Tuesday
17 Sep 2019

ആനവണ്ടി കല്ല്യാണവണ്ടിയായി; പുതുജീവിതത്തിലേക്ക് ഡബിള്‍ ബെല്ലടിച്ച് ബൈജുവും സുസ്മിതയും

By: Web Desk | Monday 27 May 2019 11:31 AM IST


പാലക്കാട്: ബൈജുവിനും സുസ്മിതയ്ക്കും മാംഗല്യസാഫല്യം ആനവണ്ടിയില്‍. പുതുജീവിതത്തിലേക്കുള്ള യാത്രയ്ക്ക് മുന്നോട്ട് നീങ്ങിയ കെഎസ്ആര്‍ടിസി ഡബിള്‍ ബെല്ലടിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ ബൈജുവിന്‍റെ ഇടം കൈയ്യില്‍ സുസ്മിതയുടെ വലം കയ്യും ഉണ്ടായിരുന്നു. തത്തമംഗലം മാങ്ങോടിലെ ബൈജുവും മുതലമട പള്ളത്തെ സുസ്മിതയും തമ്മിലുള്ള വിവാഹം ഇന്നലെയായിരുന്നു.

സ്വകാര്യ ആഡംബര ബസുകളിൽ സഞ്ചരിക്കുന്ന പൊതുജനത്തിനെതിരെയുള്ള അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് കല്യാണത്തിന് ആനവണ്ടി തെരഞ്ഞെടുത്തത്. പാവപ്പെട്ടവർക്കും വിവാഹ ആവശ്യങ്ങൾക്കും മറ്റും സർക്കാർ അനുമതിയോടെ കേരളത്തിലെ ട്രാൻസ്പോർട്ട് ബസ്സുകൾ കിട്ടുമെന്നത് സമൂഹത്തിനു മനസ്സിലാക്കാനും കൂടിയാണ് ഇത്തരത്തിൽ പ്രതികരിച്ചതിന് വരൻ ബി ബൈജു പറഞ്ഞു. മുതലമട പോത്തംപാടം കമ്മ്യൂണിറ്റി ഹാളിൽ വെച്ചതായിരുന്നു വിവാഹം.
ഇതിനുമുൻപ് കേരളത്തിൽ കൊട്ടാരക്കരയിലെ ബൈജു എന്ന് തന്നെ പേരുള്ള ട്രാൻസ്‌പോർട്ട് ജീവനക്കാരനാണ് ഇത്തരത്തിൽ ആനവണ്ടി കല്യാണത്തിന് ഉപയോഗിച്ചത്. സമൂഹമാധ്യമത്തിൽനിന്നും ആ വീഡിയോ കണ്ടതിനാലാണ് ഇത്തരത്തിൽ പ്രതികരിക്കാനും അതേപോലെ കല്യാണത്തിന് വണ്ടിയും തെരഞ്ഞെടുത്തത്.
ടൂറിസ്റ്റ് ബസ്സിന് കൊടുക്കുന്നവാടക നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് നല്‍കാമെന്ന ചിന്തയും തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.

ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ്സാണ് കല്യാണത്തിനായി വാടകയ്‌ക്കെടുത്തത്. അഞ്ചുമണിക്കൂറിന് 9500 രൂപയായിരുന്നു വാടക. കല്യാണവണ്ടിയുടെ വലിയ അലങ്കാരങ്ങളില്ലാതിരുന്ന ‘ആനവണ്ടിക്ക്’ മുന്നില്‍ കെട്ടിവച്ച നെറ്റിപ്പട്ടമായിരുന്നു ആകെയുള്ള ആര്‍ഭാടം. ബസ് കാണുന്ന വഴിയോരയാത്രക്കാര്‍ക്ക് കല്യാണവണ്ടിയാണെന്ന് മനസ്സിലാക്കാനായി ബസ്സിന്‍റെ മുകളിലെ ബോര്‍ഡില്‍ ‘വിവാഹം’ എന്നെഴുതിയിരുന്നു.

ബസ്സിന്‍റെ ഇടത്‌ വലത് വശങ്ങളില്‍ ബൈജുവിന്റെയും വധുവായ സുസ്മിതയുടെയും പേരും എഴുതിച്ചേര്‍ത്തിരുന്നു. യാത്രകള്‍ ഇഷ്ടമുള്ള ബൈജു വധുവിന്റെ വീട്ടിലേക്ക് പോയത് ആളുകള്‍നിറഞ്ഞ കെഎസ്ആര്‍ടിസി ബസ്സിലായിരുന്നെങ്കിലും വധുവിനൊപ്പം കാറിലായിരുന്നു തിരിച്ചുവന്നത്.

എറണാകുളം കേന്ദ്രമായി പ്രവർത്തിക്കിട്ടുന്ന ഗാർമെൻറ്സ് കമ്പനിയിൽ മാർക്കറ്റിങ്ങ് വിഭാഗത്തിലെ ജീവനക്കാരനാണ് വരൻ ബൈജു. നവവധു മുണ്ടൂർ ഐആർറ്റിസിയിൽ ഗവേഷണവിഭാഗം അസ്സിസ്റ്റൻറ്റായി പ്രവർത്തിക്കുന്നു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ കല്യാണത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല.

You May Also Like This: