നായയ്ക്കെന്തു ബാഗ്‌ദാദി

Web Desk
Posted on November 03, 2019, 2:20 pm

അന്ന

ഭൂമിയിലെ നരകാധിപനായ ഇസ്ലാമിക് സ്റ്റേറ്റ് തലവ ൻ അബൂബക്കർ അൽ ബാഗ്‌ദാദി സിറിയയിലെ ബാരിഷ് എന്ന പ്രവിശ്യയിലെ ടണലിൽ വെച്ച് തന്റെ മക്കള്‍ക്കൊപ്പം പൊട്ടിത്തെറിച്ച വിവരം പങ്കുവെച്ചുകൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ചെയ്ത ട്വീറ്റ് ഇങ്ങനെയായിരുന്നു “അയാൾ ഒരു പട്ടിയെപ്പോലെ അലറിക്കരഞ്ഞുകൊണ്ട് ഓടി ”എന്ന്. ബാഗ്‌ദാദിയെ കൊന്നതുമായി ബന്ധപ്പെട്ട് വലിയ വൈറലായ ട്രംപിന്റെ ട്വീറ്റിനോടൊപ്പം ചേർത്ത ഫോട്ടോ പക്ഷെ ബാഗ്‌ദാദിയുടേതായിരുന്നില്ല. മറിച്ച്, ബാഗ്‌ദാദിയെ ഓടിച്ച് ടണലിൽ കയറ്റിയ കനോന എന്ന മിലിട്ടറി പട്ടിയുടേതായിരുന്നു!. പുതിയ ലോകസാഹചര്യങ്ങളിൽ ട്രംപിന്റെ ചെയ്തിയുടെ ഔചിത്യം ഒന്ന് പരിശോധിക്കുക ഏതായാലും അധികപ്പറ്റാവില്ല. കടുത്ത എതിർപ്പുകളും വൻ പ്രതിഷേധങ്ങളും ഇരമ്പുന്ന രാഷ്ട്രീയസാഹചര്യമാണ് അമേരിക്കയിൽ ഇന്ന് ട്രംപിന് നേരിടാനുള്ളത്. അതുകൊണ്ടുതന്നെ ബാഗ്‌ദാദിയുടെ കൊല ഒരു വലിയ ആശ്വാസം തന്നെയാണ് ട്രംപിന് നല്കുന്നതും. ക്രൂരനായ ബാഗ്‌ദാദിയെ ഏതെങ്കിലും തരത്തിൽ ആരെങ്കിലും ന്യായീകരിക്കുമെന്നും തോന്നുന്നില്ല, എന്നാൽ പ്രസിഡന്റിന്റെ ആശ്വാസത്തിന്റെ ആവേശമോ ബാഗ്‌ദാദിയുടെ കൊടുംക്രൂരതകളോ ഒരു കൊലയേയും കൊലശ്രമത്തെയും ആസ്വാദ്യകരമാക്കുന്നില്ല എന്നറിയേണ്ടതുണ്ട്, അങ്ങനെയാവുന്നെങ്കിൽ അത് പ്രാകൃതവുമാണ്. ഇതൊന്നും അറിഞ്ഞുകൂടാതെയാണ്, ‘പട്ടി‘യെ പ്രതീകമാക്കിക്കൊണ്ട് ബാഗ്‌ദാദിയെന്ന ഐ എസ് തലവന്റെ കൊല ട്രംപ് എന്നെന്നേക്കുമായി ചരിത്രത്തിൽ അടയാളപ്പെടുത്തിയത് എന്ന് കരുതുകയും വേണ്ട.

ബാഗ്‌ദാദിയെക്കൊല്ലാൻ തങ്ങൾ മുൻകൈ എടുത്തത് മനുഷ്യത്വത്തെ മുന്നിർത്തിയുള്ള നീതിബോധവും ഉത്തരവാതാദിത്തബോധവും കൊണ്ടാണ് എന്ന് അമേരിക്കൻ പ്രസിഡണ്ടിന് അവകാശപ്പെടാം. പക്ഷെ ഏറ്റവും പ്രായം ചെന്ന ജനാധിപത്യരാജ്യത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് മരണം ആഘോഷവും ആസ്വാദ്യവുമാക്കുന്ന മാനസികാവസ്ഥ പരസ്യമായി പ്രകടിപ്പിക്കുന്നത് പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്. പതിനായിരം കിലോമീറ്റർ അപ്പുറത്ത് നടന്ന ‘ബാഗ്‌ദാദി കൊല’യുടെ ലൈവ് ദൃശ്യങ്ങൾ വൈറ്റ്ഹൗസിലെ സിറ്റുവേഷൻ റൂമിലിരുന്നുകൊണ്ട് കൺനിറയെ കണ്ട അമേരിക്കൻ പ്രസിഡണ്ട് തന്റെ മാനുഷിക ഉത്തരവാദിത്വം നിർവ്വഹിക്കുകയായിരുന്നോ അതോ മിലിട്ടറിപട്ടിയെ കണ്ട് പേടിച്ചലറിവിളിച്ച് മക്കളെയുംകൊണ്ട് ടണലിലേക്ക് പാഞ്ഞുകയറിയ ബാഗ്‌ദാദിയുടെ പൊട്ടിത്തെറി ആസ്വദിക്കുകയായിരുന്നോ എന്നതിന്റെ ഉത്തരം ട്രംപിന്റെ വാക്കുകൾ തന്നെ പറയുന്നുണ്ട്. ”ഭീരുവിനെപ്പോലെ അയാൾ അലറിക്കരഞ്ഞ് നിലവിളിച്ച് പാഞ്ഞത് ഒരു സിനിമ കാണുംപോലെ ഞാൻ നേരിട്ട് കണ്ടു ”. എന്നായിരുന്നു ട്രംപിന്റെ രണ്ടാമത്തെ ട്വീറ്റ്. അമേരിക്കൻ തലവൻ ഇതെന്ത് സന്ദേശമാണ് ലോകത്തിന് നല്കുന്നത് എന്നറിയണമെങ്കിൽ 2011 മെയ്ദിനത്തിൽ ഒസാമ ബിൻലാദൻ എന്ന അല്‍ഖൊയ്ദ ഭീകരനെ പാക്കിസ്ഥാന്റെ പ്രാന്തപ്രദേശത്തൊരിടത്ത് വേട്ടയാടിപ്പിടിച്ചില്ലാതാക്കുന്നത് വൈറ്റ്ഹൗസിലെ ഇതേ സിറ്റുവേഷൻ റൂമിലിരുന്ന് ലൈവായി വീക്ഷിച്ച ഇതേ രാജ്യത്തിന്റെ പ്രസിഡന്റ് ബരാക് ഒബാമ പിറ്റേദിവസം CBS ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞത് മാത്രം നോക്കിയാൽ മതിയാകും. ഒബാമ പറഞ്ഞത് ഇങ്ങനെയായിരുന്നു, ”ലോകവും അമേരിക്കയും ലാദന്റെ മരണം ആഗ്രഹിക്കുന്നുണ്ടാവാം. എന്നാൽ ലാദൻ കൊല ചെയ്യപ്പെട്ടതിന്റെ ചിത്രങ്ങൾ ഒരു ട്രോഫിയാക്കി കൊണ്ടുനടക്കാൻ ഞങ്ങളില്ല. കൂടുതൽ ഹിംസക്ക് ഹേതുവായേക്കാവുന്ന അത്തരം ചിത്രങ്ങൾ ഒരിക്കലും പ്രചരണ ആയുധങ്ങളേയല്ല ” അമേരിക്കയുടെ ഭീകര പ്രീണനത്തിനും അധിനിവേശമനസിനും പലപ്പോഴും കുടപിടിച്ച ആളല്ല ഒബാമ എന്ന് ഈ പ്രസ്താവന വെച്ച് കരുതേണ്ടതില്ല. പക്ഷെ ഒരു റിപ്പബ്ളിക്കനും ഡെമോക്രാറ്റും തമ്മിലോ ഒബാമയും ട്രംപും തമ്മിലോ ഉള്ള വ്യത്യാസമറിയാൻ ഈ സ്റ്റേറ്റ്മെന്റ് ഉപകരിക്കും. ഒബാമയും ട്രംപും ഭരിക്കുന്നത് ഒരേ അമേരിക്ക തന്നെയാണെന്നിരിക്കെ ആര് പറയുന്ന മനസ്സാണ് യഥാർത്ഥ അമേരിക്കയുടേത് എന്ന് പരിശോധിക്കാനും ഇതുപകരിച്ചേക്കും. സദ്ദാംഹുസൈനെ പിടിക്കാൻ ഇറാക്കിൽ പാവ സർക്കാരിനെ അവരോധിച്ചുകൊണ്ട് ബുഷ് നടത്തിയ രാഷ്ട്രീയ ഇടപെടലിന്റെ സന്തതിയാണ് അക്ഷരാർത്ഥത്തിൽ അൽ ക്വയ്ദയും ഐ എസും. അമേരിക്കൻ ജേർണലിസ്റ്റ് മൈക്കൽ വെയ്സും സിറിയക്കാരനായ ഹസ്സൻ ഹസ്സനും ചേർന്നെഴുതിയ ഇസ്ലാമിക്സ്റ്റേറ്റിനെ സംബന്ധിച്ച സമഗ്രപുസ്തകമാണ് ISIS INSIDE THE ARMY OF TERROR. അതിന്റെ ആമുഖത്തിൽ ഇരുവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട് ഇസ്ലാമിക് സ്റ്റേറ്റ് എന്നത് ഒരു വെറും ഭീകരസംഘടനയോ സേനയോ അല്ല. എണ്ണയും ആയുധവുമായി ഇഴുകിച്ചേർന്ന ഒരു വലിയ മാഫിയയാണ് എന്ന്. ഓരോ പ്രസിഡണ്ടുമാർക്കും കൊല്ലാനായി ഓരോ ഭീകരർ മിഡില്‍ ഈസ്റ്റിൽ ഓരോ കാലങ്ങളിൽ വളർന്ന് വടവൃക്ഷമാകുന്നതും അതേ പ്രസിഡന്റുമാരാൽ അവരില്ലാതാകുന്നതും ചരിത്രത്തിലെ കൗതുകമുള്ള ചാക്രികതയാണ്. മതേതര അറബ് ദേശീയതയുടെയും ഇടതുവീക്ഷണത്തിന്റെയും സിറിയയും ഇറാനും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയുമൊക്കെ സങ്കീര്‍ണബന്ധത്തിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ലോകക്രമത്തിനോടുള്ള വെറുപ്പും ഭീതിയുമാണ് അമേരിക്കയെക്കൊണ്ട് മധ്യേഷ്യയിൽ പലതും ചെയ്യിക്കുന്നത് എന്നത് പരസ്യമാക്കപ്പെട്ട ലോക രഹസ്യമാണ്. 2003 ഡിസംബറിൽ ഇറാക്കിലെ ബങ്കറിനുള്ളിൽനിന്ന് സദ്ദാംഹുസൈനെ പുറത്തിറക്കിയപ്പോൾ, അന്ന് അതിന് നേതൃത്വം നല്കിയ മേജർ റെയ്മണ്ട് ഒഡിയർ നോ പറഞ്ഞത്, ‘ഒരെലിയെപിടിക്കുംപോലെ മാളത്തിൽനിന്ന് അയാളെ പൊക്കി’ എന്നായിരുന്നു. മിഡിൽ ഈസ്റ്റിലെ ഓരോ ‘പൊക്കലും’ അമേരിക്കൻ ‘രാഷ്ട്രീയ’വും തമ്മിലുള്ള ബന്ധങ്ങൾ ഇനിയും ചുരുളഴിയപ്പെടേണ്ടതാണ്. ട്രംപും ഒബാമയും ബാഗ്ദാദിയേയും ബിൻലാദനേയും ‘പൊക്കിയ’ പോലെ തന്നെയാണ് സാക്ഷാൽ ‘സദ്ദാമിനെ പൊക്കിയ’ പ്രസിഡന്റ് ബുഷ് ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകനായ അബു മുസബ് അൽ സർഖാവിയെ ഇല്ലാതാക്കിയതും.

യുദ്ധാനന്തര ഇറാക്കിൽ അൽ ത്വാഹിദ് ‑വൽ ജിഹാദ് എന്ന പേരിൽ മുസബ് അൽ സർഖാവി തുടങ്ങിവെച്ച സുന്നി ഭീകരസംഘടനയാണ് പിന്നീട് ഐ എസ് ആയി മാറുന്നത്. 2006ൽ സർഖാവി കൊല്ലപ്പെട്ട ശേഷമാണ് ബാഗ്‌ദാദി തലപ്പത്തേക്ക് വരുന്നത്. താനെന്ന സുന്നി ഖലീഫയുടെ കീഴിൽ ഒരൊറ്റ അറബ് ലോകം എന്ന തത്വം മുന്നോട്ട് വെച്ചതും അതിനെ അരും കൊലകൾ കൊണ്ട് പൊലിപ്പിച്ചതും ബാഗ്ദാദിയാണ്. വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ വെച്ച്കെട്ടി ആൾക്കൂട്ടത്തിലേക്ക് വണ്ടിയിടിച്ചുകയറ്റി കൂട്ടമരണങ്ങൾ ഉറപ്പുവരുത്തുന്ന VBIED (Vehi­cle-Borne Impro­vised Explo­sive Device) എന്നറിയപ്പെടുന്ന കൊലതന്ത്രത്തിന്റെ ആശാനായിരുന്നു ബാഗ്‌ദാദി. മനുഷത്വം തീണ്ടാത്ത മാർഗ്ഗങ്ങളും തലച്ചോറ് മരവിച്ച ആത്മഹത്യാസ്ക്വാഡും ആവശ്യത്തിന് പണവുമാണ് ഐ എസിന്റെ മൂലധനം. ആദ്യം അല്‍ഖ്വയ്ദ ഇൻ ഇറാക്ക് എന്ന് പേരുമാറ്റിയ സംഘടനക്ക് 2012ൽ ബാഗ്‌ദാദി കൽപ്പിച്ചു നല്കിയ പേരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാക്ക് ആന്റ് സിറിയ (ISIS)എന്നത്. അത് 2014 മുതൽ ഇസ്ലാമിക് സ്റ്റേറ്റെന്നുമറിയപ്പെട്ടു. നിർദ്ദയം കഴുത്തറുത്തുകൊല്ലുക, ഇഞ്ചിഞ്ചായി വേദനിപ്പിച്ച് അവയവങ്ങള് ഒന്നൊന്നായി മുറിച്ചുമാറ്റുക, സ്ത്രീകളെയും ‑കുട്ടികളെയും കൂട്ടത്തോടെ ചിന്നിച്ചിതറിക്കുക, പെൺകുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്ത് അടിമകളാക്കുക… അങ്ങനെ അറയ്ക്കുന്ന ക്രൂരതകളുടെ പര്യായമായിമാറി ഐ എസ്. 2016ൽ ഐ എസ് ഭീകരരുടെ കൂട്ടബലാല്സംഗത്തിന് ഇരയായ പതിനാറുകാരി നാദിയ മുറാദായ്ക്കാണ് 2018ലെ നോബൽസമ്മാനം ലഭിച്ചത്. ആറ് സഹോദരങ്ങളെ കണ്‍മുന്നിൽ വെടിവച്ച് കൊന്നു തള്ളിയ ശേഷം മൂന്നു മാസം അടച്ചിട്ട മുറിയിൽ തുടർച്ചയായി ബലാൽക്കാരം ചെയ്യപ്പെട്ട ഐ എസ്സിന്റെ ജീവിക്കുന്ന ഇരയാണ് നാദിയ. അടുത്തിടെ നാദിയ അമേരിക്ക സന്ദർശിച്ചപ്പോൾ ‘നിങ്ങള്‍ക്കെന്തിനാണ് അവർ നോബൽ സമ്മാനം തന്നത്’ എന്ന് പരിഹസിച്ച ട്രംപാണ് പൊട്ടിത്തെറിച്ച ഐ എസ് തലവനെ ആഘോഷിക്കുന്നത്! ബാഗ്‌ദാദിയുടേതാണെങ്കിൽപോലും ഒരു വേട്ടക്കൊല ഏതൊരു ഭരണാധികാരിയും, ആഘോഷവും ആസ്വാദ്യവുമാക്കുന്നത് ചോദ്യം ചെയ്യപ്പെടുകതന്നെവേണം. കാരണം അത് അധികാരത്തിന്റെ ആസുരതകളെക്കുറിച്ചുള്ള ചോദ്യം ചെയ്യൽകൂടിയാണ്. അതുകൂടി ചെയ്യാതെ മിലിട്ടറി പട്ടിയെ ലോകത്തിന്റെ നായകനും വീരപുരുഷനും, സമാധാനത്തിന്റെ കാവലാളുമാക്കി ചിത്രീകരിക്കുന്ന മാധ്യമങ്ങൾക്കും എന്തോ കുറവുണ്ടെന്നുതന്നെ കരുതണം. സ്വരക്ഷയ്ക്കും തിന്നാനുമല്ലാതെ സ്വന്തം വർഗ്ഗത്തെ കൊല്ലുന്ന ഏകജീവിയാണ് മനുഷ്യൻ. മറ്റേതെങ്കിലും ജീവി അങ്ങനെചെയ്യുന്നെകിൽ അത് മനുഷ്യൻ പറഞ്ഞിട്ടുമായിരിക്കും. അഥവാ മനുഷ്യൻ നേരിട്ടായും പറഞ്ഞിട്ടായുമല്ലാതെ ഒരുകൊലയും നടക്കുന്നില്ലെന്ന് ചുരുക്കം. അധികാരം മൃഗത്തെയും മനുഷ്യനെയും വേർതിരിച്ചിരിക്കുന്നത് തന്നെ അങ്ങനെയാണ്.ബാഗ്ദാദിയെ പിന്തുടർന്ന നായ കാട്ടിയതും അതിന്റെ അധികാരിയോടുള്ള ഉത്തരവാദിത്തം മാത്രമാണ്. അതല്ലാതെ നായയ്ക്കെന്തു ബാഗ്‌ദാദി!