തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെയും മകൾ തേജസ്വനി ബാലയുടെയും അപകടമരണം സംബന്ധിച്ച് സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം സമർപ്പിച്ച എഫ്ഐആറാണ് കോടതി അംഗീകരിച്ചത്. ക്രൈംബ്രാഞ്ചും, മംഗലാപുരം പൊലീസും അന്വേഷണത്തിൽ കണ്ടെത്തിയ ഡ്രൈവർ അർജുൻ തന്നെയാണ് സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലെയും പ്രതി.
2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപി എഫ് ക്യാമ്പിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു. മംഗലാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാൽ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ബാലഭാസ്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. ബാലഭാസ്കറിന്റെ മരണം അപകട മരണമാണോ, മരണത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം സിബിഐ അന്വേഷിക്കുമെന്നും എസ് പി നന്ദകുമാർ നായർ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു.
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്നായിരുന്നു പൊലീസിന്റെയും, ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. ഈ നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത് സാക്ഷി മൊഴിയും, ഫോറൻസിക് റിപ്പോർട്ടുമായിരുന്നു. ബാലഭാസ്കറിന്റെ ഒപ്പം അപകടസമയത്ത് കാറിലുണ്ടായിരുന്ന ഭാര്യയുടെ മൊഴിയും അർജുൻ കാർ ഓടിച്ചു എന്നായിരുന്നു. ഇത് തന്നെയായിരുന്നു ബാലഭാസ്കറിന്റെ സഹോദരി ഭർത്താവ് പ്രസാദ് ലോക്കൽ പൊലീസിന് നൽകിയ മൊഴിയും. എന്നാൽ ഈ സാഹചര്യങ്ങൾ മുൻനിർത്തി സിബിഐക്ക് അന്വേഷിക്കാൻ കഴിയില്ല. ഇതിനു കാരണം ഇപ്പോൾ പ്രതി പട്ടികയിലുള്ള ഡ്രൈവർ അർജുന്റെ നിർണായക വെളിപ്പെടുത്തലാണ്. ഈ വിവരം അർജുൻ പറയുന്നതും കോടതിയിൽ തന്നെ നൽകിയ ഹർജിയിലാണ്. ബാലഭാസ്കറിനെയും കുടുംബത്തെയും എതിർകക്ഷികളാക്കി അർജുൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണലിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത് ബാലഭാസ്കറാണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നും, അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്നുമാണ്.
Sub: Balabhaskar’s accidental death: CBI accepts FIR in court file
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.