ബക്കിംഗ്ഹാം കനാൽ പുനഃസ്ഥാപനം: രണ്ട് ലക്ഷം പേരെ പുനരധിവസിപ്പിക്കേണ്ടി വരും

Web Desk
Posted on November 10, 2019, 12:24 pm

ചെന്നൈ: ബക്കിംഗ്ഹാം കനാൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് സർക്കാർ ഈയാഴ്ച തീരുമാനമെടുത്തേക്കും.ഇതിന്റെ ഇരുകരകളിലുമായി താമസിക്കുന്ന രണ്ട് ലക്ഷത്തോളം പേരുടെ ജീവിതം ഇതോടെ ത്രിശങ്കുവിലാകും. ഇവര്‍ തോടിന്റെ തീരം കയ്യേറി ഇവിടെ പാർത്തവരാണെന്നാണ് സർക്കാർ ഭാഷ്യം. ഇതിന് പുറമെ ഇതിലേക്ക് മാലിന്യങ്ങൾ ഒഴുക്കി വിടുന്നുവെന്നും ആരോപണമുണ്ട്. ഇവരെ ഇവിടെ നിന്ന് മാറ്റി തൊട്ടടുത്ത പ്രദേശങ്ങളില്‍ എവിടെയെങ്കിലും പുനരധിവസിപ്പിക്കാനാണ് നീക്കം.

സർക്കാർ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. നഗരം കണ്ടതിൽ വച്ച് ഏറ്റവും വലിയ പുനരധിവാസ പദ്ധതിയാണ് ഇവിടെ നടക്കുക.

2009ൽ നടന്ന സർവേയിൽ 29,000 കുടുംബങ്ങൾ ബക്കിംഗ്ഹാം തോട് കയ്യേറിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴിത് 60,000 ആയി ഉയർന്നിട്ടുണ്ട്. ഇവരുടെ പുനരധിവാസമാണ് തോട് പുനഃസ്ഥാപനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കനാലിന് സമീപമുള്ള ചേരിനിവാസികളിൽ പകുതിയും പുനരധിവാസത്തെ എതിർക്കുന്നുണ്ട്. അതേസമയം സർക്കാർ ആകർഷകമായ വാഗ്ദാനങ്ങളാണ് പ്രദേശവാസികൾക്ക് മുന്നിൽ വയ്ക്കുന്നത്. പതിമൂന്നരലക്ഷം രൂപ വില വരുന്ന അപ്പാർട്ട്മെന്റുകൾ, വീട് വയ്ക്കാൻ അറുനൂറ് ചതുരശ്ര അടി ഭൂമി തുടങ്ങിയവയാണ് സർക്കാർ വാഗ്ദാനം. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

അതേസമയം വാണിജ്യ സ്ഥാപനങ്ങൾക്ക് യാതൊരു നഷ്ടപരിഹാരവും നൽകാതെ ഇടിച്ച് നിരത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്ക് ആയിരം കോടിയിലേറെ രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

എണ്ണൂർ മുതൽ മുട്ടുകാടുവരെ 48 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കനാൽ. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാന്‍ ഒരു പരിധിവരെ തോടിന്റെ വീണ്ടെടുക്കൽ സഹായകമാകും. 2015ലെ വെള്ളപ്പൊക്കത്തിന് ശേഷം ഇതിനുള്ള ശ്രമങ്ങൾ ഊർജിതമായെങ്കിലും എങ്ങും എത്തിയിട്ടില്ല.