Web Desk

December 10, 2019, 2:24 pm

ബാലഭാസ്കറിന്റെ മരണം: സിബിഐക്ക് വിടുന്നു,നിലപാടിലുറച്ച് മാതാപിതാക്കൾ

Janayugom Online

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു.

you may also like this video

അപകടത്തില്‍ ദുരൂഹതയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഉണ്ണി പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചെന്ന് ഉദ്യോഗസ്ഥര്‍ ഡിജിപിയെ ധരിപ്പിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തുടര്‍ന്നാണ് ഏറെ ചര്‍ച്ചയായ കേസായതിനാല്‍ സിബിഐ അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടില്‍ ഡിജിപി എത്തിയത്.

ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷന് സമീപം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു. അമിത വേഗതയില്‍ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. വാഹനമോടിച്ചത് ആരെന്ന ആശയക്കുഴപ്പവും വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. പാലക്കാട് ഉള്ള ഡോക്ടര്‍ക്കെതിരെയും ബാലഭാസ്‌കറിന്റെ കുടുംബം ആരോപണവുമായി എത്തി.മരണത്തിന് മുന്നിൽ ഗൂഢാലോചന നടന്നു എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.