കെ രംഗനാഥ്

മസ്കറ്റ്

February 20, 2020, 7:24 pm

ഒമാനില്‍ പണപ്പിരിവിന് വിലക്ക്

Janayugom Online

ഒമാനിലെ സമൂഹകൂട്ടായ്മകളും വ്യക്തികളും പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ്. ഏതാനും പ്രവാസികള്‍‍ ചേര്‍ന്ന് പിരിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു പിടിച്ചതോടെയാണ് ഇത്തരം പിരിവുകള്‍ക്കുള്ള വിലക്ക്.പ്രവാസികളുടേതക്കമുള്ള സമൂഹ കൂട്ടായ്മകള്‍ സാമൂഹ്യവികസന മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തശേഷം മാത്രമേ പ്രവര്‍ത്തിക്കാവൂ. എന്നാല്‍ ഈ രജിസ്ട്രേഷന്‍ പണപ്പിരിവിനുള്ള അനുമതിയല്ല. മന്ത്രാലയത്തിന്റെ അനുമതിയുള്ളവര്‍ക്കു മാത്രമേ പണപ്പിരിവു നടത്താനാവൂ. എന്നാല്‍ അനുമതിയില്ലാതെ പണപ്പിരിവു നടത്തുന്ന സംഘടനകളുടേയും വ്യക്തികളുടേയും എണ്ണം ഏറിവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പിരിവു സംഘങ്ങള്‍ക്ക് വിലക്കു വീഴുന്നത്.
ഏതെങ്കിലും കടലാസുസംഘടനകളുടെ പേരില്‍ കേരളത്തില്‍ നിന്നടക്കമുള്ളവര്‍ ഇവിടെപണപ്പിരിവിനെത്തുന്നത് നാട്ടുനടപ്പായി മാറിയിട്ടുണ്ട്.ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരിലാണ് ഈ തരികിട പിരിവുകള്‍. ഇത്തരം പിരിവുകാര്‍ പ്രവാസി സംഘടനകളുടെ സഹായത്തോടെ ദശലക്ഷങ്ങള്‍ പിരിച്ചെടുത്തു പോക്കറ്റിലാക്കി നാട്ടിലേക്ക് മുങ്ങുകയാണ് പതിവ്. ഇതേക്കുറിച്ചുള്ള നിരവധി പരാതികള്‍‍ ഒമാന്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഇതിനിടെയാണ് പിരിവുകാര്‍‍ പണം എണ്ണുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതും പിരിവിനെതിരേ വിലക്കുവീണതും.

Eng­lish Sum­ma­ry: Ban on mon­ey deposits in Oman

You may also like this video