Monday
25 Mar 2019

പണ്ടായിരുന്നെങ്കില്‍ നമ്മുടേത് സൗഹൃദം, ഇന്നത് മതസൗഹാർദ്ദം; മമ്മൂട്ടിയും ആശങ്കയിലാണ്

By: Web Desk | Monday 7 January 2019 1:18 PM IST


ബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംസ്ഥാനത്ത് അക്രമം അഴിച്ച് വിടുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ആശങ്കയിലാണ്. ഇതിന്‍റെ അവസാനം എന്താകും, കാര്യങ്ങള്‍ കൈവിട്ട് പോകുകയാണോ തുടങ്ങി പലരും പല ചിന്തകളിലാണ്. ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അക്രമ പരമ്പരകളെല്ലാം അവനില്‍ ഭയത്തിന്‍റെ വിത്തുകള്‍ പാകുന്നു.

ഇതിനിടയിലാണ് എഴുത്തുകാരനും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും നടന്‍ മമ്മൂട്ടിയുമായുള്ള സംഭാഷണം പുറത്ത് വന്നത്. വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയില്‍ വെച്ചുണ്ടായ സംഭാഷണമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:

“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”

“അതെ.”

ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”

Related News