അക്കൗണ്ട് ഉടമയുടെ പിഴവുമൂലമല്ല പണം നഷ്ടപ്പെടുന്നതെങ്കിൽ ഉത്തരവാദിത്തം ബാങ്കിനു തന്നെ. ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനാണ് ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്.
മഹാരാഷ്ട്രയിൽനിന്നുള്ള ജെസ്ന ജോസിന് അനുകൂലമായി ജില്ലാ, സംസ്ഥാന ഫോറങ്ങൾ നൽകിയ ഉത്തരവിനെതിരേ എച്ച്ഡിഎഫ്സി ബാങ്ക് നൽകിയ ഹർജി തള്ളിയാണു ദേശീയ ഫോറത്തിന്റെ വിധി. പ്രവാസിയായ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടതിനു ബാങ്ക് നടപടിയെടുക്കാത്തതിനെതിരെയാണു ജെസ്ന ജില്ലാ ഫോറത്തിൽ പരാതി നൽകിയത്.
ഫോറെക്സ് കാർഡുള്ള ജെസ്നയുടെ അക്കൗണ്ടിൽനിന്ന് 6000 യുഎസ് ഡോളറാണു പിൻവലിക്കപ്പെട്ടത്. കാർഡ് സുരക്ഷിതമായി വയ്ക്കാതിരുന്നതും ഇടപാടുകളെക്കുറിച്ച് എസ്എംഎസ് സന്ദേശം വേണ്ടെന്ന് അക്കൗണ്ട് ഉടമ തീരുമാനിച്ചതുമാണു പ്രശ്നത്തിനു കാരണമെന്നു ബാങ്ക് വാദിച്ചു.
എന്നാൽ കാർഡ് മോഷ്ടിക്കപ്പെട്ടെന്നു തെളിവില്ലാത്തപ്പോൾ ഉത്തരവാദിത്തം ബാങ്കിനു തന്നെയാണെന്നും അക്കൗണ്ട് ഉടമയുടേതല്ല പിഴവെങ്കിൽ ഉത്തരവാദിത്തം ബാങ്കിനെന്ന് റിസർവ് ബാങ്ക് 2017 ജൂലൈ ആറിന്റെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുമുണ്ടെന്നും ദേശീയ ഫോറം അംഗം ജി. വിശ്വനാഥൻ ഉത്തരവിൽ വ്യക്തമാക്കി.
ബാങ്ക് 6,110 ഡോളറിനു തുല്യമായ ഇന്ത്യൻ രൂപയും 12 ശതമാനത്തിനു പലിശയും അക്കൗണ്ട് ഉടമയ്ക്കുണ്ടായ മാനസികപ്രയാസത്തിനു 40000 രൂപയും കേസ് നടത്തിപ്പു ചെലവായി 5000 രൂപയും നൽകണമെന്നു ജില്ലാ ഫോറം വിധിച്ചു. ഇതിനെതിരേ ബാങ്ക് നൽകിയ അപ്പീൽ സംസ്ഥാന ഫോറം തള്ളി.
ENGLISH SUMMARY: BANK HAVE THE RESPONSIBILITY FOR LOSING MONEY FROM ACCOUNT
YOU MAY ALSO LIKE THIS VIDEO