ബാലഭാസ്കറിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ടു

Web Desk
Posted on August 27, 2019, 6:55 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടു. സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കുന്നു.ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ  കണ്ടെത്തല്‍ ഈ സാഹചര്യത്തിലാണ് നിവേദനം നല്‍കിയത്.

അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്‌ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം, വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നുവെന്നാണ് അര്‍ജുന്‍ പൊലീസില്‍ പറഞ്ഞത്.

കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‌കര്‍ പുറകിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്ന് ഭാര്യ ലക്ഷമിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്. പൊലീസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവില്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയില്‍ പോകുന്നത് ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു.

you may also like this video