സാമൂഹ്യ ബന്ധങ്ങളിൽ മാറ്റം വരുത്തുന്ന നിയമങ്ങൾ പോലെയാണ് വി ആർ ഹർഷൻ നിർമ്മിക്കുന്ന ഓരോ ഫലിതങ്ങളും. അതുകൊണ്ടു തന്നെയാണ് ഇദ്ദേഹത്തെ പലരും ബാംഗ്ലൂർ വികെഎൻ എന്ന് വിശേഷിപ്പിക്കുന്നത്. നർമ്മദ, പാക്കനാർ, മനോരമ, ഹാസ്യകൈരളി, കേരള കൗമുദി, മുംബൈ വാർത്ത, ഡെക്കാൻ ഹെറാൾഡ്, ഇന്ത്യൻ എക്സ്പ്രസ്സ്, യവനിക മാസിക, ബ്ലിറ്റ്സ്, ദി ഹിന്ദു തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിയതെല്ലാം സമാഹരിക്കുകയാണെങ്കിൽ ഇന്ന് നമ്മുടെ ഹാസ്യരംഗത്ത് ഒരു വലിയ ഹർഷചരിത്രം തന്നെ ലഭിക്കും.
എവിടെയൊക്കെ കുടിയേറുന്നുവോ അവിടെയൊക്കെ ഹാസ്യവേദി രൂപീകരിച്ചുകൊണ്ട് സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുകയാണ് വി ആർ ഹർഷന്റെ ഹോബി. ഹൃദയത്തിൽ ചിരിയില്ലാത്ത കാലമാണിത്. പിന്നെങ്ങനെ ചുണ്ടിലേക്ക് ചിരി വരും. ചിരിയുടെ ഈ ചരിത്രാവബോധമാണ്. ഹർഷനെ ഉലകം ചുറ്റും വാലിബനാക്കിയത്. ചാർളി ചാപ്ളിന്റെ ആരാധകനായ വി ആർ ഹർഷൻ നാവികസേനയിലെ സേവനം അവസാനിപ്പിച്ചുകൊണ്ടാണ് ഹാസ്യപോരാട്ടം തുടങ്ങുന്നത്. അതിനായി അദ്ദേഹം ഒരു ദേശീയ ഫോറം തന്നെ രൂപീകരിച്ചിരുന്നു. മുംബെയിലെ ആന്റണി പാറക്കലിനെ പ്രസിഡന്റാക്കിക്കൊണ്ടാണ് ഇന്ത്യയിലെമ്പാടും സാംസ്കാരിക പ്രവർത്തനം വിപുലീകരിച്ചതെന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ആരോരുമില്ലാത്തവർക്കുവേണ്ടിയുള്ള ഹർഷന്റെ ഹാസ്യശരങ്ങൾ ഉന്നതങ്ങളി ലുള്ള തലച്ചോറുകളിലേക്കാണ് ആഞ്ഞുതറച്ചത്. സ്ത്രീകൾക്ക് പ്രസവാവധി കൊടുക്കുന്നുണ്ടെങ്കിൽ അവരുടെ പുരുഷൻമാർക്ക് പരിചരണാവധിയും അനുവദിക്കണമെന്ന് ആക്ഷേപഹാസ്യം ഒരുപാട് വിമർശ നങ്ങളെ ക്ഷണിച്ചുവരുത്തിയിരുന്നു. വീരപ്പനെ വനംവകുപ്പുമന്ത്രിയും ഹർഷത്ത്മേത്തയെ ധനകാര്യവ കുപ്പുമന്ത്രിയാക്കണമെന്നു പറഞ്ഞത് ഒരുപാട് ഒച്ചപ്പാടുകളുണ്ടാക്കിയിട്ടുണ്ട്. കുഞ്ചൻനമ്പ്യാരുടെ ഹാസ്യ ശൈലിയെ കവിതയിൽ നിന്ന് കടം കൊണ്ടുകൊണ്ടാണ് മാധ്യമരംഗത്ത് ഒരു വികെഎൻ ശൈലിയിൽ വി ആർ ഹർഷൻ കുരമ്പുകൾ തേച്ചുമിനുക്കുന്നത്.
ഇടവും വലവും നോക്കാതെ മുന്നോട്ടു പോകുന്ന വി ആർ ഹർഷനെ ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അധോലോകസംഘം നിരീക്ഷിച്ചെന്നു പറയുമ്പോൾ ഞെട്ടിപ്പോകുന്നു. അതുപോലെ തന്നെ മുംബെ യിൽ ശിവസേനയുടെ ദേശീയ നേതാവ് താക്കറെയും മകൻ ഉദ്ദവ് താക്കറെയും വി ആർ ഹർഷന്റെ പുറത്ത് കണ്ണുവെച്ചിരുന്നു. സമകാലീന സംഭവങ്ങളിൽ അഭിപ്രായം പറയുന്നവരെ വേട്ടയാടുന്ന നാടാണ് നമ്മുടേത്. അപ്പോൾ വി ആർ ഹർഷൻ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതം. ദേശീയമായും അന്തർദേശീയമായും ഒന്നും വിട്ടുകളയാത്ത ഹാസ്യപോരാളിയുടെ ജീവിതം ഒരു വലിയ നാടകമായി തുടരുമ്പോൾ ലോകത്ത് പലരും ഉന്നതങ്ങളിൽ ഉറക്കം വരാതെ അസ്വസ്ഥരായി നടക്കുകയാണ്. പാക്കിസ്ഥാൻ പ്രസി ഡന്റിന്റെ ഇരട്ടത്താപ്പു നയങ്ങൾ തുടങ്ങി പശ്ചിമേഷ്യയിലെ യുദ്ധം വരെ ഇംഗ്ലീഷിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓടയിലെ ദുർഗന്ധം, വെള്ളക്കെട്ട്, റോഡിലെ കുഴികൾ, വൈദ്യുതി തകരാറുകൾ, മാലിന്യകൂമ്പാരം തുടങ്ങി സാമൂഹ്യ ജീവിതങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളാണ് അദ്ദേഹം അധികാരി വർഗത്തിന്റെ കണ്ണു തുറപ്പിക്കാൻ വേണ്ടി എഴുതിയത്. അങ്ങനെ രണ്ടായിരത്തിലധികം വരുന്ന രചനകളാണ് വി ആർ ഹർഷന്റെ പടവാളായ പേനയിലൂടെ ഉരുത്തിരിഞ്ഞത്.
ഹാസ്യജീവിതത്തിന്റെ മുക്കാൽ ഭാഗവും മുംബെയിലെ സാംസ്കാരിക രംഗങ്ങളിലും മലയാളി കൂട്ടായ്മകളിലുമായിരുന്നു. എന്നാൽ ബാംഗ്ലൂരിലേക്ക് സ്ഥലം മാറി വന്നതോടെ 1995 ഹർഷസാഹിത്യം ഹാസ്യചരിത്രത്തിന്റെ വർഷമായി മാറി. മുംബെയിലെ ഹാസ്യ സ്മരണകളും മറ്റും മറക്കാനാവാത്ത മാസ്മരിക ദിനങ്ങളായി ബാംഗ്ലൂർ വികെയെന്നെ ഇന്നും മുന്നോട്ടു നയിക്കുന്നു. നമ്മുടെ ചരിത്രവും സംസ്കാരവുമാണ് അദ്ദേഹത്തിന്റെ നാടിന്റെ മനസിൽ ഇന്നും നിറഞ്ഞുതുളുമ്പുന്നത്. പ്രതികരിക്കാൻ ഞാനുണ്ടെന്ന സത്യമാണ് അദ്ദേഹത്തിന്റെ ഓരോ കുറിപ്പുകൾക്കാധാരം. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ എന്നു വിളിക്കാവുന്ന ഒരെഴുത്തുകാരനെ ഇന്ന് ഒരിടത്തും കണ്ടെന്നു വരില്ല. എന്നാൽ ബാംഗ്ലൂർ വികെഎൻ എന്നറിയപ്പെടുന്ന വി ആർ ഹർഷൻ വിചാരിച്ചാൽ നടക്കാത്ത ഒരു കാര്യവുമില്ല. ഏത് ഇരുമ്പുകോട്ടയും അദ്ദേഹം പൊളിക്കും. അതിനുള്ള ശക്തി അദ്ദേഹത്തിന്റെ പേനയ്ക്കുണ്ട്. ഹാസ്യത്തിലൂടെ എന്തും പറയാം എന്ന യുക്തിബോധമാണ് വി ആർ ഹർഷന്റെ ശക്തിയും പ്രയാണവും. വിശ്വോത്തര ചലച്ചിത്ര നടൻ ചാർളി ചാപ്ലിൻ മുതൽ മലയാളികളുടെ ദേശീയ മഹാകവിയായ കുഞ്ചൻനമ്പ്യാർ വരെ കാണിച്ചു തന്ന ആക്ഷേപ ഹാസ്യത്തിന്റെ രാജപാതയിലൂടെ സഞ്ചരിക്കാൻ ധൈര്യമുള്ള ഒരെഴുത്തുകാരനാണ് വി ആർ ഹർഷൻ. അതിനുവേണ്ടി അദ്ദേഹം 2013 ൽ സർഗജാലകം എന്ന ഒരു പ്രസിദ്ധീകരണം തന്നെ ബാംഗ്ലൂരിൽ നിന്നും തുടങ്ങി.
ഹ്യൂമർക്ലബ് ബോംബെ, ഹ്യൂമർക്ലബ് ഗോവ, ഹാസ്യവേദി ബാംഗ്ലൂർ എന്നിവയുടെ സ്ഥാപക നാണ് വി ആർ ഹർഷൻ. ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, മലയാളി സംഘടനകൾ എന്നിവക്കുവേണ്ടി മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ചിരിയരങ്ങുകൾ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ കലാസാംസ്കാരിക സംഘടനകളിൽ ആജീവനാംഗമാണ്. ആർട്ടിസ്റ്റ് ആന്റ് റൈറ്റേഴ്സ് ഫോറം, ബാംഗ്ലൂർ ഹാസ്യവേദി എന്നീ സംഘടനകളുടെ പ്രസിഡന്റാണ് വി ആർ ഹർഷൻ.
1942 ൽ തൃശൂർ ജില്ലയിലെ വലപ്പാട് ഗ്രാമത്തിൽ ജനിച്ചു. പന്ത്രണ്ട് വർഷം ഇന്ത്യൻ നാവികസേനയിലും ഇരുപത്തഞ്ചു വർഷം എയർ ഇന്ത്യയിലും സേവനമനുഷ്ഠിച്ചു. രണ്ടായിരത്തിൽ സെക്യൂരിറ്റി മാനേജരായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വിരമിച്ചു. അമേരിക്ക, ലണ്ടൻ, സിംഗപ്പൂർ, ചൈന, ബാങ്കോക്, ഹോങ്കോങ്, ഗൾഫ് രാജ്യങ്ങൾ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങീ നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഹർഷന്റെ കവിതാസമാഹാരങ്ങളായ സൂര്യതേജസ്, ഹാസ്യോപഹാരം, ഹാസ്യലേഖനസമാഹാരമായ ഹാസ്യത്തിന്റെ നാനാർത്ഥം, ഹാസ്യകഥകളായ പെണ്ണുകൊള്ളാം പക്ഷേ, സർക്കാർ കാര്യം മുറപോലെ, ആസ്പത്രി കഥകൾ, അതിഥി ദേവോ ഭവ, നോവൽ വിഭാഗമായ പോലീസ് പുരാണം, ആത്മാവിന്റെ തേങ്ങലുകൾ, നിഴലിന്റെ പിറകെ, അവൾ, എയർ ഹോസ്റ്റസ്, ഇംഗ്ലീഷ് കൃതിയായ ട്രെയിഞ്ച് റിയാലിറ്റീസ് വരെ ധാരാളം പുസ്തകങ്ങൾ അദ്ദേഹത്തിന്റെ പേനയില്‍ നിന്ന് പിറന്നു. ബാംഗ്ലൂർ കേരള സമാജം കഥപുരസ്കാരം 1997, യവനിക പുരസ്കാരം 2009, ദൂരവാണി നഗർ പുരസ്കാരം ‑2010, ബാംഗ്ലൂർ മറുനാടൻ വാർത്താ പുരസ്കാരം 2010 എന്നിവ ലഭിച്ചിട്ടുണ്ട്. വാർധക്യത്തിലും ഹാസ്യ രചനയുമായി ജലഹള്ളിയിൽ രാമചന്ദ്രപുര ഹനുമാനിലെ ഔട്ട് മുപ്പതാം നമ്പർ പ്ലോട്ടിൽ താമസിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.