ഇത്തരം വീഡിയോകള്‍ക്ക് ഇനി യൂട്യൂബില്‍ വിലക്ക്‌

Web Desk
Posted on January 16, 2019, 7:48 pm

ജീവന് ഭീഷണി ഉയര്‍ത്തുന്നതും അപകടപ്പെടുത്തുന്നതുമായ വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി യൂട്യൂബ്. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളുമാണ് യൂട്യൂബില്‍ നിരോധിക്കുന്നത്.

പ്രധാനമായും കുട്ടികളെ ഇത്തരം വീഡിയോകള്‍ സ്വാധീനിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കുട്ടികളെ മാനസികമായി തളര്‍ത്തുന്നതും ഭയപ്പെടുത്തുന്നതുമായ വീഡിയോകള്‍ക്കാണ് യൂട്യൂബ് നിരോധനം ഏര്‍പ്പെടുത്തുന്നത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ചലഞ്ച് വീഡിയോയില്‍ കാണുന്നത് പോലെ അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യുട്യൂബ് തങ്ങളുടെ പോളിസി വ്യക്തമാക്കിയത്.

ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ കടുത്ത നയങ്ങളുമായി മുന്നോട്ട് പോകാനുദ്ദേശിക്കുന്ന യൂട്യൂബില്‍ അപകടകരമായ പല വീഡിയോയും ലക്ഷക്കണക്കിനാളുകള്‍ കണ്ടു കഴിഞ്ഞു. ഈ വീഡിയോകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ നടന്നു വരികയാണെന്നും യൂട്യൂബ് പറയുന്നു.