Friday
20 Sep 2019

ബാംബു കോര്‍പ്പറേഷന്‍ മുഖംതിരിച്ചു; ഈറ്റ നെയ്ത്തു തൊഴിലാളികള്‍ പ്രതിസന്ധിയില്‍

By: Web Desk | Wednesday 15 November 2017 10:28 PM IST


പത്തനംതിട്ട: ബാംബു കോര്‍പ്പറേഷന്റെ തൊഴിലാളി വിരുദ്ധ സമീപനവും കൂടെ തൊഴിലിനാവശ്യമായ ഈറ്റ ലഭിക്കാത്തതും കാരണം ജില്ലയിലെ ബഹുഭൂരിപക്ഷം ഈറ്റ നെയ്ത്ത് തൊഴിലാളികളും തൊഴിലില്ലാതെ പ്രതിസന്ധിയിലായി. കുറച്ച് വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. ഇപ്പോള്‍ പേരിന് മാത്രമാണ് പലരും ഈ രംഗത്ത് തുടരുന്നത്.
കഴിഞ്ഞ പത്ത് – പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇതായിരുന്നില്ല സ്ഥിതി. ബാംബൂ കോര്‍പ്പറേഷന്‍ ജില്ലയിലെ നിരവധി ഡിപ്പോ – സബ് ഡിപ്പോള്‍ വഴി ആവശ്യത്തിന് ഈറ്റ ജില്ലയിലെ പരമ്പാഗത നെയ്ത്ത് തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഈറ്റ നെയ്ത്ത് മാത്രം ഉപജീവന മാര്‍ഗ്ഗമാക്കിയ നിരവധി കുടുംബങ്ങളും ജില്ലയിലുണ്ടായിരുന്നു. എന്നാല്‍ മതിയായ വേതനവും ആനുകൂല്യങ്ങളും ലഭിക്കാതായതോടെ ഈറ്റ് വെട്ടുതൊഴിലാളികളുടെ എണ്ണം കുറഞ്ഞതും അതോടെ ഈറ്റയുടെ വരവ് നിലച്ചതുമാണ് ഈ രംഗത്തെ പ്രതിസന്ധിക്ക് തുടക്കമായത്.
ആനയുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ആക്രമണങ്ങളെ അതിജീവിച്ചുവേണമായിരുന്നു തൊഴിലാളികള്‍ക്ക് വനത്തിനുള്ളില്‍ നിന്നും ഈറ്റ വെട്ടാന്‍. ഈറ്റ വെട്ടിയാല്‍ മാത്രം പോര ഇത് ഗതാഗത സൗകര്യമുള്ള പ്രദേശത്ത് എത്തിക്കുന്നതും ഭഗീരഥ പ്രയത്‌നമായിരുന്നു. ജില്ലയിലെ കോന്നി, റാന്നി വനമേഖലകളില്‍ നിന്നായിരുന്നു കുടുതല്‍ ഈറ്റ ശേഖരണം നടന്നിരുന്നത്. എപ്പോഴും അപകടം പതിയിരിക്കുന്ന ഈറ്റവെട്ട് മേഖലയില്‍ ജീവന്‍ പണയം വെച്ചായരുന്നു തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരുന്നത്. പണിസ്ഥലത്തുവെച്ച് തൊഴിലാളികള്‍ക്ക് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ കോര്‍പ്പറേഷന്റേത് കണ്ണടക്കുന്ന സമീപനമായിരുന്നു. ഇതോടെ അപകടമുണ്ടായ തൊഴിലാളിയുടെ ചികിത്സയും മറ്റ് അനുബന്ധ കാര്യങ്ങളും കുടുംബത്തിന്റെ ബാധ്യത മാത്രമായി. ഈ സ്ഥിതിയില്‍ നിന്നും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. കോര്‍പ്പറേഷന്‍ സംഭരിക്കുന്ന അറുപത് – എഴുപത് ശതമാനം ഈറ്റയും നെയ്ത്ത് തൊഴിലാക്കിയ പരമ്പരാഗത തൊഴിലാളികള്‍ക്കും ബാക്കി വരുന്നത് ഈറ്റ കൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ക്കും അവരുടെ സഹകരണ സംഘങ്ങള്‍ക്കും വിതരണം ചെയ്യണമെന്നായിരുന്നു നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ എവിടെയും ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നത്. എഴുപതും എണ്‍പതും വയസ്സ് പ്രായം വരെയും ഈറ്റനെയ്ത്ത് തൊഴിലില്‍ ഏര്‍പ്പെടുന്നവരുണ്ടായിരുന്നു. ഈ പ്രായത്തിലും വണ്ടി വിളിച്ച് ഈറ്റ വിതരണകേന്ദ്രത്തിലെത്തി ഈറ്റ വാങ്ങികൊണ്ടുപോകുന്നവര്‍ നിരവധിയായിരുന്നു.
എന്നാല്‍ ഈറ്റയുടെ വില വര്‍ദ്ധിച്ചതും വാഹന വാടകയും തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഒപ്പം ഇടനിലക്കാരുടെ ചൂഷണവും. ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കാനായി ഈറ്റ ഉല്‍പന്നങ്ങളായ പരമ്പ്, കുട്ട, വട്ടി, മുറം തുടങ്ങിയവയുടെ വില്‍പ്പനക്ക് വിപണന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കോര്‍പ്പറേഷന്‍ നിരവധി തവണ വാഗ്ദാനം ചെയ്‌തെങ്കിലും ഒരു സ്ഥലത്തുപോലും വിപണന കേന്ദ്രം സ്ഥാപിക്കുവാന്‍ കഴിഞ്ഞില്ല.
ഇതോടെ ഈറ്റ ഉല്‍പ്പന്നങ്ങള്‍ ചന്തകളില്‍ കൊണ്ടുപോയി കച്ചവടം ചെയ്യുന്ന പതിവ് രീതി തൊഴിലാളികള്‍ ഉപേക്ഷിച്ചു. പിന്നീട് വീടുകളില്‍ വെച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാര്‍ അവിടെ നിന്നും ശേഖരിക്കുന്ന രീതിയായിരുന്നു. പൊതുകമ്പോളത്തില്‍ ലഭിക്കുന്നതിന്റെ പകുതി വിലപോലും നല്‍കാതെ ഇടനിലക്കാരുടെ ചൂഷണം വര്‍ദ്ധിച്ചതോടെ വീട്ടിലിരുന്നുള്ള തൊഴിലും പലരും അവസാനിപ്പിച്ചു. ഈ സമയത്തൊന്നും അപ്രത്യക്ഷമായിക്കൊണ്ടിരുന്ന തൊഴില്‍മേഖലയിലെ താളപ്പിഴകളെക്കുറിച്ച് പഠനം നടത്താനോ തൊഴിലാളികളെ ഈ രംഗത്ത് പിടിച്ചുനിര്‍ത്തുന്ന പദ്ധതികളാരംഭിക്കാനോ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. പരമ്പരാഗത മേഖലയില്‍ ആധുനികവല്‍ക്കരണം കൊണ്ടുവരുമെന്ന പതിവ് പല്ലവി പാടി കോര്‍പ്പറേഷന്‍ കടമ മറക്കുകയായിരുന്നു. മറ്റെല്ലാ തൊഴില്‍ മേഖലയിലും ക്ഷേമനിധികളും മറ്റ് ക്ഷേമ പെന്‍ഷനുകളുമുള്ളപ്പോള്‍ ഈറ്റനെയ്ത്ത് തൊഴിലാളികള്‍ക്ക് മാത്രം അവഗണന സഹിച്ച് കഴിയാനായിരുന്നു വിധി. ഇടക്കാലത്ത് കോര്‍പ്പറേഷന്‍ പെന്‍ഷനുള്ള നടപടികളാരംഭിച്ചെങ്കിലും അതും പാതിവഴിയില്‍ അവസാനിച്ചു. ഇന്നോ നാളെയോട തങ്ങള്‍ക്കും പെന്‍ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ ജില്ലയിലുണ്ട്.
ഇപ്പോള്‍ വിനോദ സഞ്ചാര മേഖലകളില്‍ മുളങ്കുടിലുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ബാംബൂ കോര്‍പ്പറേഷന്‍ അധികാരികള്‍ തൊഴിലില്ലാതായതോടെ ഉപജീവന മാര്‍ഗ്ഗം മുട്ടി കഴിയുന്ന നൂറുകണക്കിന് ഈറ്റ നെയ്ത്ത് തൊഴിലാളികളുടെ പരാതികളും പരിദേവനങ്ങളും കേള്‍ക്കാന്‍ തയ്യാറാകുമോ.