പച്ചക്കറിതോട്ടത്തില്‍ ഭൂതം

Web Desk
Posted on July 28, 2019, 5:27 am

സന്തോഷ് പ്രിയന്‍

തങ്കയ്യന് വീടിനോട് ചേര്‍ന്ന് നല്ലൊരു പച്ചക്കറിതോട്ടമുണ്ടായിരുന്നു. ഭാര്യയും മക്കളും തങ്കയ്യനെ സഹായിക്കാന്‍ സമയം കിട്ടുമ്പോഴെല്ലാം തോട്ടത്തിലെത്തും.

അങ്ങനെ പച്ചക്കറി വിളവെടുക്കാന്‍ സമയമായി. അപ്പോഴല്ലേ രസം. തങ്കയ്യനും ഭാര്യയും രാവിലെ ഉറക്കമെഴുന്നേറ്റ് തോട്ടത്തിലേക്കു നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി. ആരോ പച്ചക്കറികറികളില്‍ കുറേ മോഷ്ടിച്ചിരിക്കുന്നു.

‘ദൈവമേ ചതിച്ചോ. കഷ്ടപ്പെട്ടതെല്ലാം മോഷ്ടാവ് കൊണ്ടുപോയല്ലോ. ഇനി നമ്മളെന്തു ചെയ്യും.’  തങ്കയ്യനും ഭാര്യയും കരച്ചിലായി. അപ്പോഴതാ വരുന്നു സുപ്രു. ഒരു ജോലിയും ചെയ്യാത്ത മഹാമടിയനായിരുന്നു സുപ്രു.

അവരുടെ സംസാരം കേട്ട സുപ്രു പറഞ്ഞു.

‘തങ്കയ്യാ, അറിഞ്ഞില്ലേ. പച്ചക്കറി മോഷ്ടിച്ചത് മനുഷ്യരൊന്നുമല്ല,’

‘ങേ പിന്നെയാരാ?’  തങ്കയ്യന്‍ ചോദിച്ചു.

‘അത് നോക്കുകുത്തിഭൂതമാ. ഇപ്പോള്‍ നോക്കുകുത്തിഭൂതത്തിന്റെ സീസണാ. നാട്ടിലെ എല്ലാ പച്ചക്കറിതോട്ടത്തിലും ഇന്നലെ രാത്രി ഭൂതം ഇറങ്ങി. ഇനി ആരും രാത്രി  വീടിന് പുറത്തിറങ്ങരുത്. ഭൂതം തോട്ടത്തില്‍ വച്ചിരിക്കുന്ന നോക്കുകുത്തിയില്‍ പ്രവേശിക്കും. എന്നിട്ടാ എല്ലാം മോഷ്ടിക്കുന്നത്.’

പാവം തങ്കയ്യനും ഭാര്യയും അത് വിശ്വസിച്ചു. അന്ന് രാത്രി തങ്കയ്യനും ഭാര്യയും ജനാലയിലൂടെ നോക്കിയപ്പോള്‍ അതാ തോട്ടത്തിലെ നോക്കുകുത്തി അനങ്ങുന്നു. എന്നിട്ട് പച്ചക്കറികള്‍ ഓരോന്നായി പറിച്ചെടുക്കുന്നു.

ഇതെന്തോ തട്ടിപ്പാണെന്ന് തങ്കയ്യനും ഭാര്യയ്ക്കും തോന്നി. അടുത്തദിവസം അവര്‍ തോട്ടത്തിലെത്തി ഒരു പണി പറ്റിക്കുകയും ചെയ്തു. രാത്രിയാവാന്‍ അവര്‍ കാത്തിരുന്നു.

രാത്രിയായപ്പോള്‍ തങ്കയ്യനും ഭാര്യയും ജനാലയിലൂടെ തോട്ടത്തിലേക്ക് നോക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അതാ നോക്കുകുത്തി അനങ്ങുന്നു.

പെട്ടെന്നാണത് സംഭവിച്ചത്. അയ്യോ രക്ഷിക്കണേ.…എന്ന ശബ്ദത്തോടെ ആരോ നോക്കുകുത്തിയ്ക്കകത്തുനിന്നും ഇറങ്ങി ഓടുന്നു. ശബ്ദം കേട്ട് അയല്‍ക്കാരെല്ലാം വന്നു നോക്കിയപ്പോള്‍ അതാ സുപ്രന്‍ ഏന്തിയും വലിഞ്ഞും ഓടുന്നു. എല്ലാവരും അവനെ പിടിച്ചുകെട്ടി നല്ല പെട കൊടുത്തു. തങ്കയ്യനും ഭാര്യയും പച്ചക്കറി മോഷ്ടാവിനെ പിടിക്കാന്‍ ഒപ്പിച്ച പണി എന്താണെന്നോ.…. ഒരു കടന്നല്‍ക്കൂട് കൊണ്ടുവന്ന് നോക്കുകുത്തിയില്‍ ഒളിപ്പിച്ചു വച്ചിരുന്നു. സുപ്രന്‍ പതിവുപോലെ രാത്രി നോക്കുകുത്തിയില്‍ കയറിയപ്പോള്‍ കടന്നലുകള്‍ ഇളകി അവനെ കുത്തുകയായിരുന്നു. അതോടെ നോക്കുകുത്തിഭൂതത്തിന്റെ ശല്യവംു തീര്‍ന്നു.