June 11, 2023 Sunday

Related news

March 22, 2023
May 19, 2022
February 26, 2022
December 22, 2021
October 27, 2021
April 19, 2021
February 19, 2021
January 8, 2021
July 20, 2020

ബാങ്ക്, ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണ നയം: കേന്ദ്രം കൈവിട്ടു

ബേബി ആലുവ
കൊച്ചി
March 22, 2023 12:08 am

നടപടികൾ അവസാന ഘട്ടത്തിലെത്തിയ പൊതുമേഖലാ ബാങ്ക്-ഇൻഷുറൻസ് കമ്പനി സ്വകാര്യവല്‍ക്കരണത്തിൽ നിന്ന് താല്‍ക്കാലികമായി കേന്ദ്രം തലയൂരിയതായി സൂചനകൾ. വീണ്ടുവിചാരത്താലല്ല, ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്ക് നടപടി കാരണമായേക്കും എന്ന ആശങ്കയാണ് പിൻമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് പൊതുമേഖലാ ബാങ്കുകളിലെയും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയിലെയും മുഴുവൻ ഓഹരികളും വില്‍ക്കാനും ഈ വർഷം സെപ്റ്റംബറിൽ ലേല നടപടികൾ പൂർത്തിയാക്കാനുമായിരുന്നു നേരത്തേയെടുത്ത തീരുമാനം. റിസർവ് ബാങ്കിൽ നിന്ന് എതിർശബ്ദമുയർന്നെങ്കിലും കേന്ദ്രം കൂട്ടാക്കിയില്ല. നടപടി ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് സ്വന്തം ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലൂടെ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അതിനെ മറികടന്നായിരുന്നു ഓഹരി കൈമാറ്റത്തിനുള്ള നീക്കം.
എസ്ബിഐ ഒഴികെയുള്ള എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കാവുന്നതാണെന്ന മുൻ നിതി ആയോഗ് വൈസ് ചെയർമാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ധനകാര്യ കൗൺസിൽ അംഗവുമായ അരവിന്ദ് പനാഗരിയ അടക്കമുള്ളവരുടെ ശുപാർശയായിരുന്നു കേന്ദ്രത്തിന്റെ ബലം. അതേസമയം ഓഹരി കൈമാറ്റത്തിന് ഉന്നം വയ്ക്കുന്ന രണ്ട് ബാങ്കുകൾ ഏതൊക്കെയെന്ന വിവരം ഗോപ്യമായി സൂക്ഷിക്കുകയുമായിരുന്നു. 

2021–22ലെ ബജറ്റ് അവതരണ വേളയിലാണ് രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ഇൻഷുറൻസ് കമ്പനിയും സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് അതിനായുള്ള നടപടികൾ ശരവേഗത്തിൽ നീക്കുകയും ചെയ്തു. എന്നാൽ, ഇക്കുറി ബജറ്റിൽ വിഷയത്തെക്കുറിച്ച് ധനമന്ത്രി മിണ്ടിയതുമില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കെ, സ്വകാര്യവല്‍ക്കരണ നടപടികളുമായി മുന്നോട്ടു പോകുന്നത് വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന ആർഎസ്എസ് തലപ്പത്തു നിന്നുണ്ടായ മുന്നറിയിപ്പും നരേന്ദ്ര മോഡി, അമിത്ഷാ തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾക്കിടയിലുണ്ടായ ആശങ്കകളുമാണ് മന്ത്രിയുടെ മൗനത്തിനും വിഷയത്തിൽ നിന്ന് ഇപ്പോഴുണ്ടായിട്ടുള്ള താല്‍ക്കാലിക പിന്തിരിയലിനും പ്രേരകമെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. 

തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ വരാനായാൽ, അരവിന്ദ് പനാഗരിയുൾപ്പെടെയുള്ളവരുടെ ഉപദേശ പ്രകാരം മുഴുവൻ പൊതുമേഖലാ ബാങ്കുകളുടെയും ഓഹരി കൈമാറ്റം തടസങ്ങളില്ലാതെ നടത്താം എന്ന ധാരണയും ആർഎസ്എസ്-ബിജെപി നേതൃത്വത്തിനുണ്ട്. 

Eng­lish Sum­ma­ry: Bank and Insur­ance Pri­va­ti­za­tion Pol­i­cy: Cen­ter Gives Up

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.