Friday
22 Feb 2019

ബാലാമണിയമ്മ മാതൃത്വത്തിന്റെ കവയിത്രി

By: Web Desk | Friday 28 September 2018 9:02 AM IST

മാതൃത്വത്തിന്റെ മഹനീയത തുടിക്കുന്ന കവിതകള്‍ കൊണ്ട് സ്വന്തമായ കാവ്യവഴി വെട്ടിത്തെളിച്ച ബാലാമണിയമ്മ അന്തരിച്ചിട്ട് 2018 സെപ്റ്റംബര്‍ 29 ന് 14 വര്‍ഷമാകുന്നു

വി ദത്തന്‍

നിഷ്‌ക്കളങ്കമായ വാത്സല്യം കൊണ്ട് മലയാള കവിതയെ ധന്യമാക്കിയ കവയിത്രിയാണ് ബാലാമണിയമ്മ.കുട്ടികളെ കഥാപാ ത്രങ്ങളാക്കിയായാലും പുരാണങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും കണ്ടെത്തിയ മുഹൂര്‍ത്തങ്ങള്‍ക്ക് കാവ്യരൂപം കൊടുക്കുമ്പോഴായാലും ബാലാമണിയമ്മയുടെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത് മാതൃവാത്സല്യമാണ്. ഒരമ്മയുടെ സ്‌നേഹവും പരിഗണനയുമാണ്. മാതൃത്വത്തിന്റെ മഹനീയത തുടിക്കുന്ന കവിതകള്‍ കൊണ്ട് സ്വന്തമായ കാവ്യവഴി വെട്ടിത്തെളിച്ച ബാലാമണിയമ്മ അന്തരിച്ചിട്ട് 2018 സെപ്റ്റംബര്‍ 29 ന് 14 വര്‍ഷമാകുന്നു.
തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് വീട്ടില്‍ 1909ജൂലായ് 19 നാണ് ജനിച്ചത്. 2004 സെപ്റ്റംബര്‍ 29ന് അന്തരിച്ചു. അച്ഛന്‍ ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണി രാജ. അമ്മ നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ.പ്രസിദ്ധ കവിയായിരുന്ന നാലപ്പാട്ട് നാരായണ മേനോന്‍ അമ്മാവനായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിയമ്മയ്ക്ക് ജന്മസിദ്ധമായി കിട്ടിയതായിരുന്നു കവിത്വം.അവരിലെ കവിപ്രതിഭ വികസിക്കുന്നതിനും ഉന്നതിയിലെത്തുന്നതിനും അമ്മാവന്റെ ശിക്ഷണവും അദ്ദേഹത്തിന്റെ വിപുലമായ ഗ്രന്ഥശേഖരവും ഒരുപാട് സഹായിച്ചിട്ടുണ്ട്. മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന വി എം നായരായിരുന്നു ബാലാമണിയമ്മയുടെ ഭര്‍ത്താവ്.അദ്ദേഹത്തോടൊപ്പം ഏറെക്കാലം കൊല്‍ക്കത്തയില്‍ താമസിക്കേണ്ടി വന്നതുമൂലം കേരളീയരില്‍ നിന്നും ഭിന്നമായ സംസ്‌ക്കാരവും ജീവിത സാഹചര്യങ്ങളും ആയി പരിചയപ്പെടാന്‍ ഇടയായി.അത് ബാലാമണിയമ്മയുടെ അനുഭവ ചക്രവാളങ്ങളെ വികസിപ്പിക്കുവാന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇതുമൂലം അക്കാലത്തെ മറ്റു കവികളില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടും ലോകവീക്ഷണവും ബാലാമണിയമ്മയുടെ കവിതകളില്‍ പ്രകടമായി.
ചെറുപ്പം മുതലേ കവിതകള്‍ എഴുതുമായിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാ സമാഹാരം 1930 ല്‍ പ്രസിദ്ധീകൃതമായ ‘കൂപ്പുകൈ’ ആണ്. ഓര്‍മ നഷ്ടപ്പെടുന്ന ‘അല്‍ഷിമേഴ്‌സ്’ രോഗത്തിനു അടിപ്പെടുന്നതുവരെ നിരന്തരം അവര്‍ കവിതകളെഴുതി. കാവ്യങ്ങളും കവിതാസമാഹാരങ്ങളുമായി 25ല്‍ ഏറെ കൃതികള്‍ അവരുടെതായിട്ടുണ്ട്.
പ്രധാന രചനകള്‍
കൂപ്പുകൈ, കുടുംബിനി, ധര്‍മ്മമാര്‍ഗത്തില്‍, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഭാവനയില്‍ ഊഞ്ഞാലിന്മേല്‍,കളിക്കൊട്ട, വെളിച്ചത്തില്‍, അവര്‍ പാടുന്നു, പ്രണാമം, ലോകാന്തരങ്ങളില്‍, സോപാനം, മുത്തശ്ശി, മഴുവിന്റെ കഥ, അമ്പലത്തില്‍, നഗരത്തില്‍, വെയിലാറുമ്പോള്‍, അമൃതംഗമയ, സന്ധ്യ, നിവേദ്യം, മാതൃഹൃദയം, സഹപാഠികള്‍, കളങ്കമറ്റ കൈ (പദ്യകൃതികള്‍), ജീവിതത്തിലൂടെ, അമ്മയുടെ ലോകം (ഗദ്യകൃതികള്‍).
കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനില്‍ നിന്നും ലഭിച്ച ‘സാഹിത്യ നിപുണ’ ബഹുമതി മുതല്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അവര്‍ അര്‍ഹയായി.
പ്രധാന പുരസ്‌കാരങ്ങള്‍
‘മുത്തശ്ശി’ ക്കു 1964 ലെ കേരള സാഹിത്യ അക്കാദമിയുടെയും 1965 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകളും ‘അമൃതം ഗമയ’ യ്ക്ക് 1981 ലെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അവാര്‍ഡും ‘നിവേദ്യ’ത്തിന് 1988 ലെ മൂലൂര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. ആശാന്‍ പുരസ്‌ക്കാരം (1991), ലളിതാംബികാ അന്തര്‍ജ്ജന പുരസ്‌ക്കാരം (1993), വള്ളത്തോള്‍ പുരസ്‌ക്കാരം (1993), കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം (1995), സരസ്വതീ സമ്മാനം (1996), എന്‍ വി കൃഷ്ണ വാരിയര്‍ പുരസ്‌ക്കാരം (1997) എന്നീ പുരസ്‌ക്കാരങ്ങളും അവര്‍ക്ക് ലഭിച്ചു. ഇവ കൂടാതെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും പത്മഭൂഷണ്‍ ബഹുമതിയും കിട്ടിയിട്ടുണ്ട്.
കൂടുതലും പുരുഷന്മാര്‍ മാത്രം വിഹരിച്ചിരുന്ന മലയാള കാവ്യലോകത്ത് സൗമ്യമായ കാല്‍വയ്പുകളോടെ കടന്നു വന്ന മഹതിയാണ് ബാലാമണിയമ്മ. ജന്മസിദ്ധമായ കഴിവും ലാളിത്യവും കൊണ്ട് വായനക്കാരുടെ മനസ് അവര്‍ അതിവേഗം കീഴടക്കി. സ്ത്രീത്വവും മാതൃത്വവും വാത്സല്യവും സ്‌നേഹവും കാരുണ്യവും എല്ലാ വിശുദ്ധിയോടും ബാലാമണിയമ്മയുടെ കവിതകളില്‍ കാണാം. സകല ജീവികളോടുമുള്ള സ്‌നേഹത്തിന്റെയും അലിവിന്റെയും നിഷ്‌ക്കളങ്കതയുടെയും സങ്കീര്‍ത്തനങ്ങളാണ് അവരുടെ കവിതകള്‍ എല്ലാം തന്നെ.
‘കവയിത്രി എന്ന് നിസ്സംശയം വിളിക്കാവുന്ന ഒരു സാഹിത്യകാരി മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ പേരാണ് ബാലാമണിയമ്മ. ഒട്ടുമിക്ക കവികള്‍ക്കും അപ്രാപ്യമായ കവിത്വത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത്, സ്ത്രീത്വത്തിന്റെ പൂര്‍ണിമയായ മാതൃത്വത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് അതടങ്ങുന്ന ലോകത്തെപ്പറ്റി കവിത എഴുതിയതുകൊണ്ടാണ്.മലയാള സാഹിത്യത്തില്‍ ഇത്ര ഗംഭീര വ്യാപ്തികളോടെ കവിത രചിച്ച മഹിളകള്‍ മുമ്പോ ഇന്നോ ഇല്ല’ എന്ന് ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെ ട്ടത് അക്ഷരം പ്രതി ശരിയാണെന്ന് ബാലാമണിയമ്മയുടെ കവിതകളുമായി പരിചയമുള്ള ആരും സമ്മതിയ്ക്കും.
”ഞാനിപ്രപഞ്ചത്തിനമ്മയായെങ്കിലേ,
മാനിതമായ് വരൂനിന്‍ ജന്മമോമനേ” എന്ന് കരുതുന്ന ഒരമ്മമനസിന്റെ ഉടമയ്ക്ക് അങ്ങനെയാകാതെ തരമില്ല.