December 5, 2023 Tuesday

Related news

November 28, 2023
November 26, 2023
October 6, 2023
September 27, 2023
September 4, 2023
September 2, 2023
July 29, 2023
July 14, 2023
June 3, 2023
May 18, 2023

രണ്ടു ലക്ഷം ഒഴിവുകള്‍ നികത്തുക; ബാങ്ക് ജീവനക്കാര്‍ വന്‍ പ്രക്ഷോഭത്തിലേക്ക്

ബാങ്കുകളിലും സംസ്ഥാന തലത്തിലും പണിമുടക്കും
ജനുവരിയില്‍ ദ്വിദിന ദേശീയ പണിമുടക്ക്
Janayugom Webdesk
തിരുവനന്തപുരം
September 27, 2023 9:45 pm

ബാങ്കുകളിലെ രണ്ടു ലക്ഷം ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ടും പുറംകരാര്‍വത്കരണത്തെ എതിര്‍ത്തും എഐബിഇഎയുടെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ വന്‍ പ്രക്ഷോഭത്തിലേക്ക്.

ഡിസംബര്‍ നാല് മുതല്‍ 11 വരെ ബാങ്ക് തല പണിമുടക്കുകളും 2024 ജനുവരി രണ്ടുമുതല്‍ ആറുവരെ സംസ്ഥാനതല പണിമുടക്കുകളും നടക്കും. ജനുവരി 19, 20 തീയതികളില്‍ രണ്ടുദിവസത്തെ അഖിലേന്ത്യാ ബാങ്ക് പണിമുടക്കിനും സംഘടന ആഹ്വാനം ചെയ്തു.
1969ൽ ബാങ്കുകളുടെ ദേശസാൽക്കരണത്തിനു ശേഷം, ഗ്രാമീണ മേഖല ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബാങ്ക് ശാഖകൾ തുറന്നു. ഈ ശാഖാവിപുലീകരണത്തിന് ആനുപാതികമായി, ബാങ്കുകൾ ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ സമീപ വർഷങ്ങളിൽ, ബാങ്കുകളിൽ ഇടപാടുകാരുടെ എണ്ണവും, ബിസിനസും പലമടങ്ങ് വർധിച്ചപ്പോഴും ബാങ്കുകളിൽ മതിയായ നിയമനം നടക്കുന്നില്ല. ജീവനക്കാരുടെ വിരമിക്കൽ, സ്ഥാനക്കയറ്റം, മരണം തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന ഒഴിവുകൾ നികത്തുന്നില്ല. വ്യാപാരം വർധിക്കുന്ന സാഹചര്യത്തിലും കൂടുതൽ ജീവനക്കാരെ ബാഞ്ചുകളിൽ നിയമിക്കാത്ത സ്ഥിതിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ കൂടുതൽ കൂടുതൽ പദ്ധതികൾ ബാങ്ക് അക്കൗണ്ടുകൾ വഴി നടപ്പാക്കിവരികയാണ്. സാമ്പത്തിക ഉൾപ്പെടുത്തലിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകൾ 50 കോടിയിലധികം ജൻധൻ യോജന അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഇതെല്ലാം ബാങ്ക് ബ്രാഞ്ചുകളിലെ ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുന്നു. ബ്രാഞ്ചുകളിലെ ജീവനക്കാരുടെ ഈ രൂക്ഷമായ കുറവ് ഉപഭോക്തൃ സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു, ജീവനക്കാരുടെ കുറവ് അല്ലെങ്കിൽ മതിയായ ജീവനക്കാരുടെ അഭാവം കാരണം ഉപഭോക്താക്കൾക്ക് ശരിയാംവിധം സേവനം നൽകാൻ കഴിയുന്നില്ല. ഇത് ഉപഭോക്താക്കളുമായുള്ള സംഘർഷത്തിനും പരാതികൾക്കും കാരണമാകുന്നു.

ബാങ്കുകളിലെ ക്ലറിക്കൽ, സബോർഡിനേറ്റ് കേഡറിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ഓഫീസർമാരുടെ എണ്ണം വർധിപ്പിക്കാനും സർക്കാരിന്റെയും ബാങ്കുകളുടെയും ഭാഗത്തുനിന്നും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. സംഘടിത തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശ്യം വളരെ വ്യക്തമാണ്. അതുപോലെ തന്നെ വ്യവസായതല ഉഭയകക്ഷി കരാർ പ്രകാരമുള്ള വേതന ഘടന ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കരാറടിസ്ഥാനത്തിൽ ബാങ്കുകളിലെ സ്ഥിരം ജോലികൾ ഔട്ട്സോഴ്സ് ചെയ്യാനുള്ള നഗ്നമായ ശ്രമമാണ് നടക്കുന്നത്. ഇക്കാരണത്താൽ, ബാങ്കുകളിലെ ക്ലറിക്കൽ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് വർഷംതോറും ഗണ്യമായി കുറയുകയും സബോർഡിനേറ്റ് സ്റ്റാഫിന്റെയും ശുചീകരണ ജോലിക്കാരുടെയും നിയമനം ഏതാണ്ട് നിലയ്ക്കുകയും ചെയ്തിരിക്കുന്നു.

രണ്ടു ലക്ഷത്തോളം ഒഴിവുകൾ പൊതുമേഖലാ ബാങ്കുകളിൽ തന്നെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ജോലികൾ ഔട്ട്സോഴ്സ് ചെയ്യപ്പെട്ടാൽ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ വിലപ്പെട്ട അവസരമാണ് നിഷേധിക്കപ്പെടുന്നത്. തൽക്കാലികമായും കാഷ്വൽ അടിസ്ഥാനത്തിലും കൃത്യമായ പ്രതിഫലം ലഭിക്കാതെ ധാരാളം ആളുകൾ ജോലി ചെയ്യുന്നതായും എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു.

Eng­lish sum­ma­ry; Bank employ­ees go on a mas­sive strike
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.