Friday
22 Feb 2019

ബല്‍വന്ത് ഫാത്‌കെ

By: Web Desk | Sunday 4 February 2018 10:50 PM IST

 

ഗൗതം എസ് എം
ക്ലാസ്: 5 ബി
ഇന്ത്യന്‍ സ്‌കൂള്‍,
അല്‍ഗൂബ്ര, മസ്‌കറ്റ്

1857 ലെ കലാപത്തിന് മുമ്പും പിമ്പും ജനിച്ച തലമുറ തോറ്റ യുദ്ധത്തിന്റെ വീരകഥകള്‍ കേട്ട് ഞെട്ടിയ മനസുമായാണ് വളര്‍ന്നുവന്നത്. അതുകൊണ്ട് തന്നെ അവര്‍ പ്രതികാരദാഹികളായിരുന്നു. അടിമകളായി മരിക്കുന്നതിനേക്കാള്‍ ഭേദം അടരാടി മരിക്കുന്നതാണെന്നവര്‍ വിശ്വസിച്ചു. അവരുടെ ഒരു ഉത്തമ പ്രതീകമാണ് മഹാരാഷ്ട്രയിലെ കൊളാബ ജില്ലയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച വാസുദേവ് ബല്‍വന്ത് ഫാത്‌കെ.
അഭ്യസ്തവിദ്യരുടെ കുടുംബത്തിലെ അംഗമെന്ന നിലയില്‍ അദ്ദേഹത്തിന് ഇംഗ്ലീഷില്‍ നല്ല അറിവുണ്ടായിരുന്നു. അങ്ങനെ പൂനയിലെ മിലിട്ടറി അക്കൗണ്ട്‌സ് ഓഫീസിലെ ഒരു ഗുമസ്തനായി ജോലി ലഭിച്ചു. ധാരാളം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പാക്കാരന്‍. അത്തരത്തിലുള്ള ഒരു വലിയ സുഹൃത് വലയവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഔദേ്യാഗികപദവി ഉപേക്ഷിക്കുന്നു.
ഇംഗ്ലീഷുകാരനെ എവിടെ കണ്ടാലും ഇന്ത്യാക്കാരന്‍ തലപ്പാവഴിച്ചുവച്ചു സലാം വയ്ക്കുകയും ശിരസുതാഴ്ത്തി അഭിവാദ്യം ചെയ്യുകയും വേണമെന്ന് നിയമമുണ്ടായിരുന്നു. മേലുദേ്യാഗസ്ഥരുടെ ഹീനമായ പെരുമാറ്റത്തില്‍ മനംമടുത്തിരുന്നു ഫാത്‌കെ. അലഞ്ഞുതിരിഞ്ഞ് തെണ്ടിക്കയറി വന്ന ഒരു അഗതിയോടെന്നപോലെ ആയിരുന്നു ഒപ്പം ജോലി ചെയ്തിരുന്ന ഇംഗ്ലീഷുകാരുടെ പെരുമാറ്റം. ഒരിക്കല്‍ മേലുദേ്യാഗസ്ഥരെ താണുവണങ്ങാത്തതിന്റെ പേരില്‍ ഓഫീസിനകത്തുവച്ച് ഇംഗ്ലീഷ് മേലധികാരി ഫാത്‌കെയുടെ മുഖത്തടിച്ചു. ഇന്ത്യക്കാരന്‍ തിരിച്ചടിക്കുമെന്ന് പ്രതീക്ഷയേ ഇല്ലാതിരുന്ന ഇംഗ്ലീഷുകാരന്റെ മുഖത്ത് ബല്‍വന്ത് അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഓഫീസിലെല്ലാവരും നോക്കിനില്‍ക്കെയാണത് സംഭവിച്ചത്. മേശപ്പുറത്തുണ്ടായിരുന്ന ഫയലുകള്‍ മുഴുവന്‍ വലിച്ചെറിഞ്ഞുകൊണ്ട് ധീരനായ ആ ചെറുപ്പക്കാരന്‍ തന്റെ ഔദേ്യാഗിക പദവി ഉപേക്ഷിച്ചിറങ്ങി. ഒളിസങ്കേതം തേടി ബല്‍വന്ത് കാടുകയറി. വിശ്വസ്തരായ കുറച്ചു കൂട്ടുകാരും കൂടെയുണ്ടായിരുന്നു.

മോചനസമരത്തിന്റെ പാതയില്‍
സുശക്തമായൊരു സേനാവിഭാഗത്തെ സജ്ജമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഛത്രപതി ശിവജി ഇംഗ്ലീഷുകാരുമായേറ്റുമുട്ടിയപ്പോഴെല്ലാം കൂടെനിന്ന് പോരാടിയ ആദിവാസികളായ രമോഷി വര്‍ഗത്തെ പുനഃസംഘടിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. അവരുടെ നേതാവും സ്വന്തം ആത്മസുഹൃത്തുമായ ദൗലത്ത് റാവ് രമോഷി അതിനനുകൂലമായി സാഹചര്യം സൃഷ്ടിച്ചുകൊടുത്തു. പക്ഷേ പണം അവര്‍ക്കൊരു പ്രശ്‌നമായിരുന്നു. ഇംഗ്ലീഷ് വിരോധികളായ പല പ്രമാണിമാരേയും ഫാത്‌കെ ചെന്നു കണ്ടെങ്കിലും ദേശസ്‌നേഹംകൊണ്ട് തല തിരിഞ്ഞുപോയ ഒരു യുവാവിന്റെ വിവേകശൂന്യമായ സാഹസികത എന്ന് പറഞ്ഞുകൊണ്ട് അവര്‍ ഒഴിഞ്ഞുമാറി.

ബ്രിട്ടീഷുകാരെ ഉന്മൂലനം ചെയ്യണം
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം അസ്വസ്ഥനായ അദ്ദേഹത്തിനൊരു ചിന്ത മാത്രമേയുണ്ടായിരുന്നുള്ളു. ബ്രിട്ടീഷുകാരെ മൊത്തമായും നശിപ്പിക്കണം. എന്നിട്ടുവേണം സ്വസ്ഥമായൊന്നു ഉറങ്ങാനെന്നദ്ദേഹം ആഗ്രഹിച്ചു. ഗ്രാമത്തിലെ ധനികരെ കൊള്ളയടിക്കാന്‍ തീരുമാനിച്ചു. ന്യായമായ ഇതര മാര്‍ഗങ്ങളിലൂടെ ധനസമാഹരണം സാധ്യമായാല്‍ കൊള്ളമുതല്‍ തിരിച്ചുനല്‍കണമെന്നായിരുന്നു തീരുമാനം.

ഗറില്ലാ ആക്രമണം
ബല്‍വന്തും സംഘവും ഗറില്ലാ ശൈലിയില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. സൈന്യത്തില്‍ അറുനൂറോ എഴുന്നൂറോ ഗിരിവര്‍ഗക്കാരാണുണ്ടായിരുന്നത്. അവര്‍ ആറായിരത്തിന്റെ ശക്തി കാട്ടി. 1850ല്‍ ആയിരുന്നു സംഭവം. ആക്രമണത്തില്‍ ദൗലത്ത് റാവ് രമോഷിക്ക് ജീവന്‍ നഷ്ടപ്പെട്ടു. പൊലീസിനും പട്ടാളത്തിനും ഫാത്‌കെയെ പിടിക്കാന്‍ കഴിഞ്ഞില്ല. ഒരു മിന്നല്‍പ്പിണര്‍ കണക്കെ പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷമാകാനും മിടുക്കുള്ള സേനാമേധാവിയായദ്ദേഹം തിളങ്ങി. ഒളിപ്പോരില്‍ അതിസമര്‍ഥനായിരുന്ന അദ്ദേഹം ‘രണ്ടാം ശിവജി’ എന്ന സ്ഥാനത്തിനുമര്‍ഹനായി.

പിടിക്കപ്പെടുന്നു
ഹൈദരാബാദിനടുത്ത് ഒരു കുഗ്രാമത്തിലെ ക്ഷേത്രവളപ്പില്‍ ക്ഷീണിതനായി ഗാഢനിദ്രയിലാണ്ടിരുന്ന അദ്ദേഹത്തെ പൊലീസ് വ്യൂഹം വളഞ്ഞുപിടിച്ചു. ചെറുത്തുനില്‍ക്കാനാവാതെ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ചു. കോടതിയിലെ വിചാരണയ്ക്ക് ശേഷം ജീവപര്യന്തം തടവും നാടുകടത്തലുമാണ് വിധിച്ചത്. അക്കാലത്ത് നാടുകടത്തല്‍ ആന്തമാന്‍ ദ്വീപിലേക്കായിരുന്നു. എന്നാല്‍ ആപത്കാരിയായ കുറ്റവാളി എന്ന നിലയില്‍ അദ്ദേഹത്തെ അറേബ്യയുടെ മുനമ്പിലുള്ള മറ്റൊരു കോളനിയായ ഏഡനിലേക്കയച്ചു.

ഏകാന്തതടവറയില്‍ അന്ത്യം
ജയിലില്‍ ഇരുപത്തിനാല് മണിക്കൂറും ചങ്ങലയിട്ട് ബന്ധിപ്പിച്ച് ഒരു മൃഗത്തെപോലെ അദ്ദേഹത്തെ പീഡിപ്പിച്ചു. ആഹാരക്കുറവും വെളിച്ചവും വായുവുമില്ലാത്ത തടവറയും അദ്ദേഹത്തെ ക്ഷീണിതനാക്കി. കൂടാതെ ക്ഷയരോഗബാധയും. തന്റെ മോചകന്‍ മരണം മാത്രമാണെന്നദ്ദേഹം തിരിച്ചറിഞ്ഞു. അവസാന നാളുകളില്‍ സ്വന്തം ഡയറിയില്‍ ഇങ്ങനെ കുറിച്ചു. ”എന്റെ ലക്ഷ്യം ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബ്രിട്ടീഷുകാരെ പറിച്ചുമാറ്റി, ഭാരതത്തെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറ്റുക എന്നതായിരുന്നു. അതിനുള്ള യത്‌നത്തില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. എന്റെ നാട്ടുകാരേ ഞാനതിന് ക്ഷമ ചോദിക്കുന്നു.”
”ഇന്ത്യന്‍ റിപ്പബ്ലിക്” എന്ന ആശയം ആദ്യമായി സങ്കല്‍പത്തില്‍ കണ്ട രാജ്യസ്‌നേഹിയായിരുന്നു ബല്‍വന്ത് ഫാത്‌കെ.
മറ്റൊരു സവിശേഷത കൂടി അദ്ദേഹത്തിനുണ്ടായിരുന്നത് എടുത്തുപറയേണ്ടതാണ്. വിദേശ നിര്‍മിത വസ്തുക്കള്‍ക്കെതിരെ ഇന്ത്യയില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയത് സാഹസികനായ ഈ ദേശസ്‌നേഹിയാണ്.