Web Desk

ന്യൂഡൽഹി

July 02, 2020, 3:23 pm

ചെെനീസ് ആപ്പുകളുടെ നിരോധനം വൻ തിരിച്ചടിയായി കണക്കാക്കാനാകില്ലെന്ന് ഇന്ത്യൻ ആർമി വക്താക്കൾ

Janayugom Online

ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെ ചൈനക്കെതിരെ നടത്തിയ വൻ തിരിച്ചടിയായി കണക്കാക്കാനാകില്ലെന്ന് ഇന്ത്യൻ ആർമി വക്താക്കൾ. ഇന്ത്യ‑ചൈന അതിർത്തിയിൽ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ടിക് ടോക്ക് ഉൾപ്പെടെ 59 ആപ്പുകൾ നിരോധിച്ചതിനെ ചൈനയ്ക്കെതിരെ നടത്തിയ വൻ തിരിച്ചടിയായാണ് മോഡി സർക്കാർ കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഇത് ഏറ്റവും ശുഷ്കവും ദുർബലവുമായ നീക്കമായിരുന്നുവെന്നും ഇന്ത്യയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു.

ചൈനക്കെതിരെ സൈനികതലത്തിലുള്ള നീക്കങ്ങൾക്ക് കേന്ദ്രം വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. ചൈനയുടെ മുഖ്യ എതിരാളിയായ വിയറ്റ്നാമിനെ സൈനികമായി പിന്തുണയ്ക്കുന്നതുവഴി ചൈനയ്ക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും. എന്നാൽ സൈനികതലത്തിലുള്ള പദ്ധതികൾക്ക് ഒച്ചിഴയുന്ന വേഗതയാണ് കേന്ദ്രത്തിന്റേതെന്നും പേര് വെളിപ്പെടുത്താത്ത സൈനിക വക്താവ് വ്യക്തമാക്കി. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ആണവായുധമെന്ന് കണക്കാക്കാവുന്ന ബ്രഹ്മോസ് മിസൈലുകൾ വിദേശരാജ്യങ്ങൾക്ക് കൊടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനമായിരുന്നു. സൈനികബലം മെച്ചപ്പെടുത്തിയുള്ള തിരിച്ചടിക്ക് തയ്യാറാകുന്നപക്ഷം ഇതിൽ ഉടൻ നടപടിയുണ്ടാകണമെന്നും സൈനികവക്താക്കൾ പറയുന്നു.

വിയറ്റ്നാമിന് ബ്രഹ്മോസ് മിസൈലുകൾ നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നീട്ടിക്കൊണ്ടുപോയി എന്നതല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ചൈനയ്ക്കെതിരെ പ്രത്യാക്രമണം നടത്തുന്നത് സംബന്ധിച്ച ചർച്ചകളിലും ഇന്ത്യൻ സർക്കാർ മൗനമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയ്ക്കെതിരെ സൈനിക ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2014 മുതൽ ബിജെപി സർക്കാർ വിയറ്റ്നാമുമായുള്ള ഉഭയകക്ഷി തന്ത്രപ്രകാരം ചർച്ചകൾ നടക്കുകയാണ്. ഇതിനൊടനുബന്ധിച്ച് 292 കി. മി. റെയ്ഞ്ചുള്ള ബ്രഹ്മോസ് മിസൈൽ നൽകുന്നതിനും തീരുമാനമായിരുന്നു. വിയറ്റ്നാമിന്റെ പങ്കാളികളായ ജനറൽ ങോ സുവാൻ ലിച്ചുമായി ജൂൺ 2016ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരിക്കർ നിർണ്ണായക ചർച്ചകളും നടത്തിയിരുന്നതായും മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യൻ ടെക്നീഷ്യൻമാർ അടങ്ങിയ ഒരു സംഘത്തെ ഹനോയ് സൈന്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകളിലാണ് അന്ന് തീരുമാനമായത്. ഈ കരാർപ്രകാരം വിയറ്റ്നാമിന് നൽകാനുള്ള മിസൈലുകളുടെ ഉല്പാദനവും ആരംഭിച്ചു.
വിയറ്റ്നാമിന് പിന്നാലെ മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളും ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചൈനയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി വിയറ്റ്നാമുമായുള്ള മിസൈൽ കൈമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് കേന്ദ്ര സർക്കാർ വേഗതകൂട്ടുമെന്നാണ് സൈനികവൃത്തത്തിന്റെ പ്രതീക്ഷ. എന്നാൽ സൈനികതലത്തിലുള്ള തിരിച്ചടികൾക്ക് പ്രാധാന്യം നൽകന്നതരത്തിലുള്ള യാതൊരു നീക്കവും കേന്ദ്രത്തിൽനിന്നുണ്ടാകുന്നില്ലെന്ന് ഇവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

you may also like this video