ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

Web Desk
Posted on July 14, 2019, 12:22 pm

കൊച്ചി: വലയിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹത നീക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കുടുംബം ഹൈക്കോടതിയിലേക്ക്. ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമാണെന്നും കുറ്റക്കാരെ കണ്ടെത്താന്‍ ഫലപ്രദമായ അന്വേഷണം വേണമെന്നും ആണ് തുടക്കം മുതല്‍ കുടുംബം ആവശ്യപ്പെടുന്നത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. കേസന്വേഷണത്തിന് ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇതിന്റെ സാധ്യതകള്‍ തേടിയാണ് അഭിഭാഷകരുമായി കൂടിക്കാഴ്ച.