നേന്ത്രക്കായ വില കൂപ്പുകുത്തി; പ്രതീക്ഷയറ്റ് കര്‍ഷകര്‍

Web Desk
Posted on August 05, 2019, 5:52 pm

അടിമാലി: ഹൈറേഞ്ചിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായിരുന്ന നേന്ത്രക്കായുടെ വില കുത്തനെ കൂപ്പു കുത്തി. ഇടുക്കിയിലെ കര്‍ഷകര്‍ പ്രതീക്ഷയോടെ ഇപ്പോഴും തുടര്‍ന്നു പോരുന്ന കൃഷികളിലൊന്നാണ് ഏത്തവാഴ കൃഷി. ഓണ വിപണിയോടനുബന്ധിച്ച് നേന്ത്രക്കായ്കള്‍ക്ക് ലഭിക്കുമായിരുന്ന മെച്ചപ്പെട്ട വിലയാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി പോന്നിരുന്നത്. എന്നാല്‍ ഇത്തവണ ഓണത്തിന് ഒരു മാസം മാത്രം ശേഷിക്കെ നേന്ത്രക്കായ വില കുത്തനെ കൂപ്പുകുത്തുകയാണ്. വിളവെടുപ്പാരംഭത്തില്‍ കിലോക്ക് 50 രൂപ ലഭിച്ചിരുന്നെങ്കില്‍ 25ലും താഴെയാണ് ഇപ്പോഴത്തെ വിപണി
വില. ഒരു വാഴക്കുലക്ക് 200ല്‍ അധികം രൂപ ചിലവുവരുമെന്നിരിക്കെ ഇപ്പോഴത്തെ വില ലാഭകരമല്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ഓണ വിപണിയോടനുബന്ധിച്ചാണ് കേരളത്തില്‍ ഏറ്റവും അധികം നേന്ത്രക്കായ്കള്‍
വിറ്റഴിയുന്നത്. ഗുണനിലവാരമുള്ള ഇടുക്കിയിലെ ഏത്തക്കുലകള്‍ക്ക് എറണാകുളവും
കോട്ടയവും ഉള്‍പ്പെടുന്ന ജില്ലകളില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. എന്നാല്‍ ഇത്തവണ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വലിയ തോതില്‍ നേന്ത്രക്കായ്കള്‍ വില്‍പ്പനക്കെത്തിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഏത്തവാഴ കൃഷിക്ക് വ്യാപക നാശം സംഭവിച്ചിരുന്നു. ശേഷം കൃഷിയിറക്കിയ ഏത്തവാഴകള്‍ എല്ലാം ഒരേ സമയം കുലച്ചത് വിപണിയില്‍ നേന്ത്രക്കായുടെ ലഭ്യത കൂടുതലാക്കി. ഓണത്തോടടുത്ത
നാളുകളിലെങ്കിലും മെച്ചപ്പെട്ട വില ലഭിക്കുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്കുള്ളത്.