ന്യൂഡൽഹി: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമെൻ ഇന്ത്യാ സന്ദർശനം റദ്ദു ചെയ്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നോർത്ത് ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധത്തിനിടയിലാണ് അബ്ദുൾ മോമെൻ ഇന്ത്യയിലേക്കുള്ള യാത്ര റദ്ദുചെയ്തിരിക്കുന്നത്. എന്നാൽ യാത്ര റദ്ദുചെയ്യുന്നതിന് ഔദ്യോഗിക കാരണങ്ങളൊന്നും നൽകിയിട്ടില്ല. ഡിസംബർ 12 മുതൽ 14 വരെയാണ് മോമെൻ ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നിരുന്നത്. വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞത്പ്രകാരം മോമെൻ ഇന്നലെ വൈകിട്ട് 5.20 ന് ന്യൂഡൽഹിയിൽ എത്തേണ്ടതായിരുന്നു.
ഇന്ത്യ ചരിത്രപരമായി സഹിഷ്ണുത പുലർത്തുന്ന രാജ്യമാണെന്ന് മോമെൻ ബുധനാഴ്ച ഡാക്കയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നിരുന്നാലും, മതേതരത്വത്തിന്റെ പാരമ്പര്യം ദുർബലപ്പെടാമെന്നും അത് ഇന്ത്യ‑ബംഗ്ലാദേശ് ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസ്താവനക്കെതിരെയും അബ്ദുൾ മോമെൻ രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആരാണ് അത്തരത്തിലൊരു വിവരം നൽകിയതെങ്കിലും അത് ശരിയല്ല. ഹിന്ദുക്കളെ ബംഗ്ലാദേശിൽ പീഡിപ്പിക്കുന്നുവെന്ന് പറയുന്നതിൽ യാതൊരു വാസ്തവവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിനെ പോലെ മതസൗഹാർദം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങൾ ലോകത്ത് തന്നെ ചുരുക്കമാണ്. തങ്ങൾക്ക് ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ല. എല്ലാവരും തുല്യരാണ്. വിവിധ മതങ്ങളിലുള്ളവർ തമ്മിലുള്ള മാതൃകാപരമായ ഐക്യത്തേയാകും അമിത്ഷായ്ക്ക് ഇവിടെ കാണാനാവുകയെന്നും അബ്ദുൾ മോമെൻ പറഞ്ഞു. ബംഗ്ലാദേശ് വാർത്താ ഏജൻസിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ മാറ്റങ്ങൾ വരുന്നതിൽ തങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യക്ക് അവരുടെ രാജ്യത്തിനുള്ളിൽ തന്നെ നിരവധി പ്രശ്നങ്ങളുണ്ട്. പക്ഷേ ഞങ്ങളെ അത് അലട്ടുന്നില്ല. അദ്ദേഹം പറഞ്ഞു.
മതേതര രാഷ്ട്രമെന്ന നിലയിൽ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് ഈ ബന്ധങ്ങളെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ ചരിത്രപരമായി മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു സഹിഷ്ണുത പുലർത്തുന്ന രാജ്യമാണ്. എന്നാൽ അതിൽ നിന്ന് വ്യതിചലിച്ചാൽ അവരുടെ ചരിത്രപരമായ സ്ഥാനം ദുർബലമാകുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്, ജപ്പാൻ സ്ഥാനപതിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പ്രസ്താവനയിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.