സർവം മുള മയം; ഉറവ് ഉല്‍പ്പന്നങ്ങളാണ് ഇത്തവണയും താരം

Web Desk
Posted on December 07, 2019, 6:25 pm

കൊച്ചി: എല്ലാ തവണത്തെയും പോലെ ബാംബൂ ഫെസ്റ്റിലെ താരം ഉറവ് ഉല്‍പ്പന്നങ്ങളാണ്. ഉറവിന്റെ സ്റ്റാളുകളില്‍ അലങ്കാര വസ്തുക്കള്‍ മുതല്‍ വീട്ടാവശ്യത്തിനും മറ്റുമുള്ള യൂട്ടിലിറ്റി ഉല്‍പ്പന്നങ്ങള്‍ വരെ എല്ലാമുണ്ട്. അടുക്കളയിലേക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍, ലാംപ് ഷെയ്ഡുകള്‍, മുള കൊണ്ടുള്ള ബാഗുകള്‍, ഇന്റീരിയര്‍ ആവശ്യത്തിനുള്ള കര്‍ട്ടനുകള്‍ തുടങ്ങീ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഇത്തവണയും ഉറവ് കാഴ്ചവെക്കുന്നത്.

വയനാട്ടിലെ തൃക്കൈപ്പെറ്റ എന്ന മുള ഗ്രാമത്തില്‍ നിന്നാണ് ഉറവിലെ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. ഉറവ് ഇന്‍ഡിജീനസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്റ്റഡി സെന്ററാണ് തൃക്കൈപ്പെറ്റയെ ഒരു മുള ഗ്രാമമാക്കി മാറ്റിയത്. മുളയധിഷ്ഠിത തൊഴിലുകള്‍ ചെയ്യുന്നവരാണ് ആ നാട്ടുകാരിലധികവും. ഉറവിന്റെ പരിശീലന പരിപാടികളിലൂടെ മികച്ച കലാകാരന്മാരും കരകൗശല വിദഗ്ധരുമായി മാറിയവര്‍.

ഉറവിന്റെ ‘ആഫ്റ്റര്‍ മാത്ത് ’ എന്ന ആര്‍ട്ട് ഇന്‍സ്റ്റാളേഷനും പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നു. ഉറവിന്റെ മുഖ്യ ഡിസൈനര്‍മാരിലൊരാളായ ലെനിന്‍ സിപിയാണ് ആഫ്റ്റര്‍ മാത്തിന്റെ സൃഷ്ടാവ്. കേരളം നേരിട്ട വെള്ളപ്പൊക്കത്തിന്റെ ഓര്‍മകളില്‍ നിന്നാണ് സൃഷ്ടി ഉണ്ടായിരിക്കുന്നത്.

ബാംബൂ ഫെസ്റ്റ് സന്ദര്‍ശിച്ചാല്‍ ഏറ്റവും കൂടുതല്‍ സ്റ്റാളുകളും കലാകാരന്മാരും തൃക്കൈപ്പെറ്റയില്‍ നിന്നാണെന്ന് കാണാന്‍ കഴിയും. ഫുഡ് സ്റ്റാള്‍ മുഴുവനായും തൃക്കൈപ്പെറ്റയിലെ കര്‍ഷകരുടേതാണ്. മുളയരിപ്പായസം, മുളയരി കൊണ്ടുള്ള ലഡ്ഡു, ബിസ്‌ക്കറ്റ്, അട്ടപ്പം, കുഴലപ്പം തുടങ്ങീ ആരോഗ്യപൂര്‍ണ്ണവും മൈദ കലര്‍ന്നിട്ടില്ലാത്തതുമായ പലതരം പലഹാരങ്ങളാണ് ബാംബൂ ഫെസ്റ്റില്‍ നിങ്ങളെ കാത്തിരിക്കുന്നത്.

വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 16 ാമത് കേരള ബാംബൂ ഫെസ്റ്റ് വെള്ളിയാഴ്ച വൈകുന്നേരം എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ആരംഭിച്ചു. മുള കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണന ശ്യംഖല മെച്ചപ്പെടുത്തുവാനായാണ് എല്ലാ വര്‍ഷവും ബാംബൂ ഫെസ്റ്റ് നടത്തുന്നത്. കേരളത്തില്‍ നിന്ന് ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നു. 170 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്.

തമിഴ്നാട്, നാഗാലാന്റ്, മണിപ്പുര്‍, മധ്യപ്രദേശ്, ത്രിപുര, ആസ്സാം, സിക്കിം, മിസ്സോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അറുപതിലധികം കരകൗശല തൊഴിലാളികളും ഫെസ്റ്റിന്റെ ഭാഗമായി ഇവിടെയുണ്ട് . ബാംബൂ മിഷന്റെ പരിശീലനം നല്‍കിയ കലാകാരന്മാരുടെ കരവിരുതില്‍ തയ്യാറായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. മുള, ഈറ്റ എന്നിവയുടെ തൈ, വിത്ത് എന്നിവ ആവശ്യമുള്ളവര്‍ക്ക് അത് വാങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രദര്‍ശന സമയം. ഫെസ്റ്റ് ഡിസംബര്‍ 10ന് അവസാനിക്കും.