Thursday
12 Dec 2019

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക്; റെക്കോര്‍ഡ് നേട്ടത്തില്‍ ബജാജ് ഡോമിനാര്‍

By: Web Desk | Thursday 20 June 2019 5:58 PM IST


കൊച്ചി: ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി. ആര്‍ട്ടിക് സര്‍ക്കിളിലെ തുക്തോയാക്തുക്കില്‍ നിന്ന് അര്‍ജന്റീനയിലെ ഉഷുവായിലേക്കും അവിടെ നിന്ന് അന്റാര്‍ട്ടിക്കിലേക്കുമായിരുന്നു മോട്ടോര്‍ സൈക്കിള്‍ യാത്ര. മൂന്നു ഭൂഖണ്ഡങ്ങളിലെ 15 രാജ്യങ്ങളിലായി 51,000 കിലോമീറ്റര്‍ നീണ്ടു നിന്ന യാത്ര 99 ദിവസം കൊണ്ടാണ് ദീപക് കാമത്ത്, പിഎസ് അവിനാശ്, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ സംഘം പൂര്‍ത്തിയാക്കിയത്.

ശരാശരി 515 കിലോമീറ്ററാണ് ഓരോ ദിവസവും യാത്ര ചെയ്തത്. വിവിധ കാലാവസ്ഥകളിലും ഭൂപ്രകൃതികളിലും കൂടെയുള്ള ഈ യാത്ര എന്തെങ്കിലും തടസമോ സമ്പൂര്‍ണ സര്‍വ്വീസ് പിന്തുണയോ ബാക്ക് അപ് സംഘമോ ഇല്ലാതെയായിരുന്നു പൂര്‍ത്തിയാക്കിയത്. 30 വര്‍ഷമായി മോട്ടോര്‍ സൈക്കിള്‍ യാത്രകള്‍ നടത്തുന്ന ദീപക് കാമത്തായിരുന്നു ഡോമിനാര്‍ പോളാര്‍ ഒഡിസി എന്ന പേരിലുള്ള ഈ യാത്രാ സംഘത്തിന്റെ തലവന്‍. മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ പിഎസ് അവിനാശ് മികച്ചൊരു മോട്ടോര്‍ സൈക്കിള്‍ യാത്രികനും ഫോട്ടോഗ്രാഫറുമാണ്. ഗ്രൂപ് ഓഫ് ഡെല്‍ഹി സൂപ്പര്‍ ബൈക്കേഴ്‌സിലെ സജീവാംഗമാണ് ദീപക് ഗുപ്ത.

ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ സംഘം നടത്തിയ യാത്ര തികച്ചും പ്രശംസനീയമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബജാജ് ഓട്ടോ മോട്ടോര്‍ സൈക്കിള്‍ വിപണന വിഭാഗം വൈസ് പ്രസിഡന്റ് നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞു. നിര്‍മാണത്തിലെ ഗുണമേന്‍മയും സവിശേഷമായ യാത്രാ ശേഷിയും തെളിയിക്കുന്നതു കൂടിയായിരുന്നു ഈ യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News