24 April 2024, Wednesday

വ്യവസായ ഇടനാഴി പദ്ധതി; നടപടികള്‍ ദ്രുതഗതിയില്‍

Janayugom Webdesk
കൊച്ചി
February 7, 2023 11:08 pm

ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ തുടർനടപടികൾക്ക് വേഗം കൂടും. പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് അനുവദിക്കപ്പെട്ട തുക ചെലവഴിക്കുക. ഇതിൽ 850 കോടി രൂപ എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയാണ്. കിൻഫ്രയാണ് ഏറ്റെടുക്കൽ നോഡൽ ഏജന്‍സി.

കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും സംസ്ഥാന സർക്കാർ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കമ്പനിയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയാണ് പദ്ധതിയുടെ ഭാഗമായി അയ്യമ്പുഴയിൽ വരുന്നത്. 160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചു. ഇവിടെ തുടങ്ങുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകും.

ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുമ്പോൾ പതിനായിരം കോടി രൂപയുടെ നിക്ഷേപവും പതിനായിരം തൊഴിലവസരങ്ങളുമാണുണ്ടാകുക. ഭക്ഷ്യ സംസ്കരണം, ലൈറ്റ് എന്‍ജിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ‑മാലിന്യങ്ങളുടെയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ‑വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry: ban­ga­lore indus­tri­al corridor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.