ശക്തമായ മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബാണാസുര സാഗര്‍ അണക്കെട്ട് ഇന്ന് തുറക്കും,ജാഗ്രതാ നിര്‍ദേശം

Web Desk
Posted on August 23, 2019, 8:33 am

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത മൂന്നു ദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ സാധ്യത കണക്കിലെടുത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ട് ഇന്ന് തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ല. എന്നാല്‍, മറ്റ് ചില സമുദ്ര പ്രദേശങ്ങളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

you may also like this video