കുഞ്ഞുങ്ങളുടെ അശ്ലീല ഫോട്ടോ തിരയരുത്,പ്രചരിപ്പിക്കരുത്

Web Desk
Posted on January 01, 2018, 12:19 pm

പതിനെട്ടുവയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അശ്ലീല ഫോട്ടോയോ, വീഡിയോയോ ഇന്റര്‍നെറ്റ് വഴി തിരയുന്നതും ഇവ മൊബൈലില്‍ സൂക്ഷിക്കുന്നതും മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുന്നതും അഞ്ചുവര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റം. ലൈംഗികാതിക്രമങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം(പോക്സോ)2012 വകുപ്പ് 14പ്രകാരമാണ് ഈ കേസിന് അഞ്ചുവര്‍ഷം തടവിനും പിഴചുമത്താനും കഴിയുന്നത്. ഇതിനു പുറമെ ഐ.ടി ആക്‌ട് പ്രകാരം വേറെ കേസെടുക്കാനും നിയമമുണ്ട്.

ഇത്തരത്തിലുള്ള കേസിന് ഒരു പ്രാവശ്യം പിടിക്കപ്പെട്ട പ്രതി വീണ്ടും ഇത്തരംകേസുകളില്‍ പിടിക്കപ്പെടുകയാണെങ്കില്‍ ഇയാള്‍ക്ക് ഏഴുവര്‍ഷം തടവിനും പിഴചുമത്താനും പോക്സോ ആക്ടില്‍ പറയുന്നുണ്ട്. 18വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും കേസില്‍ സമാനമാണ് നിയമം.

ഇത്തരത്തിലുള്ള കുഞ്ഞുങ്ങളുടെ ഫോട്ടോകളോ, വീഡിയോകളോ സോഷ്യല്‍മീഡിയകളിലോ, എതെങ്കിലും ഗ്രൂപ്പുകളിലോ കാണുകയാണെങ്കില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ഓഫീസര്‍മാരേയോ, അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ വിവരം അറിയിക്കണം.

അടുത്തകാലത്തായി ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയകളില്‍ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കിയ ഷെയര്‍ചെയ്യുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്. ഇതിനാല്‍തന്നെ ഇത്തരത്തിലുള്ള കേസുകളില്‍ ശക്തമായി നടപടി സ്വീകരിക്കാന്‍ പോലീസിന് മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സോഷ്യല്‍മീഡിയ ഉപയോഗിച്ച്‌ കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വണ്ടൂര്‍ തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി(25) കഴിഞ്ഞ ദിവസമാണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്. അറസ്റ്റിലായ പ്രതി ദിനംപ്രതി ഏഴായിരത്തോളം പേര്‍ക്ക് കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇത്തരത്തില്‍ കൈമാറിയിരുന്നതായി മൊഴി നല്‍കിയിരുന്നു.