16 November 2025, Sunday

ബഗ്രാം വ്യോമത്താവളം വിട്ടുനല്‍കില്ല; ട്രംപിന്റെ ഭീഷണി തള്ളി താലിബാന്‍

Janayugom Webdesk
ജലാലാബാദ്
September 22, 2025 9:31 pm

അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളത്തിന്റെ നിയന്ത്രണം യുഎസിനു തിരികെനല്‍കിയില്ലെങ്കില്‍ മോശം കാര്യം സംഭവിക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി തള്ളി താലിബാന്‍ ഭരണകൂടം. രാജ്യത്ത് യുഎസ് സൈന്യത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്നും അമേരിക്ക യാഥാര്‍ഥ്യത്തിലൂന്നിയ വിദേശനയം സ്വീകരിക്കണമെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ആവശ്യപ്പെട്ടു. ബഗ്രാമിലെ മുന്‍ യുഎസ് വ്യോമാത്താവളം സംബന്ധിച്ച് ഒരിടപാടും നടക്കില്ല. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യവും പ്രാദേശിക സമഗ്രതയും പരമപ്രധാനമാണ്. 2020ലെ ദോഹ ഉടമ്പടിപ്രകാരം അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനും ഭൂമിശാസ്ത്രപരമായ അഖണ്ഡതയ്ക്കുമെതിരായ ഭീഷണിയോ സമ്മര്‍ദമോ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രതിജ്ഞചെയ്തിട്ടുണ്ട്. അത് പാലിക്കണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
രൂക്ഷമായ സാമ്പത്തികപ്രതിസന്ധി, അന്താരാഷ്ട്രതലത്തിലെ അംഗീകാരമില്ലായ്മ, മറ്റ് ഭീകരസംഘടനകളുമായുള്ള ആഭ്യന്തരത്തര്‍ക്കം തുടങ്ങിയ പ്രശ്നങ്ങള്‍ താലിബാന്‍ നേരിടുന്ന സാഹചര്യത്തില്‍ താവളം യുഎസിന് തിരികെനല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. താവളം തിരികെപ്പിടിക്കാന്‍ സേനയെ അയക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. 2021ല്‍ അഫ്ഗാനില്‍നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കുകയും താലിബാന്‍ ഭരണം കൈയാളുകയും ചെയ്തതോടെയാണ് താവളത്തിന്റെ നിയന്ത്രണം യുഎസിന് നഷ്ടമായത്. അഫ്ഗാനിസ്ഥാനില്‍ രണ്ട് പതിറ്റാണ്ടുകളായി നടന്ന ആഭ്യന്തര യുദ്ധത്തില്‍ യുഎസ് സേനയുടെ പ്രധാന താവളവായിരുന്നു ബഗ്രാമിലേത്.
വ്യോമത്താവളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ ട്രംപ് പലപ്പോഴായും വിമര്‍ശിച്ചിട്ടുണ്ട്. മധ്യ‑ദക്ഷിണ ഏഷ്യയിലെ തന്ത്രപ്രധാന സേനാതാവളമാണ് ബഗ്രാം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന താവളം ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യയിലെ ആണവകേന്ദ്രങ്ങളുടെ വളരെയടുത്താണ്. ഇറാന്‍, പാകിസ്ഥാന്‍, ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യ, മധ്യേഷ്യ എന്നിവയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ ബഗ്രാം മേഖലയില്‍ യു.എസിന്റെ സ്വാധീനം പുനഃസ്ഥാപിക്കാന്‍ ട്രംപ് ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.