പൊലീസ് സ്റ്റേഷന്റെ ഭൂമിയില്‍ കഞ്ചാവ് കൃഷി; കണ്ടെത്തിയത് എക്‌സൈസ് സംഘം

Web Desk
Posted on September 21, 2019, 11:38 pm

ബാലരാമപുരം: പൊലീസ് സ്റ്റേഷന്റെ ഭൂമിയില്‍ കഞ്ചാവ് കൃഷി. ദേശീയ പാതയില്‍ നിന്നും അന്‍പത് മീറ്റര്‍ മാറി പുറമ്പോക്ക് ഭൂമിയില്‍ കൃഷി ചെയ്ത രണ്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം കണ്ടെത്തി.
ബാലരാമപുരം പൊലീസ് സ്റ്റേഷന് വേണ്ടി പഞ്ചായത്ത് അനുവദിച്ച കച്ചേരികുളത്തെ പുറമ്പോക്ക് ഭൂമിയില്‍ നിന്നാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ബാലരാമപുരം ജംഗ്ഷന് സമീപത്തെ കൊടിനടയിലെ വാഹന പാര്‍ക്കിംഗ് ഏരിയക്ക് സമീപത്താണ് അഞ്ച് അടി ഉയരമുള്ള രണ്ട് ചെടികള്‍ കണ്ടത്.
ബാലരാമപുരം പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സജീവമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ദിവസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ബാലരാമപുരം സ്‌കൂളിന്റെ പിറകുവശത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയ പ്രദേശം. സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടെ യുവാക്കളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സജീവമായി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയത്. പൊലീസ് സ്റ്റേഷന് വളരെയടുത്തുനടന്ന സംഭവം പൊലീസ് അറിയാതെ പോയതും നാട്ടുകാരില്‍ കൗതുകമുണര്‍ത്തുന്നു.
ബാലരാമപുരം ബീവറേജസില്‍ നിന്നും മദ്യം വാങ്ങി വരുന്നവരെ പിടികൂടുന്നതിന് പലപ്പോഴും പൊലീസ് സംഘം പരിശോധന നടത്തുന്ന പ്രദേശത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പൊലീസ് പരിശോധന കര്‍ശനമല്ലാത്തതാണ് കഞ്ചാവ് സംഘങ്ങള്‍ പ്രദേശത്ത് പിടിമുറുക്കാന്‍ കാരണമെന്നും അതിന്റെ തെളിവാണ് ദേശീയപാതക്കരികിലെ കഞ്ചാവ് കൃഷിയെന്നും നാട്ടുകാര്‍ പറയുന്നു. എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.