ബാലഭാസ്‌ക്കറിന്‍റെ മരണം; സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലുള്ള വിഷ്ണുവിലേക്ക് കൂടുതല്‍ അന്വേഷണം

Web Desk
Posted on June 10, 2019, 11:45 am

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്‍ സാമ്പത്തിക ഇടപാടുകളിലെ മുഖ്യ കണ്ണിയായിരുന്നു വിഷ്ണുവെന്ന സംശയത്തില്‍ ഡിആര്‍ഐ. വിഷ്ണു ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലാണ്.  വിഷ്ണുവിന്റെ ദുബായിലെ ബിസിനസ്സ് ഇടപാടുകള്‍ ഡിആര്‍ഐ പരിശോധിച്ചു തുടങ്ങി. അതേസമയം, അപകട സ്ഥലത്തെത്തിയവരുടെ ഫോണ്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു.

ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ വിഷ്ണുവിന് മുഖ്യപങ്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന നിഗമനങ്ങളിലേക്കാണ് ഡിആര്‍ഐയും ക്രൈംബ്രാഞ്ചും എത്തുന്നത്. വിഷ്ണുവിന് ബിസിനസ്സ് തുടങ്ങാന്‍ ബാലഭാസ്‌കര്‍ പണം നല്‍കിയിരുന്നു. പക്ഷെ ഈ സംരഭം അധികനാള്‍ നീണ്ടു നിന്നില്ല.

ബാലഭാസ്‌ക്കറിന്റെ മരണ ശേഷമാണ് ദുബായില്‍ വിഷ്ണു ബിനസസ്സ് തുടങ്ങിയെന്നാണ് കണ്ടെത്തല്‍. ഇതിനുള്ള പണം എവിടെ നിന്ന് വന്നുവെന്നതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. വിഷ്ണുവിന്റെ ജീവനക്കാരനാണ് ദുബായിലെ സ്വര്‍ണ കടത്തിലെ ഇടനിലക്കാരനായ ജിത്തുവെന്ന ആകാശ് ഷാജിയെന്ന് ഡിആര്‍ഐ കണ്ടത്തി.