Monday
22 Apr 2019

ആരോടാണ് ഞാന്‍ അഹങ്കരിക്കേണ്ടത്? 

By: Web Desk | Friday 9 November 2018 10:33 AM IST


പല്ലിശ്ശേരി

ഒളിവു ജീവിതം അവസാനിപ്പിച്ച് ബാലചന്ദ്രമേനോന്‍ തിരികെ എത്തിയപ്പോള്‍ ചോദിച്ചു.
ബാലചന്ദ്രമേനോന്‍ എവിടെയായിരുന്നു? താങ്കളെക്കുറിച്ച് പലതും കേട്ടിരുന്നു. താങ്കള്‍ ഗുരുതരാവസ്ഥയിലാണ്. ഏതു നിമിഷവും മരിക്കാം. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?
”എന്റെ കണ്ടീഷന്‍ വളരെ മോശമായിരുന്നു. എന്നെ ചികിത്സിച്ച ഡോക്ടറുടെ ഭാഷയില്‍ പറഞ്ഞാല്‍, അസാധാരണ ദൈവാധീനമുള്ള മനുഷ്യനായതുകൊണ്ടാണ് ഈ കടമ്പ കടന്നതെന്നാണ്. അപ്പോള്‍ എനിക്കുതോന്നി, രോഗിയായി കിടക്കയില്‍ ചുരുണ്ടുകിടക്കേണ്ട സമയമല്ല. അപ്പോള്‍ എന്നെ സഹായിച്ചത് എന്റെ സാഹിത്യപ്രണയമാണ്. ഹൈദരാബാദിലെ മണ്ണിലും തുരുമ്പിലും എല്ലാറ്റിലും ഞാന്‍ കൗതുകം കണ്ടെത്തി. വെക്കേഷന്‍ ദിവസങ്ങളില്‍ പാര്‍ക്കില്‍ പോയിരുന്നു. ക്ഷീണിച്ചിരുന്ന എന്റെ ഫോട്ടോകള്‍ എടുക്കാന്‍ എന്റെ മകനുമുന്നില്‍ ഞാന്‍ മോഡലായി. അങ്ങനെയിരുന്നപ്പോള്‍ എനിക്കു എഴുതാനുള്ള മൂഡുണ്ടായി. അസുഖം ഭേദമായി ഞാന്‍ വന്ന ഉടനെ രണ്ടു കാര്യങ്ങള്‍ ചെയ്തു.
എല്‍എല്‍ബി പരീക്ഷ പാസായി.
രണ്ടു പുതിയ പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു.
”താങ്കള്‍ ചിരിച്ചുകൊണ്ട് പ്രതികാരം ചെയ്യുന്ന ആളാണെന്ന് പൊതുവെ സംസാരമുണ്ട്.
അന്നും ഇന്നും എന്നെസംബന്ധിച്ച് എനിക്ക് ഒരാളോടും പ്രതികാരബുദ്ധിയോടെ പെരുമാറാന്‍ പറ്റില്ല. വാശി ഉണ്ടാകും. ഇല്ലെന്നു പറയാന്‍ കഴിയില്ല. എനിക്ക് അനിഷ്ടമായ കാര്യം ആരുപറഞ്ഞാലും അതെനിക്ക് ഇഷ്ടമല്ലെന്നു ഞാന്‍ പറയും. അടുത്ത് ആര് നില്‍ക്കുന്നുവെന്നോ അങ്ങനെ പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ എന്തെന്നോ നോക്കാറില്ല. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നയാളാണ്. എന്നെ നിങ്ങള്‍ വേദനിപ്പിച്ചാല്‍ നാളെ നിങ്ങളെ മറ്റൊരാള്‍ വേദനിപ്പിക്കാതെ നിങ്ങള്‍ മരിക്കില്ല. എനിക്ക് തോന്നിയ വികാരം റെപ്രസന്റു ചെയ്യാന്‍ വേറൊരാളുണ്ട്. അതുകൊണ്ട് എനിക്കാരോടും പ്രതികാരബുദ്ധിയില്ല. നമ്മള്‍ എല്ലാവരും ഒരു പാസ്‌പോര്‍ട്ടായിട്ടാണ് ഭൂമിയില്‍ വന്നിരിക്കുന്നത്. എല്ലാവര്‍ക്കും ഒരേ അവകാശമാണ് ഈ ഭൂമിയില്‍. അതുകൊണ്ട് ഒരുത്തന്‍ നശിച്ചതുകൊണ്ട് നമുക്ക് പ്രയോജനമില്ല. ഇനി ഒരുവന്റെ അധഃപതനത്തെയോ അവന്റെ നാശത്തേയോ കാംക്ഷിക്കുന്ന ഒരു സുഹൃത്തിനെ എനിക്ക് വെറുപ്പാണ്. ഞാനത്തരക്കാരെ കൂടെ കൂട്ടാറില്ല.
”രാഷ്ട്രീയം”
”രാഷ്ട്രീയമില്ലാതെ ഒരാള്‍ക്കു ജീവിക്കാന്‍ പറ്റില്ല” എന്ന് പ്രശസ്തമായ ക്വട്ടേഷനാണ്. എന്നാല്‍ എനിക്കു വ്യക്തിപരമായി രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. കാരണം എന്റെ അഭിപ്രായങ്ങള്‍ എനിക്ക് വളച്ചൊടിക്കാന്‍ കഴിയില്ല.
”എഴുത്തിന്റെ ലോകത്ത് സജീവമാകുന്നു”
”അതെ, സിനിമയില്‍ കഥ, തിരക്കഥ, സംഭാഷണം, അഭിനയം, സംവിധാനം, നിര്‍മാണം, എഡിറ്റിങ്, സംഗീതം എന്നിവ ചെയ്തിട്ടുണ്ടെങ്കിലും എന്നെ ഏറ്റവും കൂടുതല്‍ ധന്യനാക്കുന്നതും സമ്പന്നനാക്കുന്നതും എന്റെ പേനയാണ്. ഒരുതുണ്ടു പേപ്പറും ഒരു പേനയും കിട്ടിയാല്‍ ഞാന്‍ രാജാവാണ്. ഇവിടെ ഞാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വലിയൊരു അടിമകൂടിയാണ്. അദ്ദേഹം അമ്പത്തിയൊന്നു അക്ഷരമുണ്ടോ എന്നു സംശയിച്ചിട്ട് എഴുതിയതുപോലെ എനിക്ക് ഭയങ്കര സ്വാതന്ത്ര്യമാണ്. ക്യാമറയെപ്പറ്റി ചിന്തിക്കണ്ട, പ്രൊഡക്ഷന്‍ കോസ്റ്റ് നോക്കണ്ട. ഞാനും വെള്ളപേപ്പറും പേനയും കാഴ്ചശക്തിയുള്ള കണ്ണുകളും മാത്രം മതി.

  •  ജീവിതത്തിന്റെ അവസാനംവരെ പേനയുടെ ഉപാസകനായി ഞാന്‍ ജീവിക്കും.
  •  ഇതുവരെയുളള ജീവിതത്തില്‍ സംതൃപ്തനാണോ എന്നു ചോദിച്ചാല്‍?
  •  നൂറ്റിയൊന്നു ശതമാനം ഞാന്‍ സംതൃപ്തനാണ്. എന്തിനു ഞാന്‍ അസംതൃപ്തനാകണം?
  •  ബാലചന്ദ്രമേനോന്‍ അഹങ്കാരിയാണല്ലെ എന്നു ചോദിച്ചാല്‍?
  •  (ചിരിക്കുന്നു) കോടാനുകോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും ചിന്നിച്ചിതറിക്കിടക്കുന്ന ഈ വിശ്വമഹാകടാഹത്തിന്റെ ഒരു മൂലയില്‍ ഒതുങ്ങിക്കിടക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത്, ഉണക്കാനിട്ടിരിക്കുന്ന എന്റെ അപ്പൂപ്പന്റെ കൗപീനം പോലെ ചുരുണ്ടുകിടക്കുന്ന കേരളത്തിന്റെ മൂലയില്‍, കൊല്ലം ബീച്ചിലെ പരശതം കോടിക്കണക്കിനു മണല്‍ത്തരികള്‍ക്കിടയില്‍ ഇരിക്കുന്ന ഞാന്‍ ആരോടാണ് അഹങ്കാരം കാണിക്കേണ്ടത്? എല്ലാവര്‍ക്കുമായി ഈ ചോദ്യവും ഉത്തരവും ഷെയര്‍ ചെയ്യണമെന്നു പറഞ്ഞ് ബാലചന്ദ്രമേനോന്‍ ചിരിച്ചു.
Related News