കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കോടതി കുറ്റവിമുക്തമാക്കി

Web Desk
Posted on September 25, 2018, 12:17 pm

കോടതി വിധിവന്നപ്പോഴേക്കും വാദിയും പ്രതിയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കാട്ടുകള്ളന്‍ വീരപ്പനെ കോടതി കുറ്റവിമുക്തമാക്കി. വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 9 പേരെയും കോടതി വെറുതെ വിട്ടു.

18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. വീരപ്പനടക്കം കേസിലെ പല പ്രതികളും ഇന്ന് ജീവിച്ചിരിപ്പില്ല. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2004ല്‍ വീരപ്പന്‍ കൊല്ലപ്പെടുകയും 2006 ൽ രാജ്‌കുമാർ  ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു.

തലവാടിയിലെ ദൊഡ്ഡാ ഗുജനൂര്‍ ഗ്രാമത്തില്‍ ഫാം ഹൗസില്‍ നിന്നുമാണ് വീരപ്പനും സംഘവും ചേര്‍ന്ന് കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോകുന്നത്.രാജ്കുമാറിനെ കൂടാതെ മരുമകന്‍ എസ് എ ഗോവിന്ദരാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെയും തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്.

സെപ്റ്റംബര്‍ 28 ന് നാഗപ്പ രക്ഷപെട്ട് പുറത്തെത്തി. മറ്റ് രണ്ട് പേരെ 108 ദിവസം കാടിനുള്ളില്‍ തടവില്‍വെച്ച ശേഷം നവംബറില്‍ മോചിതരാക്കി. വീരപ്പന്‍, അടുത്ത അനുയായികളായ ചന്ദ്ര ഗൗഡ, സേത്തുക്കൂടി  ഗോവിന്ദന്‍ എന്നിവരടക്കം പതിനാല് പ്രതികളായിരുന്നു കേസില്‍ ഉള്ളത്.

2004 ഒക്ടോബര്‍ 18ന് നടന്ന ഓപ്പറേഷന്‍ കൊക്കൂണിലൂടെയാണ് നാട് വിറപ്പിച്ച കാട്ടുകള്ളന്‍ വീരപ്പനെ കൊലപ്പെടുത്തുന്നത്. ചന്ദ്ര ഗൗഡയും ഗോവിന്ദനും ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു പ്രതിയായ രമേശ് ഇപ്പോഴും ഒളിവിലാണ്.

42 സാക്ഷികള്‍, 52 രേഖകള്‍, തോക്ക് ഉള്‍പ്പെടെയുള്ള 31 തൊണ്ടിമുതല്‍ തുടങ്ങിയവയായിരുന്നു കേസിലെ തെളിവുകള്‍. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ഗോബിച്ചെട്ടിപ്പാളയം അഡീഷണല്‍ മജിസ്ട്രേറ്റ് കെ മണി നിരീക്ഷിച്ചു. രാജ്കുമാറിന്റെ ഭാര്യ പര്‍വതാമ്മയെ സാക്ഷിമൊഴി നല്‍കാത്തതും കോടതി ചോദ്യം ചെയ്തു.