Saturday
23 Feb 2019

നിനക്കായ് തോഴി പുനര്‍ജനിക്കാം

By: Web Desk | Sunday 7 October 2018 10:36 AM IST


BALABHASKAR 2

മധ്യാഹ്നത്തില്‍ അസ്തമിച്ച സംഗീതസൂര്യന്‍

രമേശ് ബാബു
ബാലസൂര്യന്‍ ഉദിച്ചുയര്‍ന്ന് ചുറ്റും സുവര്‍ണകിരണങ്ങള്‍ വിതറി ആരോഹണം തുടരുന്നതിനിടയില്‍ ഗ്രഹണമേറ്റു ഇരുള്‍മറയില്‍ അപ്രത്യക്ഷമാകുന്നതുപോലെയാണ് ബാലഭാസ്‌ക്കര്‍ എന്ന സംഗീതജ്ഞന്റെ ജീവിതവും തിരോധാനവും. സംഗീതസാന്ദ്രമായ ചുറ്റുപാടുകളില്‍ ജനിച്ച് സംഗീത കിരണങ്ങള്‍ വിതറി പ്രശസ്തിയുടെ പടവുകള്‍ കയറിപോകുന്ന ബാലഭാസ്‌കര്‍ എന്ന യുവാവിന്റെ സംഗീത സപര്യകള്‍ അനന്തപുരിക്ക് പരിചിതമായിരുന്നു.
അമ്മാവന്‍ വിഖ്യാത വയലിനിസ്റ്റ് ജി ശശികുമാര്‍ മൂന്നാം വയസില്‍ ബാലഭാസ്‌കറിന് കളിപ്പാട്ടമായി ഒരു വയലിന്‍ നല്‍കുമ്പോള്‍ ദിശാബോധവും ജീവിതവഴിയും അതിലൂടെ നല്‍കുകയായിരുന്നു. ശുദ്ധസംഗീതത്തിന്റെ വഴികളിലൂടെ സംഗീതം ഉപാസിച്ചു തുടങ്ങിയ ബാലഭാസ്‌ക്കര്‍ വായ്പാട്ടിന്റെ ഭാവ തീവ്രതകളും സാധ്യതകളുമെല്ലാം വയലിന്‍ തന്ത്രികളിലേക്കാവാഹിക്കുകയും പന്ത്രണ്ടാം വയസില്‍ ആദ്യ അരങ്ങില്‍ അത് ബോധ്യപ്പെടുത്തുകയും ചെയ്തു. മെരുങ്ങാന്‍ മടിക്കുന്ന വയലിന്‍ തന്ത്രികളെ തന്റെ ചൊല്‍പ്പടിയില്‍ ഒതുക്കിയ ബാലഭാസ്‌ക്കര്‍ കൗമാരദശയില്‍ത്തന്നെ ഒട്ടേറെ അംഗീകാരങ്ങളും പ്രശംസയും നേടി. 17-ാം വയസില്‍ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായ അദ്ദേഹം ആല്‍ബങ്ങളിലൂടെയും ഫ്യൂഷന്‍ ഷോയിലൂടെയും സാന്നിധ്യം അനിഷേധ്യമാക്കുകയായിരുന്നു.

BALABHASKAR

ബാലഭാസ്‌കറില്‍ ഒരു മാന്‍ഡലിന്‍ ശ്രീനിവാസനെയും ഗോട്ടുവാദ്യ വിദഗ്ധന്‍ രവികിരണിന്റെയുമൊക്കെ തുടര്‍ച്ച പ്രവചിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ശുദ്ധസംഗീതത്തിന്റെ വഴിയില്‍ നിന്ന് ജനപ്രിയ സംഗീതത്തിന്റെ വഴിയിലാണ് ഏറെയും സഞ്ചരിച്ചത്.
‘വണ്‍ ആന്‍ഡ് ഒണ്‍ലി’ എന്നാണ് യു ശ്രീനിവാസനെ ഒരു അഭിമുഖത്തില്‍ ബാലഭാസ്‌ക്കര്‍ വിശേഷിപ്പിച്ചത്. എനിക്ക് ആസ്വദിക്കാന്‍ പറ്റുന്ന സംഗീതം മാത്രമേ ഞാന്‍ മറ്റുള്ളവരെ കേള്‍പ്പിക്കാറുള്ളുവെന്നും ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് പ്രവഹിക്കുന്നതാണ് സംഗീതമെന്നുമായിരുന്നു ബാലഭാസ്‌ക്കറിന്റെ സംഗീത സങ്കല്‍പം. ശുദ്ധസംഗീതത്തിന്റെ ശാസ്ത്രീയ വഴികള്‍ അഭ്യസിക്കുകയും ബാല്യത്തില്‍തന്നെ ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടെങ്കിലും തന്റെ സംഗീതം തെളിമയുള്ളതും ലാളിത്യമാര്‍ന്നതും ജനപ്രിയമായതുമായിരിക്കണം എന്ന ചിന്താഗതിക്കാരനായിരുന്നു ബാലഭാസ്‌കര്‍.

BALABHASKAR 1

അദ്ദേഹത്തിന്റെ ഫ്യൂഷന്‍ മ്യൂസിക്കുകളും ജുഗല്‍ബന്ദികളും ഇത് സാധൂകരിക്കുന്നു.
വര്‍ത്തമാനകാലം ആവശ്യപ്പെട്ട ഈണങ്ങള്‍ തന്ത്രിവാദ്യത്തിന്റെ പരിമിതികള്‍ കടന്ന് ഭാവാദ്രതയോടെ ബാലഭാസ്‌ക്കര്‍ വേദികളില്‍ അവതരിപ്പിച്ചു. അങ്ങനെ അദ്ദേഹം പരിചിതമായ, കേട്ടുമറന്ന ഈണങ്ങളിലൂടെ ജനഹൃദയത്തെ കീഴടക്കി. രാഗങ്ങളുടെയും ഈണങ്ങളുടെയും ഭാവസാന്ദ്രതയിലേക്കാണ് ബാലഭാസ്‌കര്‍ തന്റെ ആസ്വാദകരെ കൂട്ടിക്കൊണ്ടുപോയത്. മഹാവാദകന്‍മാരായിരുന്ന മൈസൂര്‍ ടി ചൗടഡയ്യ, എം എസ് ഗോപാലകൃഷ്ണന്‍, കുന്നക്കുടി, എല്‍ സുബ്രഹ്മണ്യം, എന്‍ വൈദ്യനാഥന്‍ തുടങ്ങിയവര്‍ പൊതുവേദികളില്‍ ഈ പാത അവലംബിച്ചിട്ടുള്ളവരാണ്.
കര്‍ണാടക സംഗീതത്തിന്റെ അകമ്പടി വാദേ്യാപകരണമായ വയലിന് ജനകീയ സംഗീതത്തിന്റെ മുഖം നല്‍കിയവരില്‍ കേരളത്തില്‍ പ്രഥമസ്ഥാനം ബാലഭാസ്‌ക്കറിനായിരിക്കും. ഇലക്ട്രിക് വയലിന്‍ കേരളത്തിലെ വേദികള്‍ക്ക് പരിചിതമാക്കിയതിന്റെ കീര്‍ത്തിയും ബാലഭാസ്‌ക്കറിനു തന്നെ.
”വയലിന്‍ എന്ന സംഗീതോപകരണത്തിന്റെ പ്രായോഗിക സാധ്യത വച്ചുനോക്കുമ്പോള്‍ ബാലഭാസ്‌ക്കര്‍ അതില്‍ വല്ലാത്ത കൈയടക്കമാണ് കാട്ടിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രായംകൂടി പരിഗണിക്കുമ്പോള്‍ വലിയ കലാകാരന്‍മാര്‍ക്ക് സാധ്യമായ കാര്യങ്ങളാണ് ബാലഭാസ്‌കര്‍ ചെയ്തുവച്ചിരിക്കുന്നത്. ലളിത സംഗീതത്തിന്റെ വഴികളില്‍ സഞ്ചരിക്കുമ്പോഴും അതില്‍ അതിശക്തമായ ക്ലാസിക്കല്‍ ശൈലിയും ഉള്‍ക്കൊണ്ടിരുന്നു.”- പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മുഖത്തല ശിവജി വിലയിരുത്തുന്നു.
വഴങ്ങാന്‍ പ്രയാസമുള്ള വയലിന്‍ പോലുള്ള ഉപകരണത്തെ അയത്‌നലളിതമായ ഒരു വാദനോപകരണമാക്കിയാണ് ബാലഭാസ്‌കര്‍ അവതരിപ്പിച്ചത്. മാത്രമല്ല വയലിനെ അദ്ദേഹം ജനപ്രിയമാക്കുകയും ചെയ്തു. ഫ്യൂഷന്‍ സംഗീതത്തിനും ജുഗല്‍ ബന്ദികള്‍ക്കുമൊക്കെ അപ്പുറം സ്വയം കണ്ടെത്തി മൗലിക സൃഷ്ടികള്‍ക്ക് ജന്‍മം നല്‍കേണ്ടുന്ന ഒരു പ്രായത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് വിധി ആ പ്രകാശം കെടുത്തിക്കളഞ്ഞത്. പ്രശസ്ത വയലിന്‍ വാദകനായ ബി ശശികുമാറിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ച ബാലഭാസ്‌കറില്‍ നിന്ന് തീര്‍ച്ചയായും ഉന്നതമായ സൃഷ്ടികള്‍ ഉണ്ടാകുമായിരുന്നു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ബാലഭാസ്‌ക്കറിന്റെ സംഗീതവഴികളും പ്രണയവുമൊക്കെ താല്‍പര്യത്തോടെയാണ് ആസ്വാദകര്‍ ഉള്‍ക്കൊണ്ടിരുന്നത്.പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന മകളുടെ ദീര്‍ഘായുസിനുള്ള വഴിപാടുകള്‍ നേര്‍ന്ന് മടങ്ങിയ കുടുംബത്തിന്റെ അപകടം സെപ്റ്റംബര്‍ 23 ലെ പുലരിയില്‍ വല്ലാത്ത വിഷാദമാണ് നിറച്ചത്. ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനിയും ഒന്നിച്ചുള്ള ചിത്രത്തോടെ വന്ന വാര്‍ത്തകള്‍ അസ്വസ്ഥത നിറയ്ക്കുന്നതായി. ഇവരുടെ പേരുകളുടെ അര്‍ഥത്തിനിണങ്ങാത്ത വിപര്യമാണ് വിധി നടപ്പിലാക്കിയത്. സംഗീതലോകത്ത് ബാലസൂര്യനെ പോലെ തിളങ്ങുന്ന ബാലഭാസ്‌കര്‍ അകാലത്തില്‍ അസ്തമിച്ചിരിക്കുന്നു. കുഞ്ഞുമാലാഖയെപോലുള്ള തേജസ്വിനിയെ മരണം ആദ്യമേ അപഹരിച്ചു. ലാവണ്യവതിയായ ലക്ഷ്മി വിയോഗങ്ങളുടെയും ഏകാന്തതയുടെയും നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുടെ ലോകത്തേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.
മനുഷ്യന്റെ വാഴ്‌വ് കിനാവു മാത്രമാകുന്ന ദുരേ്യാഗം. ജീവിതാവസ്ഥകളുടെയും പൊരുളുകളുടെയും അര്‍ഥം ദുരൂഹമായി തന്നെ നില്‍ക്കുന്നു. തേജസ്വിനിയുടെയും ബാലഭാസ്‌കറിന്റെയും വിയോഗം പ്രാര്‍ഥനകളും ജപങ്ങളും എവിടെയാണ് സമര്‍പ്പിക്കപ്പെടേണ്ടതെന്നറിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു.
ബാലഭാസ്‌കര്‍ ജീവിച്ചിരുന്ന വര്‍ഷങ്ങളുടെ ദൈര്‍ഘ്യം വച്ച് അളന്നാല്‍ അദ്ദേഹം ഒട്ടേറെ സംഗീത സംഭാവനകള്‍ നല്‍കിയിരിക്കുന്നു എന്നു പറയാം. എന്നാല്‍ ആ പ്രതിഭയുടെ മാറ്റ് അനുസരിച്ച് ഉന്നത സൃഷ്ടികള്‍ മേലില്‍ പിറക്കാനുള്ളതായിരുന്നു. ഇതുവരെയുള്ള അദ്ദേഹത്തിന്റെ സാധനയും പരിശീലനവും കഠിനപ്രയത്‌നവും സമന്വയിച്ച് അപൂര്‍വസൃഷ്ടികള്‍ ഉരുവം കൊള്ളേണ്ട പ്രായത്തിലേക്ക് കടക്കുമ്പോഴാണ് ബാലഭാസ്‌ക്കര്‍ വിടപറഞ്ഞിരിക്കുന്നത്.
ജനപ്രിയ സംഗീതത്തിന് ബാലഭാസ്‌കര്‍ നല്‍കിയ ഹൃദയരാഗങ്ങള്‍ പ്രണയം പോലെ നിലനില്‍ക്കുകയും വിയോഗം വേദനിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും.

ജന്മാന്തര ബന്ധം

അഡ്വ. കെ ബി ഇംതിയാസ് മുഹമ്മദ്

ആരാണ് എനിക്ക് ബാലഭാസ്‌കര്‍? ജന്മാന്തരബന്ധമെന്നൊക്കെ പറയാറില്ലേ. കുഞ്ഞു സഹോദരനോ, അതോ മകനോ? കേരള സര്‍വ്വകലാശാലയുടെ മികച്ച ഗായകനുള്ള പുരസ്‌കാരം ആദ്യമായി ഞാന്‍ വാങ്ങുമ്പോള്‍ ബാലഭാസ്‌കര്‍ ജനിച്ചിട്ടുപോലുമില്ല. പക്ഷേ എത്രവേഗമാണ് അവന്‍ പ്രശസ്തിയുടെ പടവുകള്‍ ചവുട്ടിക്കയറിയത്. അതുകണ്ട് പ്രപഞ്ചനാഥന്‍പോലും അസൂയപ്പെട്ടിട്ടുണ്ടാവും.

സംഗീതം എന്നത് പൈതൃകമായ വരദാനമാണ്. ഞാന്‍ ഗായകനാകുന്നത് സംഗീതജ്ഞനായ എന്റെ പിതാവ് എന്‍ കെ ബഷീര്‍ജാനില്‍ നിന്നും കേട്ടു പഠിച്ചതും അനുഭവിച്ചറിഞ്ഞതുമായ പാഠങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ്. ബാലഭാസ്‌കര്‍ അത് സ്വായത്തമാക്കിയത് അമ്മാവനായ പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാറില്‍ നിന്നും.
ബാലഭാസ്‌കറിന്റെ സംഗീതവഴികളെ നോക്കിക്കാണുന്ന ഒരാളിനും ശശികുമാറിനെ മാറ്റിനിറുത്തി അത് പൂര്‍ത്തീകരിക്കാനാവില്ല. ഞാന്‍ ഓഡിഷന് ആകാശവാണിയില്‍ പോകുമ്പോള്‍ മാവേലിക്കര കൃഷ്ണന്‍കുട്ടിനായരും എം ജി രാധാകൃഷ്ണനും ശശികുമാറും ഒക്കെയായിരുന്നു അവിടുത്തെ പ്രമാണികള്‍. എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചത് ശശികുമാര്‍ സാറായിരുന്നു. സംഗീതത്തെയല്ലാതെ മറ്റൊന്നിനെയും ഉപാസിക്കാത്ത ശുദ്ധ സംഗീതജ്ഞനായിരുന്നു അദ്ദേഹം. അത്തരമൊരാളിന്റെ പൈതൃകവും അനുഗ്രഹവും അവകാശപ്പെടാവുന്ന ബാലഭാസ്‌കര്‍ ഉദിച്ചുയര്‍ന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
ബാലഭാസ്‌കറിന്റെ സംഗീത സപര്യയെ വിശകലനം ചെയ്യുമ്പോള്‍ അല്പം ഗര്‍വ്വില്ലേയെന്ന് ശങ്കിച്ചേക്കാം. ബാലഭാസ്‌കര്‍ അതായിരുന്നില്ല. തികച്ചും ഒരു പെര്‍ഫെക്ഷണിസ്റ്റ്. കോളജിലായാലും ആഡിഷന്‍ റൂമിലായാലും ചെറിയൊരു അലോസരം പോലും ഇഷ്ടപ്പെട്ടിരുന്നില്ല. പ്രായത്തില്‍ കവിഞ്ഞ പക്വത എന്നു പറയാം. ആരോ ഒന്ന് ചുമച്ചതിന് റിക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയതിനു പിന്നില്‍ അഹംഭാവമായിരുന്നില്ല, സംഗീതത്തോടുള്ള സമര്‍പ്പണമായിരുന്നു. സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് മുമ്പ് മണിക്കൂറുകളോളം വയലിനുമൊത്ത് ഉപാസിക്കുന്നതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. ഒരു മണിക്കൂര്‍ പ്രോഗ്രാമിനുവേണ്ടി മണിക്കൂറുകള്‍ നീളുന്ന റിഹേഴ്‌സലാണ്. താന്‍ സ്വായത്തമാക്കിയ കലയില്‍ ഒരു പിഴവുപോലും വന്നുകൂടായെന്ന നിഷ്‌കര്‍ഷ എപ്പോഴും വച്ചു പുലര്‍ത്തിയിരുന്നു.
സംഗീതത്തോടും സദ്ചിന്തകളോടും മാത്രമായിരുന്നു പ്രതിപത്തി.

BALABHASKAR AND LAKSHMI

വയലിനെയാണോ ലക്ഷ്മിയെയാണോ ജാനിയെയാണോ കൂടുതല്‍ സ്‌നേഹിച്ചിരുന്നത് എന്നതിന് ഉത്തരം വയലിന്‍ തന്നെയാണെങ്കിലും പ്രിയം പ്രിയതരം എന്നു മാത്രമേ അതിനെ വിശേഷിപ്പിക്കാനാകൂ. തന്റെ ചുറ്റുമുള്ളവര്‍ക്കുമാത്രമല്ല, എല്ലാവര്‍ക്കും നന്മ വരണമെന്നായിരുന്നു ബാലഭാസ്‌കര്‍ ആഗ്രഹിച്ചിരുന്നത്. ഇഷ്ടവാഹനത്തെക്കുറിച്ചുള്ള ഒരു അഭിമുഖത്തില്‍ വാതോരാതെ പറഞ്ഞിരുന്നത് അത്രയും സുരക്ഷയെക്കുറിച്ചായിരുന്നു. ആ പിഴവാണല്ലോ ദുരന്തത്തിന് കാരണമായതെന്നോര്‍ക്കുമ്പോള്‍ മനസ്സ് ആകുലമാകുന്നു.

ഇത്രയും സുഹൃദ്‌വലയം ഉള്ള മറ്റൊരു സംഗീതജ്ഞനെയും ഞാന്‍ കണ്ടിട്ടില്ല. ചുണ്ടിലെ നറു പുഞ്ചിരിയും ഒരിക്കലും മായുമായിരുന്നില്ല. ‘എന്റെ മനസ് നിറയെ സംഗീതവും വയലിനും’ മാത്രമാണെന്ന് ആവര്‍ത്തിക്കുമായിരുന്നു. ഒരു മ്യൂസിക് സ്‌കൂള്‍ തുടങ്ങണമെന്ന ആഗ്രവും പങ്കുവച്ചിരുന്നു. മനസില്‍ സംഗീതമുണ്ടെങ്കില്‍ പ്രായം ഒരിക്കലും പ്രശ്‌നമാകില്ലെന്ന് ബാലു പറയുമായിരുന്നു. കര്‍ണാടക സംഗീതവും വെസ്റ്റേണ്‍ മ്യൂസിക്കും ചെറുപ്രായത്തില്‍ ഇത്രയും സമഞ്ജസമായി സമ്മേളിച്ച മറ്റൊരാള്‍ ഉണ്ടാകില്ല. പാട്ട് അവതരിപ്പിക്കുക മാത്രമല്ല, ആസ്വാദകരുമായി വയലിനിലൂടെ ആശയവിനിമയം നടത്താനും ബാലഭാസ്‌കറിനു കഴിഞ്ഞിരുന്നു. കര്‍ണാടക സംഗീത്തെ ലളിതഗാനത്തിന്റെ ശൈലിയിലേക്ക് കൊണ്ടുവന്നതും ബാലുവിന്റേത് മാത്രമായ ധീരമായ കാല്‍വയ്പ്പാണ്. വെസ്റ്റേണ്‍ മ്യൂസിക്കിനെയും അയത്‌നലളിതമായി കൈകാര്യം ചെയ്തു.

കാലദേശങ്ങള്‍ക്കതീതമായി സംഗീതത്തെ ജനകീയമാക്കിയ യുവകലാകാരന്മാരില്‍ പകരംവയ്ക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് ബാലുവിന്റേത്. യൂണിവേഴ്‌സിറ്റി കോളജിലും കലാഭവനിലും ശാന്തികവാടത്തിലും നിരനിരയായി നിന്ന് അശ്രുപുഷ്പങ്ങള്‍ അര്‍പ്പിച്ചവരിലേറെയും ആ അസാമാന്യ ചാതുരിയില്‍ ആകൃഷ്ടരായവരായിരുന്നു. ചെറുപ്രായത്തില്‍ തന്നെ സംഗീത ലഹരിയാല്‍ ആസ്വാദക മനസുകളെ ഇത്രയും വശീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ശേഷിച്ചകാലം എത്രയെത്ര മാസ്മര മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനാകുമായിരുന്നു. മുഴുമിപ്പിക്കാത്ത ഒരു മനോഹര വയലിന്‍ ഫ്യൂഷനെപോലെ തേജസ്വിനിക്കൊപ്പം ബാലുവും വിടചൊല്ലി. താളവും രാഗവും ചേലും ചാരുതയുമില്ലാത്ത ലോകത്ത് എങ്ങനെ ആ യാഥാര്‍ത്ഥ്യത്തെ ലക്ഷ്മിക്ക് ഉള്‍ക്കൊള്ളാനാകും!

പറന്നുപോയ് നീ അകലേ, നിറന്ന പൊന്‍ ചിറകുമായ്
പറന്നണഞ്ഞു, നിണം വാര്‍ന്ന ചിറകുമായ് പറന്നകന്നു……

തുഷാരാര്‍ദ്ര പുഷ്പങ്ങള്‍ ഇതള്‍ നീര്‍ത്തുമോര്‍മ്മകള്‍
നിനക്കായി മാത്രം ഞാന്‍ തുറന്നുവച്ചു…….’