ജനീവയില്‍ ബലൂച്ചിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രചാരണ പരിപാടി

Web Desk
Posted on September 15, 2019, 12:09 pm

ജനീവ: ബലൂച്ചില്‍ പാകിസ്ഥാന്‍ നടത്തുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ഇവിടെ തട്ടിക്കൊണ്ടുപോകലും കൊലപാതകളും അനിയന്ത്രിതമായി പടരുകയാണെന്നും ബലൂച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ബലൂച്ചിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന പോസ്റ്റര്‍ പ്രചാരണ പരിപാടി ബ്രോക്കണ്‍ ചെയര്‍ മോണുമെന്റ് മേഖലയിലാണ് ബലൂച്ച് മനുഷ്യാവകാശ സമിതി പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ബ്രോക്കണ്‍ ചെയറും ഒരു ഓര്‍മ ശില്‍പ്പമാണ്. സ്വിസ് കലാകാരന്‍ ഡാനിയേല്‍ ബെര്‍സെത്ത് ആണ് ഇത് തടിയില്‍ നിര്‍മിച്ചത്. ജനീവയില്‍ നടക്കുന്ന മിക്ക പ്രതിഷേധങ്ങളും അരങ്ങേറുന്നത് ഇവിടെയാണ്.
പാകിസ്ഥാനിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍. പാകിസ്ഥാനിലെയും ചൈനയിലെയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചൈന‑പാക് സാമ്പത്തിക ഇടനാഴി പക്ഷേ ബലൂചിലെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വേണ്ടിയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഉഭയകക്ഷി നിക്ഷേപ‑വാണിജ്യ സഹകരണമെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും ശരിക്കും ഇതൊരു സാംസ്‌കാരിക വേരറുക്കലാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ചയാണ് പോസ്റ്റര്‍ പ്രദര്‍ശനം ആരംഭിച്ചത്. 370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നതും ശ്രദ്ധേയമാണ്. വംശീയ- മതന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനങ്ങളുടെ പേരിലും ഇന്ത്യ പാകിസ്ഥാനെ വിമര്‍ശിക്കുന്നുണ്ട്.

ചൈനക്കാര്‍ക്ക് കോളനി ഒരുക്കാന്‍ വേണ്ടി പാകിസ്ഥാന്‍ സൈന്യം ഗ്രാമവാസികളെ ചുട്ടെരിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ബലൂചിലെ ജനങ്ങളുടെ വീടുകള്‍ നശിപ്പിക്കുകയും സൈനിക ക്യാമ്പുകളുടെ സമീപത്തേക്ക് ഇവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നു. സൈന്യത്തിന്റെ നിരീക്ഷണത്തിലാണ് ഈ ജനത ഇപ്പോള്‍ മുഴുവന്‍ സമയവും. അധീന ബലൂചിസ്ഥാനില്‍ നിരവധി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ പോസ്റ്ററുകള്‍ നമ്മോള് പറയുന്നു. വര്‍ഷം തോറും പതിനായിരങ്ങളെ സൈന്യം കൊലപ്പെടുത്തുകയും കൂട്ടമായി മറവ് ചെയ്യുകയും ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു.

പാകിസ്ഥാന്റെ ബലൂചിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ലോകരാഷ്ട്രങ്ങളുടെ ഇടപെടലുണ്ടാകുന്നതിന് വേണ്ടിയാണ് ഇവര്‍ ഇവിടെ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

ബലൂചിലെ പകുതിയോളം ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ലെന്നും ഈ പ്രചാരണ പരിപാടി ഉയര്‍ത്തിക്കാട്ടുന്നു. ബലൂചിലെ കുട്ടികളെയും സ്ത്രീകളെയും പാക് സേന നിരന്തരം തട്ടിക്കൊണ്ടു പോകുന്നു. അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. പ്രദേശത്തെ നൂറില്‍ 63 കുട്ടികളും സ്‌കൂളില്‍ പോകുന്നില്ല. 57ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. അത് കൊണ്ട് തന്നെ ഇവിടുത്തെ പത്തില്‍ അഞ്ച് കുട്ടികളും പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യാന്തര ഏജന്‍സികളും ഇടപെട്ടെങ്കില്‍ മാത്രമേ ബലൂചിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ എന്നാണ് ഇവരുടെ വാദം. ഉപരോധമെങ്കിലും ഏര്‍പ്പെടുത്തി പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാണ് ബലൂച് ജനതയുടെ ആവശ്യം. ഇത്തരത്തിലുളള ഒരു സമ്മര്‍ദ്ദമില്ലാതെ ബലൂച് ജനതയുടെ മൗലിക മനുഷ്യാവകാശങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ഉണ്ടാകില്ല.