12 September 2024, Thursday
KSFE Galaxy Chits Banner 2

വാഴപ്പഴ വിസ്കിയും മാമ്പഴ ബ്രാന്‍ഡിയും വരുന്നു

കെ രംഗനാഥ്
തിരുവനന്തപുരം
October 26, 2022 10:33 pm

പഴവര്‍ഗങ്ങളില്‍ നിന്നും വിവിധയിനം വീര്യം കുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കാനുള്ള വഴി തുറന്നു. മദ്യനിര്‍മ്മാണം സംബന്ധിച്ച നിയമത്തില്‍ വരുത്തിയ ഭേദഗതി നിയമസഭ വിഷയ നിര്‍ണയ സമിതി അംഗീകരിച്ചതോടെ അടുത്തവര്‍ഷം മുതല്‍ പഴവര്‍ഗമദ്യങ്ങള്‍ വിപണിയിലിറങ്ങുമെന്നാണ് സൂചന.
ഇപ്രകാരം നിര്‍മ്മാണത്തിനുള്ള 16 അപേക്ഷകളാണ് സര്‍ക്കാരിനുമുന്നിലുള്ളത്. സബ്ജക്ട് കമ്മിറ്റി അനുമതിക്ക് പിന്നാലെ ഇത്തരം മദ്യനിര്‍മ്മാണ യൂണിറ്റുകള്‍ക്ക് മദ്യോല്പാദനത്തിന് പ്രവര്‍ത്തനാനുമതി നല്കാനുള്ള ചട്ടങ്ങളും കഴിഞ്ഞ ദിവസം നിലവില്‍ വന്നതോടെ ഇതുസംബന്ധിച്ച എല്ലാ തടസങ്ങളും നീങ്ങി. ഭേദഗതി നിയമത്തെയും ചട്ടങ്ങളെയും ചോദ്യം ചെയ്യുന്ന നിയമനടപടികള്‍ക്കുള്ള സാധ്യതയും തീരെ വിരളമാണ്. കാരണം വ്യവസായങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ നിയമഭേദഗതി വരുത്താമെന്ന് വ്യവസ്ഥയുണ്ട്. മദ്യനിര്‍മ്മാണം സംബന്ധിച്ച അബ്കാരി നിയമത്തിലും കേരളാ സ്മാള്‍ സ്കെയില്‍ വൈനറി റൂള്‍സിലും ഭേദഗതി വരുത്തുകയാണ് നിയമസഭയുടെ വിഷയനിര്‍ണയ സമിതി ചെയ്തിരിക്കുന്നത്.
ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം മുതല്‍ ഓറഞ്ചും പേരയ്ക്കയും മുന്തിരിങ്ങയും വരെ വാറ്റി വീര്യം കുറഞ്ഞ വിദേശമദ്യമുണ്ടാക്കാം. ഭക്ഷ്യധാനങ്ങള്‍ ഒഴികെയുള്ള എല്ലാ കാര്‍ഷികോല്പന്നങ്ങളും, ഇതനുസരിച്ച് മദ്യനിര്‍മ്മാണത്തിന് കപ്പപോലും ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷമാണ് എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ ആ ആശയം മുന്നോട്ടുവച്ചത്. കര്‍ഷകര്‍ക്ക് ഇതുമൂലം തങ്ങള്‍ ഉല്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുമെന്ന് അദ്ദേഹവും ഇപ്പോഴത്തെ മന്ത്രി എം ബി രാജേഷും ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം ധാന്യേതര കാര്‍ഷിക വിഭവങ്ങളുടെയും പഴവര്‍ഗങ്ങളുടെയും വിപണി വില കുതിച്ചു കയറുമെന്നും വാഴപ്പഴത്തിന്റെയും മാമ്പഴത്തിന്റെയും മറ്റും വില വര്‍ധിക്കുമെന്നുമുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് പൊതുവായ അഭിപ്രായം.
കാരണം സംസ്ഥാനത്ത് എട്ട് മുതല്‍ 10 വരെ ദശലക്ഷം ടണ്ണോളം കശുമാമ്പഴമാണ് പാഴായിപ്പോകുന്നത്. ഇത്രയും കശുമാമ്പഴം ഉപയോഗിച്ച് ഇരുപതിലേറെ മദ്യനിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിപ്പിക്കാനാവും. ഗോവയില്‍ തനതു മദ്യമായ ‘കാജുഫെനി‘യാണ് പ്രധാനവരുമാന മാര്‍ഗങ്ങളിലൊന്ന്. പക്ഷെ മദ്യനിര്‍മ്മാണത്തിനാവശ്യമായ കശുമാമ്പഴത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ഗോവ. കേരളമാണെങ്കില്‍ ഇക്കാര്യത്തില്‍ സ്വയം പര്യാപ്തവും. ചീഞ്ഞുപോകുന്ന കശുമാമ്പഴം മദ്യനിര്‍മ്മാണ യൂണിറ്റുകള്‍ക്ക് വിറ്റ് കര്‍ഷകര്‍ക്ക് അധികവരുമാനവുമുണ്ടാക്കാം.
സംസ്ഥാനത്ത് പ്രതിവര്‍ഷം ഉല്പാദിപ്പിക്കുന്നത് 28.8 കോടി ചക്കയാണ്. ഇതില്‍ 12.1 കോടിയും വിളയുന്നത് മലബാര്‍ മേഖലയിലാണ്. ഇടുക്കിയാണ് ചക്ക ഉല്പാദനത്തില്‍ മുന്നില്‍— 5.7 കോടി. തിരുവനന്തപുരം ജില്ലയില്‍ 2.6 കോടി. ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കുന്നതിലെ അപര്യാപ്തതമൂലം സംസ്ഥാനത്തു വിളയുന്ന ചക്കയുടെ നല്ലൊരു പങ്ക് ചീഞ്ഞുപോകുകയാണ്. ഇത്രയും ചക്ക മദ്യനിര്‍മ്മാണത്തിനുപയോഗിച്ചാല്‍ കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കും. ഇതിനായി ചക്ക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചാല്‍ മതിയാകും.
താരതമ്യേന വിലകൂടിയ വാഴപ്പഴ ബ്രാന്‍ഡിയും മാമ്പഴ വിസ്കിയുമുണ്ടാക്കാനാവശ്യമായ ഉല്പന്നങ്ങളും സംസ്ഥാനത്തു സുലഭമാണ്. 3.4 ലക്ഷം ടണ്‍ മാമ്പഴമാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്നത്. വാഴപ്പഴമാകട്ടെ 8.6 കോടി ടണ്ണുമെന്നാണ് ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ കണക്ക്. ഈ വ്യവസായം വികസിപ്പിക്കുന്നതോടെ അരലക്ഷം പേര്‍ക്ക് നേരിട്ടും ഒന്നര ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും പുതുതായി തൊഴില്‍ ലഭിക്കുമെന്നും കണക്കാക്കപ്പെടുന്നു.

Eng­lish Sum­ma­ry: banana whiskey and man­go brandy are coming

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.