വീണ്ടും കോടികളുടെ ബാങ്ക് തട്ടിപ്പ്

Web Desk
Posted on July 18, 2019, 11:15 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വീണ്ടും കോടികളുടെ ബാങ്ക് തട്ടിപ്പ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് ആന്റ് സിന്ധ് ബാങ്കില്‍ നിന്നും ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ 238 കോടി രൂപ തട്ടിയെടുത്തു.
ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് ഫണ്ട് വഴിതിരിച്ചുവിട്ടുവെന്ന് ആരോപിച്ച് ഫോറന്‍സിക് ഓഡിറ്റ് അന്വേഷണ കണ്ടെത്തലുകളുടെയും, കമ്പനിക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും എതിരെ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന്റെയും അടിസ്ഥാനത്തില്‍ 238.30 കോടിയുടെ തട്ടിപ്പ് ആര്‍ബിഐക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വായ്പ നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി കമ്പനി ബാങ്ക് ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതായും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
കമ്പനി ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് ഫണ്ട് വഴിതിരിച്ചുവിട്ടുവെന്നാരോപിച്ച് ബിഎസ്പിഎല്‍ 1,774.82 കോടി രൂപ തട്ടിയെടുത്തതായി അലഹബാദ് ബാങ്ക് കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നു.
ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ 3,805.15 കോടി രൂപ തട്ടിപ്പ് നടത്തിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) നേരത്തെ റിസര്‍വ് ബാങ്കിനെ അറിയിച്ചിരുന്നു. 2007 മുതല്‍ 2014 വരെ 33 ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 47,204 കോടി രൂപ വരെ വിവിധ വായ്പാ സൗകര്യങ്ങള്‍ ഈ കമ്പനി നേടിയിട്ടുണ്ടെന്നും തിരിച്ചടവില്‍ വീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്.