കൊറോണയുടെ ആക്രമണം ഗള്‍ഫിലെ പഴം, പച്ചക്കറി വിപണികളിലേക്കും വ്യാപിക്കുന്നു. മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കുമാണ് വില കുതിച്ചുകയറുന്നത്. മലയാളിയുടെ പച്ചക്കറികള്‍ ഒമാനില്‍ മാത്രമാണ് വന്‍തോതില്‍ കൃഷി ചെയ്യുന്നത്. ഇതിലൊരു പങ്ക് അവര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇറക്കുമതിക്ക് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. കപ്പലുകളിലും വിമാനങ്ങളിലുമാണ് ഇന്ത്യയില്‍ നിന്നും പഴവും പച്ചക്കറികളും ഇറക്കുമതി ചെയ്തിരുന്നത്.
കൊറോണയോടെ സമുദ്ര വ്യോമഗതാഗതം നിലച്ചു. ചരക്കു വിമാനങ്ങളിലാണ് വന്‍കിട മാള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍ ഇപ്പോള്‍ ഇറക്കുമതി നടത്തിവരുന്നത്. അതിനാല്‍ ചരക്കു വിമാന കൂലികൂടി സാധനങ്ങളുടെ വിലയില്‍ കയറ്റിയതോടെ ഗള്‍ഫിലെങ്ങും പച്ചക്കറി, പഴം വില കുതിച്ചു.
കേരളത്തില്‍ ഒരു കിലോ മുരിങ്ങക്കയ്ക്ക് പരമാവധി 40 രൂപയാണ് വില. മുഴുത്ത എട്ടു മുരിങ്ങക്കകള്‍ ഒരു കിലോ വരും. ഇവിടെ ഇപ്പോള്‍ മുരിങ്ങക്കയുടെ വില 400 മുതല്‍ 450 രൂപ വരെ. ഒരു മുരിങ്ങക്കയ്ക്ക് അറുപതു രൂപയോളം. നാടന്‍ നേന്ത്രപ്പഴം നാട്ടില്‍ കിലോയ്ക്ക് 30–40 രൂപയ്ക്ക് ലഭിക്കും. ഗള്‍ഫില്‍ മലയാളിക്ക് പ്രിയങ്കരമായ നേന്ത്രപ്പഴം കിലോയ്ക്ക് 500 രൂപയോളമായി. ലുലു തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍ തെല്ലു വിലക്കുറവുണ്ടെന്നു മാത്രം. പച്ചക്കായ് കിലോയ്ക്ക് 350 രൂപ.
ഇന്ത്യ സവാള കയറ്റുമതി വിലക്ക് പിന്‍വലിച്ചതോടെ കിലോയ്ക്ക് വില 100 രൂപയ്ക്ക് താഴെയായി. നേരത്തെ സവാള വില 400 രൂപവരെ എത്തിയിരുന്നു. എന്നാല്‍ ചെ റിയ ഉള്ളിയുടെ വില മാറ്റമില്ലാതെ 400 രൂപയില്‍ തുടരുന്നു. പാവയ്ക്ക, വെള്ളരിക്ക, പടവലങ്ങ, കൂര്‍ക്ക, കോവക്ക, ചീനി അമരയ്ക്ക, ബീന്‍സ്, ചേന, ചേമ്പ് എന്നിവയുടെ വിലയും ഇരട്ടിയോളമായി. പച്ചക്കറി-പഴവര്‍ഗങ്ങളുടെ വിലകൂടിയതോടെ വിഷുക്കണിയൊരുക്കാനുള്ള വിഭവങ്ങളുടെ എണ്ണവും വെട്ടിച്ചുരുക്കാന്‍ മലയാളി പ്രവാസി കുടുംബങ്ങള്‍ നിര്‍ബന്ധിതരായി. കണിക്കൊന്നപ്പൂവിനും കണിവെള്ളരിക്കും തീവിലയായിരുന്നു.
English Summary: Banana price increase
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.