ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു

Web Desk
Posted on June 18, 2019, 2:28 pm

കൊടുങ്ങല്ലൂര്‍: കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ (54) നിര്യാതനായി. റോഡില്‍ അവശനിലയില്‍ കണ്ടത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചുള്ളിക്കാടിന്റെ സഹോദരന്‍ ദിവസങ്ങളായി തെരുവോരത്ത് കഴിഞ്ഞിരുന്നത് നേരത്തേ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സഹോദരനെ കാണാന്‍ ഒടുവില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തിയിരുന്നു. പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലും താലൂക്ക് ആശുപത്രിയിലും എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹോദരനു സഹായവും നല്‍കി.

ഭക്ഷണം ലഭിക്കാതെ അവശനിലയില്‍ പറവൂരില്‍ റോഡരികില്‍ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന്  പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്‍ എത്തിച്ചു. പിന്നീട് ആരോഗ്യ നില മോശമായതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം അറിഞ്ഞു ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊടുങ്ങല്ലൂരില്‍ എത്തുകയായിരുന്നു. വെളിച്ചം അഗതി മന്ദിരത്തിനും അദ്ദേഹം സഹായം നല്‍കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടുവിട്ടിറങ്ങിയ അവിവാഹിതനായ ചന്ദ്രന്‍കുട്ടി പറവൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഏറെക്കാലത്തിനു ശേഷമാണ് ഇവര്‍ കാണുന്നത്.