ബാലചന്ദ്രന് ചുള്ളിക്കാട് ബുദ്ധമതം സ്വീകരിക്കാന്‍ കാരണം

പല്ലിശ്ശേരി
കവിതകള്‍ ചൊല്ലി പ്രേക്ഷകരെ കയ്യിലെടുത്തു. കവിതകള്‍ എഴുതി ആരാധകരെ സൃഷ്ടിച്ചു. പിന്നെ സിനിമയും സീരിയലുകളും ഇതിനായി വിപ്ലവാസ്ഥാനങ്ങളുമായി അടുപ്പം, വിവാഹം, മതംമാറ്റം അങ്ങനെ നിരവധി സംഭവബഹുലമാണ് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ജീവിതം.
മാല്യങ്കര കോളജിലാണ് ബാലചന്ദ്രന് ചുള്ളിക്കാട് പഠിച്ചത്. അവിടെ കൊടുങ്ങല്ലൂരില്‍ നിന്നുള്ള വിദ്യര്ഥികളുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ അന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു. സച്ചിതാനന്ദന്, കെ വേണു, മേഘനാഥന്, ടി എന്‍ ജോയ് ഇവരൊക്കെ കൊടുങ്ങല്ലൂരായിരുന്നു. ഇവരൊക്കെ നക്സലൈറ്റുകളും ആയിരുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിനു കാര്യങ്ങള്‍ അറിയണമെന്നും സച്ചിതാനന്ദനുമായി ബന്ധപ്പെടണമെന്നും ആഗ്രഹിച്ചു. കൊടുങ്ങല്ലൂരില്‍ ചെന്ന് അഡ്വ. മേഘനാഥനെയും കെ വേണുവിനെയും ടി എന്‍ ജോയിയേയും പരിചയപ്പെട്ടു. പിന്നെ രവി കുറ്റിക്കാടുവഴി ടി കെ രാമചന്ദ്രനെ പരിചയപ്പെട്ടു. അദ്ദേഹം പിന്നീട് കോഴിക്കോട് യൂണിവേഴ്സിറ്റി കോളജിലെ പ്രഫസറായിരുന്നു. ടി കെ രാമചന്ദ്രന് ഒരു വലിയ സ്വാധീനശക്തിയായി ബാലചന്ദ്രനില്‍ വളര്‍ന്നു. മാര്‍ക്സിസത്തില്‍ പണ്ഡിതനായിരുന്നു. ”സത്യം പറഞ്ഞാല്‍ രവി കുറ്റിക്കാടും സച്ചിതാനന്ദനും വഴിയാണ് ഞാന്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സാംസ്കാരികരംഗത്ത് എത്തിപ്പെട്ടത്. പിന്നീട് അവരുടെ സാംസ്കാരികവേദി രൂപീകരിക്കപ്പെട്ടപ്പോള്‍ ഞാനവരുടെ സഹയാത്രികനായി മാറി. ആശയപ്രചരണമായിരുന്നു കവിതയിലൂടെയും നാടകത്തിലൂടെയും സാംസ്കാരിക വേദിയിലൂടെ ഉണ്ടായിരുന്നത്. എന്നാല്‍ അവരുടെ രാഷ്ട്രീയ സംഘടനയുമായി എനിക്ക് ബന്ധമുണ്ടായിരുന്നില്ല. ബാലചന്ദ്രന് ചുള്ളിക്കാട് മനസു തുറന്നു.
സാംസ്കാരിക രംഗം നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമല്ലെ. അപ്പോള്‍ പിന്നെ രാഷ്ട്രീയ സംഘടനയുമായി ബന്ധമുണ്ടായിരുന്നില്ല എന്നു പറയുന്നത് ശരിയാണോ?
നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ രീതികളിലൊന്നിലും ഞാന്‍ പങ്കെടുത്തിട്ടില്ല. എനിക്കതില്‍ താല്പര്യവുമില്ലായിരുന്നു. അതേസമയം സാംസ്കാരിക സംഘടനയില്‍ രണ്ട് ജോലി ഞാന്‍ ചെയ്തു. സാംസ്കാരിക വേദി സംഘടിപ്പിച്ച കവിയരങ്ങുകളില്‍ കവിത ചൊല്ലി, ആശയാചരണം നടത്തി. പിന്നീട് പാര്‍ട്ടി വിട്ടു.
നക്സല്‍ പ്രസ്ഥാനത്തോട് അനുഭാവം ഉണ്ടാകാന്‍ കാരണം?
എന്റെ കൗമാരകാലത്ത് ഇന്ത്യയിലെ ഏറ്റവും ദരിദ്രരായവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യന്‍ ജനാധിപത്യം പരാജയപ്പെടുമെന്ന ബോധം ഒരുവിധം ചെറുപ്പക്കാരില്‍ സാര്‍വത്രികമായിരുന്നു. അതില്‍ ഒരു വിഭാഗം തീവ്രവാദികളോട് അനുഭാവമുള്ളവരായിരുന്നു. ചെറിയൊരു വിഭാഗം മാത്രം. അതിന്നും അങ്ങനെയുണ്ട്. കാരണം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കൂടി ഇന്ത്യയിലെ പാവപ്പെട്ട ദരിദ്രരായ മനുഷ്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന കാര്യം എല്ലാവര്ക്കും അറിയാം. കാരണം ഇന്ത്യന്‍ ഭരണകൂടം സമ്പന്നര്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്നു. ഒന്നായി മാറിക്കഴിഞ്ഞു. പക്ഷേ, ഭരണകൂടം സമ്പന്നരുടേതാണ്. മൂലധന ഉടമകളുടേതാണ് എന്ന ഒരു ധാരണ ഈ ജനാധിപത്യ വ്യവസ്ഥകൊണ്ട് ഇന്ത്യയിലെ ദരിദ്രരായ മനുഷ്യരെ മോചിപ്പിക്കാന്‍ സാധിക്കില്ല എന്ന കാഴ്ചപ്പാടുള്ള ഒരു ചെറിയ വിഭാഗം വിദ്യാര്‍ഥികളുണ്ടായിരുന്നു. ആ വിഭാഗമാണ് നക്സലൈറ്റ് അനുഭാവികളായിരുന്നത്.
എന്നിട്ടും നിങ്ങള്‍ പരാജയപ്പെട്ടു?
ഞങ്ങള്‍ എന്നു പറഞ്ഞാല്‍, താങ്കള്‍ക്കും മാറിനില്ക്കാന് കഴിയില്ല. കാരണം താങ്കള്‍ സമ്പന്നനല്ലെന്നും അതുകൊണ്ട് ഭരണകൂടം താങ്കളോടൊപ്പം ഉണ്ടാകില്ലെന്നും ഞാന്‍ മനസിലാക്കുന്നു. നക്സലൈറ്റുകള്‍ പരാജയപ്പെട്ടത് മൂലധനത്തിന്റെയും ഭരണകൂടത്തിന്റെയും കായികശക്തികൊണ്ടുമാത്രമാണ്. മറ്റൊരു കാരണം, ജനങ്ങളെ അവരുടെ മാര്‍ഗം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ജനങ്ങളുടെ പിന്തുണ കിട്ടിയില്ല.
താങ്കള്‍ക്ക് ഉത്തരവാദിത്തം വന്നത് കല്യാണത്തിനു ശേഷമാണോ?
ഞാനും വിജയലക്ഷ്മിയും 12 വര്‍ഷം ഒരുമിച്ച് ജീവിച്ചതിനുശേഷമാണ് വിവാഹം കഴിച്ചത്. മകന് ഒമ്പതു വയസുള്ളപ്പോഴായിരുന്നു ഞങ്ങളുടെ വിവാഹം. പണിയെടുത്ത് ജീവിക്കണമെന്ന നിശ്ചയമുണ്ടായി. അല്ലാതെ പണിയെടുക്കാതെ കലാകാരനാണ്, കവിയാണ് എന്നൊക്കെ പറഞ്ഞ് സമുദായത്തിന്മേലും മറ്റുള്ളവരുടെ മേലും നികുതിയായി സ്വയം അടിച്ചേല്പിച്ച് ജീവിക്കരുതെന്നും പിരിവു നടത്തി ജീവിക്കരുതെന്നുമുണ്ടായിരുന്നു. അതിന്റെ ഒരപമാനം എനിക്ക് ബുദ്ധിമുട്ടു തോന്നിച്ചു. അതുകൊണ്ടാണ് ഞാന്‍ പണിയെടുത്ത് ജീവിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് പല ജോലികള്‍ ചെയ്ത് സര്‍ക്കാര്‍ ജോലി സ്വീകരിച്ചത്.
സിനിമാനായകന്
”അരവിന്ദന്റെ പോക്കുവെയില്‍” ചിത്രത്തില്‍ നായകനായതെങ്ങനെ?
”സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. ചെറുപ്പം മുതല്‍ അരവിന്ദനെക്കുറിച്ച് കേട്ടിട്ടുണ്ട്. നടനെയല്ല കഥാപാത്രത്തിനു പറ്റിയ ആളെയായിരുന്നു അരവിന്ദന് കാസ്റ്റ് ചെയ്തത്. അതുകൊണ്ടാണ് ‘പോക്കുവെയില്‍’ ചിത്രത്തിലേക്ക് എന്നെ കണ്ടെത്തിയത്. സിനിമയുടെ യാതൊരു ഗ്ലാമറും ചിത്രീകരണത്തിനു ഉണ്ടായിരുന്നില്ല. ഒരു വീടു വാടകക്കെടുത്തു. അരവിന്ദനടക്കം ഞങ്ങള്‍ എല്ലാവരും അവിടെ താമസിച്ചു. ശരിക്കും ഒരു ഉത്സവമായിരുന്നു. സൗഹൃദത്തിന്റെ ഉത്സവം. അതില്‍ നിന്നാണ് സിനിമ ഉണ്ടായത്.”
പിന്നെ തിരക്കഥാകാരനായി
തിരക്കഥയെഴുതിയതും ഗാനങ്ങളെഴുതിയതും യാദൃച്ഛികം തന്നെ. ഹരികുമാര്‍ എന്റെ സുഹൃത്തായതുകൊണ്ടാണ് ‘ജാലകം’ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയത്. രണ്ടു തിരക്കഥകള്‍ എഴുതിയെങ്കിലും എഴുത്തില്‍ വല്ലാത്ത മാനസിക സമ്മര്‍ദ്ദമായിരുന്നു. അതുകൊണ്ടാണ് തിരക്കഥ എഴുത്തും നിര്‍ത്തിയത്. തിരക്കഥ എഴുതാന്‍ കുറെ ഓഫറുകള്‍ വന്നപ്പോഴാണ് ഞാനത് വേണ്ടന്നുവച്ചത്.
”താങ്കള്‍ സിനിമയിലേക്കും സീരിയലുകളിലേക്കും അഭിനയിക്കാന്‍ പോയപ്പോള്‍ കൂടെ ഉണ്ടായിരുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നോ?
എനിക്കു ശരിയെന്നു തോന്നിയതുകൊണ്ടാണ് ഞാന്‍ സീരിയലിലും സിനിമയിലും അഭിനയിച്ചത്. ചിലര്‍ക്ക് അതില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാം. എന്നെ കുറ്റപ്പെടുത്തിയിരിക്കാം. അതുപോലെ എന്നെ ഇഷ്ടപ്പെടുന്നവരും ഉണ്ടാകാം. അതില്‍ എനിക്കൊന്നും പറയാനില്ല.
അഭിനയരംഗത്ത് സജീവമായതുകൊണ്ടാണോ എഴുത്ത് കുറഞ്ഞുപോയത്?
അല്ല. കഠിനമായ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചപ്പോഴാണ് ഞാന്‍ സജീവമായി എഴുതിയത്. ലളിതമായി പറഞ്ഞാല്‍ കഴിവിന്റെയും പ്രചോദനത്തിന്റെയും കുറവുകൊണ്ടാണ് എഴുത്തു കുറഞ്ഞത്.
താങ്കള്‍ക്ക് ഇമേജ് പ്രശ്നമാണോ?
ഒരു കാലത്തും എനിക്ക് ഇമേജ് പ്രശ്നമായിട്ടില്ല. കാരണം, ഇമേജിനുവേണ്ടി ജീവിക്കുന്നത് വലിയൊരു മാനസിക പീഡനമാണ്. നമുക്കു സന്തോഷമുള്ള ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. മദ്യപിക്കാന്‍ തോന്നിയപ്പോള്‍ മദ്യപിച്ചിട്ടുണ്ട്. മദ്യപാനം വേണ്ട എന്നു തോന്നിയപ്പോള്‍ നിര്‍ത്തിയിട്ടുണ്ട്. ഇത് രണ്ടും നമ്മുടെ സ്വാതന്ത്ര്യമാണ്.
ബുദ്ധമതത്തില്‍ ചേരാന്‍ കാരണം
സ്കൂളില്‍ പഠിക്കുമ്പോള്‍ കുമാരനാശാന്റെ ‘ശ്രീബുദ്ധചരിതം’ വായിച്ചു. അന്നു മുതല്‍ ബൂദ്ധനോടും ബുദ്ധമതത്തിനോടും അഭിനിവേശമുണ്ടായിരുന്നു. എന്നാല്‍ ആ മതത്തില്‍ ചേരാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ മാധവിക്കുട്ടി ഇസ്ലാം മതത്തില്‍ ചേര്‍ന്നപ്പോള്‍ മാധവിക്കുട്ടിക്കെതിരെ മോശമായ രീതിയില്‍ വിമര്‍ശനവും മാനസിക പീഡനവും ആക്ഷേപവും സംസ്കാരത്തിന്റെ എല്ലാവിധ സീമകളും ലംഘിച്ചുകൊണ്ട് ആക്രമണവുമുണ്ടായി. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയായ മാധവിക്കുട്ടിക്ക് ഇഷ്ടമുള്ള മതത്തില്‍ ചേരാനും വിശ്വസിക്കാനുമുള്ള അവകാശം ഭരണഘടനാ സ്വാതന്ത്ര്യത്തില്‍ ഉണ്ടെന്നോര്‍ക്കണം. അങ്ങനെ ചെയ്തതുകൊണ്ട് എല്ലാ രീതിയിലും അവരെ ഇല്ലായ്മ ചെയ്യാനാണ് ചിലര്‍ ശ്രമിച്ചത്. ഞങ്ങളെപ്പോലെ ഒരു വിഭാഗം മാത്രമാണ് അവരെ സപ്പോര്‍ട്ട് ചെയ്തത്. ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം എനിക്കൊന്നു വിനിയോഗിക്കണമെന്നു തോന്നി. അങ്ങനെയാണ് ഞാന്‍ ‘ഗയ’യില്‍ പോയതും ബുദ്ധമതം സ്വീകരിച്ചതും.
ബുദ്ധമതത്തില്‍ ചേര്ന്നതുകൊണ്ടുണ്ടായ നേട്ടം
നേട്ടമോ കോട്ടമോ നോക്കിയല്ല ഞാനത് ചെയ്തത്. അങ്ങനെ ചെയ്തപ്പോള്‍ എനിക്കതിയായ സന്തോഷം തോന്നി. മറ്റുള്ളവര്‍ മതം മാറാന്‍ പാടില്ല മതംമാറ്റം തെറ്റാണ് എന്നു പറയുന്ന ആ വിഭാഗത്തിനെതിരായിട്ടൊരു നല്ല കാര്യം ചെയ്തതില്‍ ആത്മസംതൃപ്തി തോന്നി.
ഇപ്പോഴും ബുദ്ധമത വിശ്വാസിയാണോ?
അതെ, ബുദ്ധമതം ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. ഇതുകൊണ്ടൊരു ഗുണമുണ്ടായി. എന്റെ മതം ഏതാണെന്നു ചോദിച്ചാല്‍ പറയാം. അല്ലാതെ ‘എനിക്കുമതമില്ല’ എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ബുദ്ധമതം സ്വീകരിച്ചത് തെറ്റല്ലേ എന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ അവരോട് തിരിച്ചു ചോദിച്ചു. ”ഞാന്‍ ശരി ചെയ്തോളാമെന്ന് നിങ്ങള്‍ക്ക് വാക്കു തന്നിട്ടുണ്ടോ? എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാന്‍ ചെയ്യും. നിങ്ങള്‍ക്ക് എന്തു വേണം. പിന്നീടവര്‍ ഒന്നും മിണ്ടിയില്ല.