Janayugom Online
Pisukkan veene

പിശുക്കന്‍ കിണറ്റില്‍ വീണേ…

Web Desk
Posted on November 11, 2018, 4:24 pm

ബാലയുഗം

സന്തോഷ് പ്രിയന്‍ 

ഹാ പിശുക്കനായിരുന്നു കേശവന്‍ മുതലാളി. വലിയ പണക്കാരനെന്നു പറഞ്ഞിട്ടെന്താ- അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത ആളാണ്. 

കൃഷിയിടങ്ങളിലും മറ്റും ജോലി ചെയ്തിട്ട് തൊഴിലാളികള്‍ വൈകുന്നേരം കേശവന്‍ മുതലാളിയുടെ വീടിന്റെ ഉമ്മറത്ത് കൂലിയ്ക്കായി മണിക്കൂറോളം കാത്തു നില്‍ക്കണം. ചിലപ്പോള്‍ കൂലി കൊടുത്തെങ്കില്‍ ആയി, ഇല്ലെങ്കില്‍ അടുത്ത ദിവസം കൊടുക്കും. മറ്റ് ഗതിയില്ലാത്തതുകൊണ്ട് പാവം കര്‍ഷക തൊഴിലാളികള്‍ ഇതൊക്കെ സഹിക്കും. 

ഒരുദിവസം വീട്ടുപറമ്പില്‍ പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് കേശവന്‍ മുതലാളിയുടെ ഭാര്യ പങ്കിയമ്മ ചായ കൊടുത്തു. ഇതു കണ്ട മുതലാളി ഭാര്യയെ വഴക്കുപറഞ്ഞു. 

‘എടീ, നീ എന്തു പണിയാ കാട്ടിയത്.?’ 

‘എന്താ, പാവങ്ങള്‍ വെയിലുകൊണ്ട് തളര്‍ന്നതല്ലേ, ചായ കൊടുക്കാന്‍ പാടില്ലേ?’  ഭാര്യ മറുപടി പറഞ്ഞു.

‘എടീ മരമണ്ടീ, നീ ചായ കൊടുക്കുന്നതില്‍ കുഴപ്പമില്ല. ഇത്രയും ചൂടുള്ള ചായ കൊടുക്കാന്‍ പാടുണ്ടോ.’ 

‘ങേ, ചൂടുള്ള ചായ അല്ലേ കൊടുക്കേണ്ടത്.’ 

‘അല്ല, ഇനി മേലാല്‍ ചായ നന്നായി തണുപ്പിച്ചേ ജോലിക്കാര്‍ക്ക് കൊടുക്കാവൂ. കാരണമെന്തെന്നാല്‍, ചൂടുള്ള ചായ കുടിക്കാന്‍ അവര്‍ക്ക് അഞ്ചു മിനിട്ടെങ്കിലും വേണ്ടി വരും. അത്രയും സമയം അവര്‍ ജോലി ചെയ്യാതിരിക്കുകയല്ലേ. മറിച്ച് ചായ തണുപ്പിച്ച് കൊടുത്താല്‍ പെട്ടെന്ന് കുടിച്ചിട്ട് അവര്‍ ജോലി തുടരും. എങ്ങനെയുണ്ട് എന്റെ ബുദ്ധി?’ 

‘ഹോ, എന്റെ മനുഷ്യ ഇങ്ങനെയൊക്കെ കാണിച്ചാല്‍ ദൈവം പോലും പൊറുക്കില്ല പറഞ്ഞേക്കാം.’ 

‘ങാ..ങാ ദൈവം പൊറുക്കണ്ടാ. ഇങ്ങനെയൊക്കെയാ ഞാന്‍ പണക്കാരനായത്. നീ ഞാന്‍ പറയുന്നത് അനുസരിച്ചാ മതി.’ 

ഒരു ദിവസം സന്ധ്യാസമയം ജോലിക്കാരിലൊരാള്‍ ഓടിവന്ന് കേശവന്‍ മുതലാളിയോട് പറഞ്ഞു. 

‘മൊതലാളീ, എന്റെ കുഞ്ഞിന് തീരെ സുഖമില്ല. ആശുപത്രിയില്‍ കൊണ്ടുപോയില്ലെങ്കില്‍ ചത്തുപോകും. എനിക്ക് കുറച്ച് പണം തന്ന് സഹായിക്കണം. നാളെ കൂലി തരുമ്പോള്‍ ആ പണം കുറച്ചു തന്നാ മതി.’  

അപ്പോള്‍ കേശവന്‍ മുതലാളി പറഞ്ഞു. 

‘ഓഹോ, നിന്റെ കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തരാനുള്ളതല്ല എന്റെ പെട്ടിയിലെ പണം. പോ…പോ…’ 

‘അയ്യോ മൊതലാളി അങ്ങനെ പറയരുതേ.….കടമായി തന്നാ മതി’  

‘നിന്നോട് പോകാനാണ് പറഞ്ഞത്. ഒരു ചില്ലിക്കാശ് ഞാന്‍ തരില്ല.’     

‘മൊതലാളീ, പാവങ്ങളോട് അല്‍പം ദയ കാണിക്കണം മൊതലാളീ’ 

‘ഹി…ഹി…ഞാന്‍ ഈ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാ. എനിക്ക് പണമാ വലുത്. പണം ഉണ്ടെങ്കില്‍ ആരെ പേടിക്കണം. ഞാന്‍ സ്‌നേഹമില്ലാത്തവനെന്നും അറു പിശുക്കനെന്നുമാ നാട്ടില്‍ എല്ലാരും പറഞ്ഞു നടക്കുന്നത്. ശരിയാ. ഞാന്‍ പിശുക്കന്‍ തന്നെ. എനിക്ക് ആരുടേയും സഹായം വേണ്ട.’  

അതു പറഞ്ഞിട്ട് കേശവന്‍ മുതലാളി കുളിക്കാന്‍ ദേഹത്തും തലയിലും എണ്ണതേച്ച് കിണറ്റിന്‍കരയിലേക്ക് നടന്നു.  അപ്പോള്‍ ഭാര്യ പങ്കി പറഞ്ഞു. ‘പാവം ഒരു കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനല്ലേ, ഒന്ന് സഹായിക്കൂ.’ 

അതുകേട്ട് കേശവന്‍ മുതലാളി ദേഷ്യം കൊണ്ട് അലറി. 

‘ഛീ നിന്നെ ഇവിടെ വിളിച്ചോ, പോ അകത്ത്’  ഇതു പറഞ്ഞു തീര്‍ന്നതും മുതലാളി കയറില്‍ കുരുങ്ങി ബ്‌ളും എന്ന് കിണറ്റിലേക്കു വീണു. 

വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കേശവന്‍ മുതലാളി നിലവിളിച്ചു. ‘അയ്യോ, എന്നെ രക്ഷിക്കണേ, ഞാനിപ്പം മുങ്ങിച്ചാകുമേ.…’  അതുകേട്ട് അടുത്തുണ്ടിയിരുന്നവര്‍ കിണറിനു ചുറ്റും ഓടിക്കൂടി. അവരില്‍ ഒരാള്‍ പറഞ്ഞു. 

‘മൊതലാളിയല്ലേ അല്‍പം മുമ്പ് പറഞ്ഞത് പണമുണ്ടെങ്കില്‍ ആരുടേയും സഹായം വേണ്ടെന്നും പണമാണ് ലോകത്ത് വലിയതെന്നും. മൊതലാളിക്ക് ഇഷ്ടംപോലെ പണമുണ്ടല്ലോ, ആ പണം വന്നു രക്ഷപ്പെടുത്തട്ടെ.’ 

‘അയ്യോ.…പോകല്ലേ…എനിക്ക് കയറി വരാന്‍ കയര്‍ താഴേക്ക് ഇട്ടുതരൂ…’  

അപ്പോള്‍ കൂടിനിന്നവരില്‍ മറ്റൊരാള്‍ പറഞ്ഞു. ‘എടോ അറുപിശുക്കാ, അത്യാഗ്രഹീ, തന്റെ പണം ഇറങ്ങിവരുമെടോ കയര്‍ താഴേക്കിടാന്‍. ഞങ്ങള്‍ പോകുന്നു. ദുഷ്ടനായ നിങ്ങള്‍ മുങ്ങിച്ചാകട്ടെ.…’ 

‘ഞാന്‍ ഇനി പിശുക്ക് കാണിക്കില്ല, എല്ലാവരേയും സഹായിക്കാം, എന്നെ ഒന്നു കരയ്ക്കു കയറ്റൂ.…’  കേശവന്‍ മുതലാളി  യാചിച്ചു. ഒടുവില്‍ അയാളുടെ ഭാര്യ പങ്കിയമ്മ ആളുകളുടെ കാലുപിടിച്ചു. അങ്ങനെ അവര്‍ കേശവന്‍ മുതലാളിയെ കരയ്‌ക്കെത്തിച്ചു. ജീവന്‍ തിരിച്ചുകിട്ടിയപ്പോള്‍ മുതലാളി എല്ലാവരോടും മാപ്പു പറഞ്ഞു. പണമല്ല പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവുമാണ് വലുതെന്ന് അയാള്‍ക്ക്  മനസിലായി. പണം കടം ചോദിച്ച തൊഴിലാളിക്ക് അയാള്‍ ആവശ്യമുള്ള പണം നല്‍കി. പിന്നീട് കേശവന്‍ മുതലാളി പിശുക്കെല്ലാം കളഞ്ഞ് നല്ല മനുഷ്യനായി കഴിഞ്ഞു.