പത്രാസ്സില്ലാത്ത ബാലുശ്ശേരി സരസ

Web Desk
Posted on October 06, 2019, 7:19 am

എം കെ ബിജു മുഹമ്മദ്

സുഡാനി ഫ്രം നൈജീരിയയിലെ നിഷ്‌കളങ്കയായ ബീയുമ്മയേയും, ഡാകിനിയിലെ കരുത്തുറ്റ കഥാപാത്രം സരോജത്തേയും നമുക്ക് മറക്കാന്‍ കഴിയുമോ? സംസ്ഥാന സര്‍ക്കാരിന്റെയും, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിലെയും മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരം ബാലുശ്ശേരി സരസയെ തേടിയെത്തുമ്പോള്‍ അത് അരനൂറ്റാണ്ടുകാലം അരങ്ങില്‍ ജീവിത സമരം ചെയ്ത അഭിനേത്രിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു . ജീവിത സായാഹ്നത്തില്‍ സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം അരഡസനോളം ചിത്രങ്ങള്‍ ബാലുശ്ശേരി സരസയെ തേടിയെത്തി പൊറിഞ്ചു മറിയം ജോസിലെ ചെമ്പന്‍ വിനോദിന്റെ അമ്മ, ‘അള്ള് രാമചന്ദ്രനിലെ മുത്തശ്ശി, ശുഭരാത്രിയിലെ ഉമ്മ കൂടാതെ കക്ഷി അമ്മിണി പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഇനിയുമുണ്ട് റിലീസാകാന്‍ ചില ചിത്രങ്ങള്‍. ഇപ്പോള്‍നാട്ടിന്‍ പുറത്ത് ഏത് ചടങ്ങില്‍ പങ്കെടുത്താലും ബാലുശ്ശേരി സരസ്സയെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരു സിനിമാ നടിയുടെ പത്രാസുകളില്ലാതെ കോഴിക്കോട്, ബാലുശ്ശേരി ടൗണിന്റെ വിളിപ്പാടകലെ സഹോദരന്റെ വീട്ടിലിരുന്ന് കൊണ്ട് സരസ ഓര്‍മ്മകളുടെ തിരശ്ശീല ഉയര്‍ത്തി. നാട്ടിന്‍ പുറത്തെ ക്ലബ്ബുകള്‍ തട്ടി കൂട്ടുന്ന അമേച്ചര്‍ നാടകങ്ങളിലൂടെയാണ് സരസയും ആദ്യമായി ചായയമിട്ടത്. ചെറുപ്പകാലത്ത് വീടിന് സമീപമുള്ള ക്ഷേത്രങ്ങളില്‍ കലാപരിപാടികള്‍ കണ്ട് കൊണ്ട് തുടക്കം. അങ്ങനെ കണ്ട നാടകങ്ങള്‍ സരസയുടെ മനസ്സില്‍ അഭിനയലോകത്തേക്കുള്ള വെളിച്ചം പകര്‍ന്നു .ബാലുശ്ശേരിയിലെ ഗണേശ് കലാസമിതിക്ക് വേണ്ടി കെ കെ ശിവരാം സംവിധാനം ചെയ്ത കൊയ്ത്ത് പാട്ടുകളൊക്കെയുള്ള ഒരു നാടകത്തിലൂടെയാണ് അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. അയ്യപ്പന്‍ ചെട്ടിയാരുടേയും, മാളു അമ്മയുടെയും മൂത്ത മകളായ സരസയ്ക്ക പിന്നെ തിരിഞ്ഞ് നില്‍ക്കേണ്ടി വന്നിട്ടില്ല. അഞ്ച് മക്കളില്‍ ഏറ്റവും മുതിര്‍ന്നത് സരസയായിരുന്നു. ഇളവയവരായി ഒരു സഹോദരിയും മൂന്ന് സഹോദരന്‍മാരും അഭിനയത്തിന്റെ അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ പ്രൊഫഷണല്‍ നാടകത്തിലേക്കുള്ള വിളി സരസയെതേടി എത്തി. വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ യുടെ സുഭദ്രയുടെ ആശംസകള്‍, അമ്പലക്കാള, കെ ടി മുഹമ്മദിന്റെ സംഹാരം എന്നീ നാടകങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് കോഴിക്കോട് ചിരന്തനയുടെ നാടകങ്ങളിലേക്ക്.….

ഒരു വ്യാഴവട്ടക്കാലം ചിരന്തനയില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ചിരന്തന കാലം സരോജയുടെ ജീവിതത്തില്‍ അഭിനയത്തിന്റെ പുതിയ പാഠശാലകള്‍ തീര്‍ത്തു. തീക്കനല്‍ പടനിലം, മേടപത്ത്, ഒടിയന്‍, പകിട പന്ത്രണ്ട് രാജ്യസഭ, ഉപഹാരം തുടങ്ങിയ ഇബ്രാഹിം വേങ്ങര രചിച്ച നാടകങ്ങളില്‍ ഉജ്ജ്വല കഥാപാത്രങ്ങളില്‍ സരസ്സ തിളങ്ങി 1992 ല്‍ സരസ അവതരിപ്പിച്ച ചിരന്തന അവതരിപ്പിച്ച പകിടപന്ത്രണ്ട് എന്നനാടകത്തിലെ ഹോ ജാത്തി പാത്തു എന്ന കഥാപാത്രത്തിനും 1994 ല്‍ ഉപഹാരം നാടകത്തില്‍ ആമീന ഉമ്മ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരം സരസയെ തേടി എത്തി. ഉപഹാരം നാടകം അംഗ പരിമിതിയെ അവഗണിച്ച് സാക്ഷരവിപ്ലവം നടത്തിയ റാബിയായെ അവലംബിച്ചുള്ള നാടകമായിരുന്നു. ഇബ്രാഹിം വേങ്ങരയ്ക്ക രചനയ്ക്ക ദേശീയ പുരസ്‌ക്കാരം ലഭിച്ച നാടകമായിരുന്നു ഉപഹാരം. തുടര്‍ന്ന് വടകരസഭ, സങ്കീര്‍ത്തന, അങ്കമാലി അഞ്ജലി തുടങ്ങി നിരവധി നാടകട്രൂപ്പുകളില്‍ സരസവേഷമിട്ടു. നാടകം അവതരിപ്പിച്ചു കൊണ്ട് നില്‍ക്കുമ്പോഴാണ് അച്ഛന്‍ മരിച്ചതറിയുന്നത് പുലര്‍ച്ചെ എത്തി അച്ഛനെ അവസാനമായി കണ്ടു വൈകിട്ട് ആരുമറിയാതെ വീണ്ടും നാടക സ്ഥലത്തേക്ക്… വേണ്ടപ്പെട്ടവര്‍ മരിച്ചാലും നാടകം മാറ്റിവെയ്ക്കാന്‍ പറയാന്‍ കഴിയില്ലല്ലോ. നമ്മോടൊപ്പം അഭിനയിക്കുന്നവരുടേയും ജീവിതത്തെ കുറിച്ച് നാംഓര്‍ക്കണമല്ലോ. സരസ്സയുടെ വാക്കുകള്‍ വിതുമ്പി. പിന്നെ കണ്ണീരായി ഒഴുകി. കാല്‍ മുട്ടിന് വേദന കാരണം അരങ്ങ് ജീവിതത്തില്‍ നിന്നും വിട പറഞ്ഞ് വിശ്രമിക്കുമ്പോഴാണ് സിനിമയിലേക്കുള്ള വിളി വന്നത്. സുഡാനി ഫ്രം നൈജീരിയ ഷൂട്ടിങ് രാമനാട്ടുകരയിലായത് കൊണ്ട് പോകാന്‍ എളുപ്പമായെന്നും മാത്രമല്ല നടിയും കൂട്ടുകാരിയുമായ കോഴിക്കോട് സാവിത്രിയും ഒപ്പം അഭിനയിക്കാനെത്തിയത് കൂടുതല്‍ സന്തോഷമായെന്ന്, സരസ്സ മനസ്സു തുറന്നു. സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ഉയരും ഞാന്‍ നാടാകെ എന്ന സിനിമയില്‍ സരസ്സ ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം തേടിയെത്തുക അതും മുഴുനീള വേഷത്തില്‍. അതിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കിട്ടുക സരസ്സയുടെ സന്തോഷങ്ങള്‍ ചിറകടിക്കുന്നു. സീരിയലില്‍ അഭിനയിക്കാന്‍ ക്ഷണം വന്നിട്ടും സരസ്സ പോയില്ല. ചെറിയ വേഷങ്ങളില്‍ സിനിമയില്‍ നില്‍ക്കണമെന്നേ ഈ കലാകാരിക്ക് ഇപ്പോള്‍ആഗ്രഹമുള്ളു. നാടകത്തില്‍ രണ്ട് അവാര്‍ഡ് കിട്ടിയതും സിനിമയിലെ അവാര്‍ഡ് തേടിയെത്തിയതും സരസ അവതരിപ്പിച്ചു മുസ്ലീം കഥാപാത്രങ്ങള്‍ക്കായിരുന്നു മുസ്ലിം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ പ്രത്യേക വൈഭവം തന്നെ സരസയ്ക്കുണ്ടെന്ന് ചില സംവിധായകരും നേരത്തെ പറഞ്ഞിട്ടുണ്ട് സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് ഉപരി കേരളത്തിലെ വിവിധ സംഘടനകള്‍ നാടകത്തില്‍ അഭിനയിക്കുമ്പോള്‍ നല്‍കിയ പുരസ്‌ക്കാരങ്ങളും സരസ്സയുടെ അഭിനയ പുസ്തകത്തിലെ അധ്യായങ്ങളാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ച പുരസ്‌ക്കാരവും സൂക്ഷിക്കാന്‍ ഇടമില്ലാത്ത വീട്ടില്‍ മേശപ്പുറത്ത് വെച്ചിരിക്കുകയാണ്. പ്രാരാബ്ദങ്ങളുടെ നടുവില്‍പ്പെട്ട് പോയ ജീവിതമാണ് സരസ്സയുടേത് അഭിനയത്തില്‍ നിന്നും കിട്ടുന്ന തുകയും കാത്തിരിക്കുന്ന കുടുംബം ആ അഭിനയ തിരക്കുകള്‍ക്കിടയില്‍ വിവാഹം പോലും മറന്ന് പോയ ഈ കലാകാരി ഇപ്പോള്‍ സഹോദരന്‍ ചന്ദ്രിന്റേയും, ഭാര്യ അംബിക യോടൊപ്പമാണ് താമസിക്കുന്നത് ഫോട്ടോ ക്യാപ്ഷന്‍: മോഹന്‍ലാലിനോടും സിദ്ധിഖിനോടും ഒപ്പം ബാലുശ്ശേരിസരസ്സയും കോഴിക്കോട് സാവിത്രിയും