Monday
18 Feb 2019

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം: ആശങ്കയും സുരക്ഷാ ഭീഷണിയുമെന്ന് കന്യാസ്ത്രീകള്‍

By: Web Desk | Monday 15 October 2018 9:47 PM IST

സ്വന്തം ലേഖകന്‍

കോട്ടയം: പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകള്‍. നാളെ ജീവനോടെയുണ്ടാവുമെന്ന് ഉറപ്പില്ല. കേരളത്തിന് പുറത്തായാലും ബിഷപ്പ് അപകടകാരിയാണ്. ചെയ്യാനുള്ളത് എവിടെയിരുന്നും ബിഷപ്പ് ചെയ്യും. ഫ്രാങ്കോ മുളയ്ക്കല്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ അനുപമ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ കോട്ടയം കുറവിലങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നു പ്രതീക്ഷയുണ്ടെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനില്‍ സമരം നടത്തിയതിന്റെ മുന്‍നിരയിലുണ്ടായിരുന്ന കന്യാസ്ത്രീകളാണ് ആശങ്കയുമായി രംഗത്തെത്തിയത്.
എന്നാല്‍, ഇതിനിടെ ഹൈക്കോടതി ജാമ്യം അനുവദിച്ച വിധിയുടെ പകര്‍പ്പും അനുബന്ധരേഖകളും പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ഫ്രാങ്കോയുടെ ജുഡീഷ്യല്‍ തടവ് കാലാവധി ഒരു ദിവസം കൂടി നീണ്ടു. അറസ്റ്റിലായി 25-ാം ദിവസമാണ് ബിഷപ്പിനു ജാമ്യം ലഭിച്ചത്.

ഇന്നലെ ഉച്ചയോടെ കോടതിവിധി മാധ്യമങ്ങളിലൂടെ അറിഞ്ഞതു മുതല്‍ ഫ്രാങ്കോ റിമാന്‍ഡില്‍ കഴിയുന്ന പാലാ സബ്ജയിലിനു മുമ്പില്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും സമീപത്തെ ഓഫീസുകളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടവും മോചിതനായി പുറത്തുവരുന്ന ബിഷപ്പിനെ കാത്ത് നിന്നിരുന്നു. ഇതിനിടെ അടിക്കടി ഉദ്യോഗസ്ഥരും ചില വൈദികരും ജയില്‍ പരിസരത്ത് എത്തിയതോടെ അദ്ദേഹം പുറത്തിറങ്ങുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഹൈക്കോടതി വിധി വന്നതോടെ ബിഷപ്പിന്റെ വക്കീല്‍ ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ പരിസരത്തെത്തിയിരുന്നു. എന്നാല്‍ വിധിയുടെ പകര്‍പ്പ് എത്തിക്കുന്ന കോടതിനടപടികള്‍ നീണ്ടു. രാത്രി 7 വരെ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി. ലക്ഷ്മി ചേംബറില്‍ കാത്തിരുന്നെങ്കിലും രേഖകള്‍ എത്തിയില്ല. തുടര്‍ന്ന് കോടതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്നലെ മോചനം സാധ്യമാകില്ലെന്ന് ഉറപ്പായതോടെയാണ് മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും ജയില്‍ പരിസരത്ത് നിന്ന് പിരിഞ്ഞുപോയത്.

Related News