ബാലഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവായിരുന്നുവെന്ന് പാഠപുസ്തകം

Web Desk
Posted on May 12, 2018, 8:04 pm

ജയ്പൂര്‍: സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവായിരുന്നെന്ന എട്ടാം ക്‌ളാസിലെ പാഠപുസ്തകത്തിലെ പരാമര്‍ശം വിവാദമാകുന്നു. രാജസ്ഥാനിലെ സ്‌കൂളുകളിലേക്ക് നല്‍കിയ എട്ടാം ക്ലാസ് സാമൂഹ്യ പാഠപുസ്തകത്തിലാണ് ബാലഗംഗാധര തിലകനെ ഫാദര്‍ ഒഫ് ടെററിസം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
രാജസ്ഥാന്‍ ബോര്‍ഡ് ഒഫ് സെക്കന്‍ഡറി എഡ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് ഈ പുസ്തകം പഠനത്തിനായി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മഥുര കേന്ദ്രീകരിച്ചുള്ള ഒരു പ്രസാധക സ്ഥാപനമാണ് പുസ്തകം പുറത്തിറക്കിയത്. 18,19 നൂറ്റാണ്ടുകളിലെ ദേശീയ വിപ്ലവ സംഭവങ്ങള്‍ എന്ന ഉപതലക്കെട്ടിലാണ്, സ്വരാജ്യം എന്റെ ജന്മാവകാശം എന്ന് പ്രഖ്യാപിച്ച ബാലഗംഗാധര തികലകനെ ഇത്തരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഓഫീസര്‍മാരുടെ വക്കാലത്തില്ലാതെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് തിലകന്‍ വിശ്വസിച്ചിരുന്നു. ശിവജി, ഗണപതി ഉത്സവങ്ങളിലൂടെ അദ്ദേഹം രാജ്യത്ത് സവിശേഷമായ അവബോധവും കാഴ്ചപ്പാടും സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ മന്ത്രം പറഞ്ഞു കൊടുത്ത് അവരെ പ്രചോദിപ്പിച്ച് ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി തിലകന്‍ മാറിയെന്നും പുസ്തകത്തില്‍ പറയുന്നു.