എഎസ്‌ഐയുടേയും ഡ്രൈവറുടേയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

Web Desk
Posted on June 01, 2018, 10:36 pm

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന എ.എസ്.ഐയുടെയും ഡ്രൈവറുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏറ്റുമാനൂര്‍ കോടതി ഇന്നത്തേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവിനെയും ഡ്രൈവര്‍ അജയനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

പ്രതി ഷാനുവിന്റെ സംഘത്തില്‍ നിന്ന് കൈകൂലി വാങ്ങിയെന്ന കേസിലാണ് ബിജുവും അജയനും അറസ്റ്റിലായത്. ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണക്കുന്ന വേളയില്‍ ബിജുവിന്റെ അഭിഭാഷകന്‍ കെവിന്‍ മരിച്ച സമയത്ത് കോട്ടയം എസ് പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവാണന്നും അതുകൊണ്ടുതന്നെ എസ് പിക്കു കേസില്‍ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും കോടതിയില്‍ ആരോപിച്ചു.
കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി തങ്ങളെ കുടുക്കുകയായിരുന്നുവെന്നാണു ബിജുവിന്റെ പരാതി. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വൈകുന്നേരത്തേയ്ക്ക് മാറ്റി. വൈകുന്നേരം കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ വാദം കേട്ടതിന് ശേഷം വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസന്വേഷണത്തില്‍ നേരിട്ട് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം മുന്‍ എസ് പിക്കെതിരെ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി എസ്പിയെ വിളിച്ചപ്പോള്‍ ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷമാണ് അന്വേഷണ ചുമതല കൈമാറിയതെന്നുള്ള വിവരം പുറത്ത് വന്നതോടെ 28നു കെവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുഹമ്മദ് റഫീഖിനെ ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കിയിരുന്നു. പിന്നീട് വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. അതേസമയം, താന്‍ പ്രതിയുടെ ബന്ധുവല്ലെന്ന് മുഹമ്മദ് റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാക്കറെ വ്യക്തമാക്കി. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ അമ്മ രഹ്നയുടെ പങ്കിനെക്കുറിച്ച് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കൈക്കൂലി കേസില്‍ ഗാന്ധിനഗര്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈ.എസ്.പി ഗിരീഷ് സാരഥിക്ക് പകരം ചങ്ങനാശേരി ഡിവൈ.എസ്.പി എസ്. ശ്രീകുമാറിനാണ് അന്വേഷണ ചുമതല. ഗിരീഷ് പി.സാരഥി പരാതിക്കാരനായതിനെ തുടര്‍ന്നാണ് ചുമതല മാറ്റിയത്.