ചാൽ പരിഹാരം കാണാവുന്ന പ്രശ്നങ്ങളേ ഉള്ളൂ എന്നതാണ് സത്യം.
ഭക്ഷണാവശിഷ്ടങ്ങൾ മുതൽ വായിലെ ദന്തക്ഷയവും അണുബാധയും ബാധവരെ വായ്നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതൽ നേരിടുന്നത്.
വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. ദുർഗന്ധങ്ങളിൽ ഏറ്റവും അസഹനീയമായതുകൂടിയാണ് വായ്നാറ്റം. Hal­i­to­sis എന്നാണ് വായ്നാറ്റം ശാസ്ത്രീയമായി അറിയപ്പെടുന്നത്. ദന്തരോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് വായ്നാറ്റം. ഉമിനീരിന്റെ അളവിൽ വരുന്ന വ്യത്യാസവും വായ്നാറ്റത്തിന് കാരണമാകുന്നുണ്ട്. സ്ഥിരമായി അനുഭവപ്പെടുന്ന വായ്നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകാം. തുടക്കത്തിലെ ചികിത്സിച്ചാൽ എളുപ്പം പരിഹരിക്കാവുന്നതാണ് വായ്നാറ്റം. പല്ലുതേച്ചാൽ വായ്നാറ്റം അകറ്റി നിർത്താം. എന്നാൽ ചിലരിൽ അൽപസമയത്തിന് ശേഷം വീണ്ടും വായ്നാറ്റം കടന്നുവരാം. പ്രമേഹ രോഗികളിൽ വായ നാറ്റത്തിന്റെ ചെടിപ്പിക്കുന്ന രൂക്ഷ ഗന്ധം ഉണ്ടാകാറുണ്ട്.
ശ്വാസകോശം, ആമാശയം, വൃക്കരോഗം അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകും. പുകവലിയാണ് മറ്റൊരു വില്ലൻ. സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയവ വായ്നാറ്റത്തിന്റെ കാരണമാകാം. ഗ്യാസ്, ദഹനക്കുറവ് എന്നിവയും വായ്നാറ്റം വരാനുള്ള കാരണങ്ങളാണ്. സസ്യഭക്ഷണത്തേക്കാൾ മാംസഭക്ഷണങ്ങൾ കഴിക്കുന്നവരിലാണ് വായ് നാറ്റം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ടിൻഫുഡ് ഇന്നത്തെ കാലത്ത് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ഇതെല്ലാം വായ്നാറ്റം ഉണ്ടാക്കുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ്. പല്ലിനിടയിൽ കുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കൃത്യമായി വൃത്തിയാക്കാതെയുള്ള ശീലമാണ് പ്രധാനമായും വായ് നാറ്റത്തിന് കാരണമാകുന്നത്.
വായയിലെ പ്രശ്നങ്ങളാണ് വായ്നാറ്റത്തെ സൃഷ്ടിക്കുന്ന മറ്റ് കാരണങ്ങൾ. മോണരോഗം, ഭക്ഷണാവശിഷ്ടങ്ങൾ തടഞ്ഞുനിൽക്കുക, തൊണ്ടയിലെയും ടോൺസിലിലെയും അണുബാധ, ജലദോഷം തുടങ്ങിയവയും വായ്നാറ്റത്തിന് കാരണമാണ്. കാൻസർ, വൃക്ക – കരൾ രോഗങ്ങളും വായ്നാറ്റത്തിനുള്ള കാരണമാണ്. 

വായ നാറ്റം തടയാൻ:

എപ്പോൾ ഭക്ഷണം കഴിച്ചാലും വായ നല്ല വെള്ളത്തിൽ വൃത്തിയായി കഴുകുക
ചെറു ചൂടുവെള്ളത്തിൽ വായ കവിൾ കൊള്ളുക
ബ്രഷിങ്ങിന് ശേഷം 3 മിനിറ്റ് മോണ മസ്റ്റേജ് ശീലമാക്കുക
പല്ലിട വൃത്തിയാക്കുവാൻ ഡന്റൽ ഫ്ളോസിംഗ് ശീലമാക്കുക
ശീതളപാനിയങ്ങും, ഫാസ്റ്റ് ഫുഡും പരമാവധി കുറയ്ക്കുക
പല്ല് ക്ലിൻ ചെയ്ത് സംരക്ഷിച്ചാൽ ഒരു പരിധി വരെ പല്ലിലെ അഴുക്കും, കറകളും പൂർണ്ണമായും കളയുവാൻ സാധിക്കും. അതിനാൽ വർഷത്തിൽ ഒരു തവണ പല്ല് ക്ലീനിങ് അഥവാ ഓറൽ പ്രൊഫൈലാക്സിസ് ചെയ്യുന്നത് നല്ലതാണ്. 

വായ്നാറ്റം അകറ്റാനുള്ള ചില പൊടികൈകൾ 

ദിവസം രണ്ട് നേരം പല്ലു തേയ്ക്കണം. ഒപ്പം നാക്ക് വടിക്കുകയും വേണം. നാക്ക് വടിച്ചില്ലെങ്കിൽ നാക്കിൽ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്നാറ്റമായി രൂപപ്പെടും. ബ്രഷ് ചെയ്യുന്നതിൽ മാത്രം ഒതുക്കാതെ നാക്ക് ക്ലീൻ ചെയ്യുക കൂടി ചെയ്താൽ വായ്നാറ്റം ഒഴിവാക്കാം.
ഗ്രീൻ ടീ ദിവസേന കുടിക്കുന്നത് വായ്നാറ്റം അകറ്റാൻ ഉത്തമമാണ്. ഏറ്റവും നാചുറലായ ചികിത്സ കൂടിയാണിത്. വായ്നാറ്റത്തിന് കാരണമായ സൾഫർ കോംപൗണ്ട് അകറ്റാൻ ഗ്രീൻ ടീയിൽ അടങ്ങിയ ആന്റി ഓക്സിഡന്റ്സിന് കഴിയും. തൈര് കഴിക്കുന്നതും വായ നാറ്റം പരിഹരിക്കുവാൻ നല്ലതാണ്. ദന്തക്ഷയത്തിൽ നിന്ന് പല്ലുകളെ രക്ഷിക്കാനും ആന്റി ഓക്സിഡന്റ്സിന് ശേഷിയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
നാരങ്ങനീര് വായനാറ്റം തടയാൻ നല്ലതാണ്. അണുക്കൾ നശിക്കാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും.
വായ്നാറ്റം അകറ്റാൻ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. വായയിലെ ഉമിനീർ വറ്റുന്നതുമൂലം ഉണ്ടകുന്ന വായ്നാറ്റം അകറ്റാൻ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് കൊണ്ട് സാധിക്കും.
തുളസി ഇല, പേരയ്ക്ക ഇല, കറിവേപ്പില എന്നിവ ദിവസവും കഴിക്കുന്നത് വായ നാറ്റം മാറാൻ സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ ഫലവർഗ്ഗങ്ങൾ കൂടുതൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
ആഹാരം കഴിച്ചതിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാൻ സഹായിക്കും. ദഹനക്കേട് കുറയ്ക്കുക വഴി വായ്നാറ്റവും പ്രതിരോധിക്കാം. ഉമിനീരിന്റെ ഉത്പാദനം ഉയർത്തി വായ്നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കാൻ പെരുംജീരകത്തിന് കഴിയും ദിവസം 2 ലിറ്റർ വെള്ളം കുടിക്കു ന്നത് ശീലമാക്കുക

അജയകുമാർ കരിവെള്ളൂർ
സീനിയർ ഡന്റൽ ഹൈജീനിസ്റ്റ്
ജില്ലാ ആശുപത്രി
കണ്ണൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.